Sunday, October 5, 2014

ശ്വേതാക്ഷരങ്ങളുടെ കൂട്ടുകാരികൾ

  ശ്വേതാക്ഷരങ്ങളുടെ കൂട്ടുകാരികൾ            
മനുഷ്യൻ ആത്മാവിഷ്ക്കാരത്തിനായി പല പല മാധ്യമങ്ങൾ സ്വീകരിക്കുന്നു. സംഗീതം,നൃത്തം, സാഹിത്യം, പ്രസംഗം, ഡയറിക്കുറിപ്പുകൾ അങ്ങിനെ നീളുന്നു സാധ്യതകളുടെ  വാതിലുകൾ. വർത്തമാനകാലത്ത്‌ ഏറ്റവും പുതിയ ആവിഷ്ക്കരണ ഇടങ്ങളിൽ നാമെത്തി നില്ക്കുന്നു. ഇന്റർനെറ്റിന്റെ വിപ്ളവാത്മകമായ വളർച്ചയുടെ പടവുകൾ അതിദൂരം ഓടി ക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും നൂതന തരംഗങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള ത്വരയിലാണ് ` ആധുനിക സമൂഹവും മാനസികവാർദ്ധക്യം ബാധിക്കാത്ത പഴയ തലമുറയും. വിരൽത്തുമ്പൊന്നമർത്തിയാൽ ഏതു ഭ്രമണപഥത്തേയും അവനവന്റെ സ്വാധീനവലയത്തിലാക്കാൻ സാധിക്കുന്ന ശാസ്ത്രരംഗങ്ങളും ഇന്നു ദന്തഗോപുരങ്ങൾ കീഴടക്കിയിരിക്കുന്നു. അവനവന്റെ ഇച്ഛക്കും ചോദനക്കുമനുസരിച്ച്‌ സ്വന്തമായ ഇടങ്ങൾ അഥവാ പ്ളാറ്റുഫോമുകൾ വാർത്തെടുക്കാവുന്ന സ്വാതന്ത്ര്യം നേടിയെങ്കിലും അത്‌ ലോകനന്മക്കായി തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അക്രമങ്ങളും, അസ്വസ്ഥകളും ആളിപ്പടരുന്നു.

നവയുഗ മാധ്യമസമൂഹങ്ങളായ ഗൂഗിൾ, ട്വിറ്റർ,ഫെയ്സ് ബുക്ക്,ബ്ളോഗ് വിവിധ പേരുകളി ൽ സോഷ്യൽ കമ്മ്യൂണിറ്റികൾ രൂപം കൊണ്ടിരിക്കുന്നു. വാ മൊഴിയിൽ നിന്നുംവരമൊഴിയിൽ നിന്നുംതിരമൊഴിയിലേക്ക് അക്ഷരങ്ങൾ അല്ഭുതകരമാം വിധം ചേക്കേറി യിരിക്കുന്നു. സ്വന്തം അഭിപ്രായങ്ങളും, ആശയങ്ങ ളും കുറിച്ചിടുന്ന ബ്ളോഗെഴുത്തിൽ എഴുത്തുകാരനും, പത്രാധിപരും, പ്രസാധകനും ഒരാൾതന്നെയാവുന്നു. രചനകൾ പ്രസിദ്ധീ കരിക്കുമ്പോഴേക്കും അഭിപ്രായങ്ങൾ താഴെ കമന്റുകളായി രൂപപ്പെടുന്നു. അതെത്രത്തോളം നിലവാരമർഹിക്കുന്നു എന്നത്‌ മറ്റൊരു ചോദ്യമാകാം. ഇതിൽ ഗൌരവമുള്ളതും,ഇല്ലാത്തതും കാണാം. മറ്റൊരു വശം എഴുതുന്നവരെല്ലാം എഴുത്തുകാരാവുന്നു എന്നതുമാണ്‌. എന്നാലും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല. പക്ഷേ അത്‌ അവനവനിലൊതുങ്ങാതെ ഒരു സമൂഹത്തിനെ, ലോകത്തിനെ ചിന്തിപ്പിക്കുന്നതിനോ, പ്രബുദ്ധതയിലേക്കു  നയിക്കുന്നതിനോ ആകുമ്പോള്‍   അക്രമങ്ങളും, നിരോധനങ്ങളും , മുറവിളികളും  ഉയരുന്നു. അത്‌ രാഷ്ടത്തെയാകമാനം ഗ്രസിക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടാനുള്ള തന്ത്രങ്ങൾ അണിയറയിലൊരുങ്ങുന്നു. ലോകത്തിനു നേരെ ചോദ്യശരങ്ങളെയ്യുന്ന നാക്കിനെ  ച്ഛേദിച്ചുകളയുന്നു. 
സ്ത്രീവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനും, സ്ത്രീകൾക്കെതിരെയുള്ള എല്ലാതരം കയ്യങ്കളികൾക്കും ശക്തമായ സമരമൂറയിലൂടെ വിരാമം കുറിക്കാൻ ശ്രമിക്കുമ്പോഴും ,അക്രമങ്ങൾ അവിരാമമായിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ നേർക്കാഴ്ച്ചകൾ സൂചിപ്പിക്കുന്നത്‌. അതിലെ  പ്രത്യക്ഷോദാഹരണങ്ങളില്‍ ഒന്നാണ്  സ്വാത് താഴവരയിലെ-ഗ്രീഷ്മത്തിലും ചിരിച്ചു നില്ക്കുന്ന ചോളവയലുകൾക്കിടയിലൂടെയും, ചോളപ്പൂക്കളോടു കിന്നാരം പറഞ്ഞും, കൂട്ടുകാരികൾക്കൊപ്പം കിലുക്കാം പെട്ടി പോലെ ഉല്ലസിച്ചു തന്റെ രാപ്പകലുകളെ അർത്ഥവത്താക്കിയ മലാല യൂസഫ്സായ് എന്ന 13കാരിക്കു നേരെ നടന്ന അതിക്രമം. സ്വാത് താഴ്‌വര വിഷാദത്തിന്റെ കരിനീലത്തടാകത്തിൽ മുങ്ങുമ്പോഴെല്ലാം ആഹ്ളാദത്തിന്റേയും, അറിവിന്റേയും വെള്ളി വെളിച്ചമായി കൂട്ടുകാർക്കിടയിലേക്ക് മലാല എന്ന പെൺകുട്ടി പരന്നൊഴുകി. സ്വാത് ലെ മാലാഖയായി അവൾ ചിറകുകൾ വീശി പറന്നുനടന്നു. യാതൊരു വിധ വിലക്കുകൾക്കും അവളുടെ മനസ്സിനെ തളക്കാനായില്ല. ‘മലാല’ എന്ന ഉറുദു വാക്കിനർത്ഥം ‘ദുഃഖം ഒപ്പിയെടുക്കുന്നവൾ“ എന്നാണ്‌. സ്വാതന്ത്ര്യം സ്വപ്നം  കാണുന്ന ,അക്ഷരദാഹിയായ കൂട്ടുകാരികൾക്കവൾ സ്നേഹത്തിന്റെ മാടപിറാവായി. അവളുടെ   അര്‍ത്ഥ ഗര്‍ഭമായ  കുറുകലുകൾ ലോകമനസ്സാക്ഷിയെ ഉണർത്തുവാ ന്‍ പര്യാപ്തമായി. . വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ മനൊഹരമായ സ്വാത് താഴവരയിലെ മിംഗോറ പട്ടണത്തിൽ മാതാപിതാക്കളോടും കൂട്ടുകാരികളോടും,സഹോദരർക്കും ഒപ്പം കഴിഞ്ഞുവരുന്ന വേളയിലാണ്‌ മിന്നൽ പിണറിന്റെ വേഗതയോടെ  ശത്രുക്കൾ അവളെ ആഞ്ഞു കൊത്തിയത്‌. അതു നാടിനെയാകെ പൊള്ളിച്ചു. ആദ്യം തന്നെ നിഷേധിച്ചത്` സ്ത്രീപള്ളിക്കൂടങ്ങളായിരുന്നു. സ്വാത് ന്റെ മുക്കും മൂലയും നിശ്ശബ്ദ ഭീകരതയിൽ അമർന്നുപോയി. ലോകം സ്വയം ചുരുങ്ങി...... ഇരുണ്ട ഇടങ്ങളി ലേക്ക്.! ആ സംഭവങ്ങൾ മലാലയുടെ ധാർമ്മികരോഷത്തെ ഉണർത്തി. അ ടിസ്ഥാനമായി ഒരു പൌരനു ലഭിക്കേണ്ട വിദ്യാഭായാസത്തിനാണ് ` വിലക്കേർപ്പെടുത്തിയിരിക്കുന്നത്.` ഊണിലും ,ഉറക്കത്തിലും അവളുടെ ചിന്തകളിൽ തീപ്പൊരികൾ ചിതറി ക്കൊണ്ടിരുന്നു. അവൾ ധീരമായി നിലവിലുള്ള അവ്യവസ്ഥകൾക്കെതിരെ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു. ’ഗുൽമക്കായ്‘(ചോളപ്പൂവ്‌) എന്ന പേരിൽ രചനകൾ നടത്തി. സ്വാത് താഴ്വരയുടെ മുഖമുദ്ര വിളിച്ചോതുന്നതായിരുന്നു പൂത്തുലഞ്ഞു നിന്നിരുന്ന ചോളപ്പൂക്കൾ. പതിനൊന്നുകാരിയായ ആ പെൺകുട്ടിയുടെ തൂലികയിൽ നിന്നുതിർന്നു വീണത്‌ സങ്കടങ്ങളുടെ പെരുമഴയായിരുന്നു.തുറന്ന പോരാട്ടങ്ങളില്ലാതെ സ്വാതന്ത്ര്യവീഥികളുടെ വിജയപതാകകൾ ഉയർത്താനാവില്ല. മലാലയുടെ  അക്ഷരങ്ങളിലൂടെ അധിനിവേശത്തിന്റെ ക്രൂരപ്രവർത്തനങ്ങൾ പുറം ലോകം അറിയുകയായിരുന്നു.

അലമാരയിൽ ഉറങ്ങുന്ന പുസ്തകങ്ങളേയും, യൂണിഫോമിനേയും നോക്കി അവളിൽ നെടുവീർപ്പുകളുയർന്നു. സ്ക്കൂളിൽ പോകാനാവാതെ എപ്പോഴാണ് ` ഭീകരവാദികളുടെ സ്ഫോടനങ്ങളെന്നറിയാതെ ഞെട്ടിയുണരുന്ന രാത്രികളെക്കുറിച്ചവൾ എഴുതി. മലാലയുടെ പിതാവ് സയ്യുദ്ദീൻ യൂസഫ് സായ് മിംഗോറിയയിലെ വിദ്യാഭ്യാസമേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. യുദ്ധവും, ഭീകരപ്രവർത്തനങ്ങളും മുറുകുമ്പോൾ പലപ്പോഴും  മലാലയ്ക്കും,കുടുംബത്തിനും ബന്ധുവീടുകളെ ആശ്രയിക്കേണ്ടി വന്നു. തിളച്ചുമറയുന്ന സംഭവങ്ങളിലൂടെ നടന്നു തന്നെ ആ കൊച്ചുപെൺകുട്ടി പ്രതികരണശേഷി നേടിയെടുത്തു.  ആശയങ്ങളും, അഭിപ്രായങ്ങളും അവൾ തുറന്നടിച്ച്‌ എഴുതി. അതിന്റെ ഫലമായി ഭീകരരെ തുരത്തി വീണ്ടും സ്ക്കൂളുകള്‍  തുറന്നു പ്രവർത്തനമാരംഭിച്ചു. പഠിച്ചു ഡോക്ടറാകണമെന്നു തീരുമാനിച്ചിരുന്ന മലാല തന്റെ തീരുമാനം മാറ്റിക്കുറിച്ചു,“എനിക്കൊരു സ്വപ്നമുണ്ട്`. പ്രതിസന്ധികൾ കൂടെപ്പിറപ്പായ എന്റെ രാജ്യത്തെ രക്ഷിക്കാൻ എനിക്കൊരു രാഷ്ട്രീയപ്രവർത്തകയാവണം.”...ഈ അറിയിപ്പുകൾക്കു പിന്നിൽ മലലയാണെന്നു തിരിച്ചറിഞ്ഞപ്പോൾശത്രുക്കള്‍ കത്തിലൂടെയും, ഫോണിലൂടെയും വധഭീഷണികൾ മുഴക്കി. അപ്പോഴും ആ പെൺകിടാവ് തെല്ലും കുലുങ്ങാതെ പറഞ്ഞു," ചെയ്യുന്നത്‌ ശരിയായ കാര്യമാണെന്ന് എനിക്കു ബോധ്യമുണ്ട്‌. ജനങ്ങൾക്കു വേണ്ടിയാണ്  ഞാൻ പ്രവർത്തിച്ചിരുന്നത്‌." ‘ഈ ആദർശ ധീരതക്കു നേരെയാണ്  അക്രമികള്‍  നിറയൊഴിച്ചത്‌. അവൾ ലോകത്തിനുവേണ്ടി അറിവിന്റേയും ,പുരോഗനത്തിന്റേയും, നന്മയുടെയും വഴികൾ തുറന്നുതരാനാണ് ശ്രമിച്ചത്‌. എത്രയൊക്കെ ശരശയ്യകളേറ്റിട്ടും ആ കുരുന്നുഹൃദയം സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി പല രീതിയിൽ ഉറച്ച തീരുമാനത്തോടെ ധീരമായി പ്രവർത്തിച്ചത്‌` ശത്രുക്കളുടെ ഉറക്കം കെടുത്തി.2012 ഒക്ടോബർ ഒൻപതിനായിരുന്നു അപ്രതീക്ഷിതമായി ഭീകരർ മലാലയുടെ തല ലക്ഷ്യമിട്ട് വെടിയുതിർത്തത്‌. ബുള്ളറ്റ് പാഞ്ഞുകയറിയത്‌ നെറ്റിത്തടത്തിലേക്കാണ്‌. സമാധാനത്തോടെ ജീവിക്കുവാനുള്ള അടിസ്ഥാന അവകാശത്തിനുവേണ്ടി പോരാടിയ മലാല യൂസഫ് സായ് എന്ന പാക്കിസ്ഥാനി പെൺകുട്ടിക്ക് താലിബാൻ നല്കിയത്‌ ലോകമനസ്സാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതരത്തിലാണ്‌  അറിഞ്ഞത്`. ബ്രിട്ടനിലെ ആശുപത്രിയിൽ ജീവിതത്തിനും മരണത്തിന്നും ഇടയിലെ അബോധത്തീരങ്ങളിൽ മല്ലടിക്കുമ്പോൾ അവൾക്കു വേണ്ടി ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയുമുണ്ടായിരുന്നു. അവള്‍  ലോകനന്മക്കായി ജന്മം കൊ ണ്ടവളാണ് . അങ്ങിനെയുള്ളവരുടെ ജീവൻ ആരാലും ഹനിക്കാനാകില്ല. ലോകജനതയുടെ കണ്ണീരും, പ്രതീക്ഷയും, പ്രത്യാശയുമായ മലാല ജീവിതത്തിലേക്ക്   തിരിച്ചെത്തി കൂടുതൽ ഉർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.ലോകസൃഷ്ടാവിനോട് നന്ദി രേഖപ്പെടുത്താം.  ധർമ്മമാണ്‌`എപ്പോഴും ജയിക്കുക. ഭീകരതക്കെതിരെ പോരാട്ടത്തിന്റെ ലോകമുഖമായി മാറി ഈ പെൺകുട്ടി. യുഗങ്ങളിൽ അധഃപതനങ്ങളേറു മ്പോൾ അതിനെ ഉദ്ധരിക്കാനും പുനർനിർമ്മിക്കാനും നന്മയുടെ ആള്‍ രൂപങ്ങൾ ജനിക്കാറുണ്ട്‌. അവരുടെ ജീവിതം ഉണ്മയുടെ സംസ്ഥാപനമാണ്‌. സ്വതന്ത്ര്യത്തിന്റെ ശുക്രനക്ഷത്രമായി മലാല വരുംകാലങ്ങളിൽ വിരാജിക്കും.അതിനുള്ള ആയുരാരോഗ്യങ്ങൾ ആ കുഞ്ഞിനു ലഭിക്കട്ടെ.

ഈ സംഭവത്തിനോട് സമാനത പുലർത്തുന്ന മറ്റൊരു കഥാപാത്രമാണ്‌` ചരിത്രത്തിന്റെ മുൻതാളുകളിൽ സ്ഥാനം പിടിച്ച ആൻ ഫ്രാങ്ക് എന്ന പതിമൂന്നുകാരി പെൺകുട്ടിയുടേത്‌.ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റലറുടെ കാലത്ത്‌ ജീവിച്ച് മരിച്ച ആൻ ഫ്രാങ്ക്. രാഷ്ട്രീയ പ്രതിയോഗികളേയും,സ്വന്തം കഷിയിലെ തന്നെ വഴങ്ങാത്ത അംഗങ്ങളേയും ഹിറ്റലർ നിഷ്ക്കരുണം കൊന്നൊടുക്കി. അന്നത്തെ ആ ഭീകരാന്തരീക്ഷത്തെയാണ്  വളരെ ധൈര്യപൂർവം ആൻ ഫ്രാങ്ക് കൂട്ടുകാരിയെപ്പോലെ കരുതിയിരുന്ന തന്റെ ഡയറിത്താളുകളിൽ അടയാള പ്പെടുത്തിയത്‌.അപകടകരമായ വൈരാഗ്യവും, അന്ധമായ മതവിശ്വാസവും വെച്ചു പുലർത്തിയിരുന്ന ആളായിരുന്നു  ഹിറ്റ് ലറെന്ന്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അനേകലക്ഷം ജൂതന്മാരിൽ കൊന്നൊടുക്കിയതിൽ ആൻ ഫ്രാങ്കിന്റെ കുടുംബവും  അകപ്പെട്ടിരുന്നു. ഡച്ചുകാരേയും, നോർവ്വെ,ഡെൻമാർക്ക്, പോളണ്ട്`,റഷ്യ മുതലായ രാജ്യങ്ങളിലെ ജനങ്ങളെ നരകിപ്പിച്ചതിനു കണക്കില്ല. ലോകമനസ്സാക്ഷിയെ പിടിച്ചുലക്കും വിധം തനിയാവർത്തനങ്ങളിലൂടെ നീങ്ങുകയാണ്‌ ചരിത്രം വർത്തമാനകാലത്തും. അപലപനീയമായ ദുഷ്ഭരണത്തെ ആന്‍  പകർത്തിവെച്ചത്‌ കടലാസുതാളുകളിലായിരുന്നു. മനുഷ്യരേക്കാൾ സഹിഷ്ണുതയുണ്ട്‌ കടലാസിന്‌ എന്ന് ആൻ ഫ്രാങ്ക് തിരിച്ചറിഞ്ഞു. കളിപ്പാട്ടങ്ങളുടെയും,ചോക്ളെറ്റിന്റേയും കൂട്ടുകാരികളായി മാറേണ്ട ബാല്യകാലത്താണ്‌ ഈ കുട്ടികൾ  രാഷ്ട്രത്തിനു വേണ്ടി പോരാടുന്നത്‌. അതിന്‌ അസാധാരണ ശക്തിവിശേഷം ആവശ്യമാണ്‌. അവരുടെ ഉള്ളിലുള്ള രാഷ്ട്രബോധവും ധർമ്മബോധവും, സ്ഥൈര്യവുമാണ്‌ അവരെക്കൊണ്ട്‌ ഇങ്ങിനെ ചെയ്യിപ്പിക്കുന്നത്‌. . പക്ഷേ, മലാലയെപ്പോലെ ജീവിച്ചിരിക്കുമ്പോൾ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയിരുന്നില്ല. അവരുടെ മരണശേഷമാണ്‌ അവയെല്ലാം കണ്ടെത്തിയത്‌. അതിലൂടെ സഞ്ചരിക്കുമ്പോളറിയാം ബാലിശമായ ബുദ്ധിയിൻ നിന്നല്ല ആ അക്ഷരങ്ങളുടെ പിറവിയെന്ന്‌.ചിന്തയുടെ ചിന്തേരിട്ടു മിനുക്കിയ വാക്കുകളായിരുന്നു അവ. ആ പ്രായത്തിലും അവർ കാണുന്ന സ്വപനം ലോകസമാധാനത്തിന്റെ കാറ്റു വീശാനായിരുന്നു. ഡയറി എഴുതുന്നതിനെക്കുറിച്ച്‌ ആത്മവിശകലനം ചെയ്യുന്ന ആൻ ഫ്രാങ്കിന്റെ ചിത്രം തെളിവുറ്റതാണ്‌.  . എഴുതാൻ പറ്റാത്ത അവസ്ഥയിലെഴുതുന്നതാണ്‌` ഉദാത്തമാകുന്നത്ത്‌.ആൾക്കൂട്ടത്തിലെ ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ആദ്യകാലത്ത്‌ ആനിന്‌ ഡയറിയെഴുത്ത്‌. പിന്നീടതു ജീവിതത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത നിർവ്വചനമായി മാറി. ഒരു കൂട്ടുകാരിയോട് മനസ്സു തുറക്കുന്ന ലാഘവത്വത്തോടെ,തന്നെയും ലോകത്തേയുംസ്പർശിച്ച ഓരോ മുഹൂർത്തങ്ങളും ഡയറിയിൽ കുറിച്ചിട്ടു. സ്വയം ഏറ്റെടുത്ത ഒരു പ്രതിബദ്ധത തന്നെയായിരുന്നു ആ സ്വഭാവവിശേഷം. പ്രായത്തില്‍ക്കവിഞ്ഞ മനോബലം ആൻ നേടിയെടുത്തിരുന്നു.

വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ  നാസി തടവറയിൽ വെച്ച്‌ ടൈഫ്സ് പിടിപെട്ട് ആൻ ഫ്രാങ്ക് അന്ത്യം വരിച്ചു. ആ യഹൂദപെൺകുട്ടിയുടെ ധീരതയാൽ ചരിത്രത്തിനു ലഭിച്ചത്‌ ഒരു കാലത്തു നടമാടിയിരുന്ന ദുഷ്പ്രഭുത്വഭരണത്തിന്റെ രേഖകളാണ്‌. വാക്കു അഗ്നിയും, അമൃതുമാണ്‌..അക്ഷര വീര്യങ്ങളിലൂടെ നിലവിലുള്ള ഉച്ഛനീചത്വങ്ങളെ അടയാളപ്പെടുത്തി പുതിയ ദിശാബോധം നല്കിയ ധീരതയുടെ പര്യായങ്ങളാണ്‌ സ്വാത്തിലെ  നക്ഷത്രമായ മലാലയും, ആൻ ഫ്രാങ്ക് എന്ന യഹൂദപെൺകിടാവും. വരുംകാല ചരിത്ര രേഖകളി ൽ ആൻ ഫ്രാങ്കിനെപ്പോലെ തന്നെ മലാലയുടെ നാമവും തങ്കലിപികളാൽ കുറിക്കപ്പെടുമെന്നതിനു സംശയമേതുമില്ല. ഇവരെപ്പോലുള്ള രാഷ്ട്രസ്നേഹികൾക്കേ ചരിത്രത്തിലും, വർത്തമാനത്തിലും പറ്റിപ്പിടിക്കുന്ന ഇരുൾപ്പാടുകൾ മായ്ച്ച്‌ ശ്വേതാക്ഷരങ്ങൾ കുറിച്ചിടാനാവു....!`

2-

വൈലോപ്പിള്ളിക്കവിതയിലെ ഊര്‍ജ്ജപ്രവാഹം

വൈലോപ്പിള്ളി
 ‍പന്തങ്ങള്‍ - ആസ്വാദനം

ഇന്ദിരാബാലന്‍


വാക്കുകള്‍ ശക്തിവിശേഷമുള്ളതാണ്. അത്, അമൃത്പോലെ തണുപ്പാര്‍ന്നതും, അഗ്നിപോലെ കരുത്തുറ്റതും, തെളിച്ചവും ഉള്‍ക്കരുത്തും, ആത്മവിശ്വാസവുമോകുവാന്‍ പര്യാപ്തവുമാണ്. വാക്കു കളെന്നാല്‍  നല്ല വാക്കുകള്‍ എന്നര്‍ത്ഥം. നല്ലവാക്കു കളല്ലെങ്കില്‍ അത് ഹൃദയത്തില്‍ വ്രണമേല്പിക്കുന്നു. ഒരിക്കലും മാഞ്ഞു പോകാതെ വേദനാജനകമായി അവശേഷിക്കും. 

നല്ല വാക്കുകള്‍ നല്ല സന്ദേശങ്ങളാകുന്നു. അത് ജീവിതത്തിന്റെ തളര്‍ച്ചയെ മാറ്റി കൂടുതല്‍ ജാജ്ജ്വല്യമാനമാക്കും  . . സാഹിത്യവും കലയുമെല്ലാം സമൂഹത്തിനെ, മനുഷ്യമനസ്സുകളെ വിമലീ കരിക്കാനുള്ളതാണ്. നല്ലകലയും, നല്ല സര്‍ഗ്ഗ സൃഷ്ടികളും, മനസ്സിലടിഞ്ഞു കൂടിയ മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ശുദ്ധീകരിച്ചെടുക്കുന്നു. അത്തരത്തില്‍ എന്റെ മനസ്സിന് ഏറ്റവും കരുത്തേകുന്ന ഒരു കവിതയാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ  "പന്തങ്ങള്‍'' എന്ന കവിത. "ശ്രീരേഖ'' എന്ന അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തെ ഏറ്റവും കൂടുതല്‍  തേജോമയ മാക്കുന്നത് "പന്തങ്ങള്‍'' എന്ന കവിത തന്നെയാണെന്ന് സംശയമന്യേ പറയാം.

കവിതാ രചനയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ വൈലോപ്പിള്ളി നവയുഗ സംസ്കാരത്തിന്റെ പ്രവക്താവായി ഉയര്‍ന്നു നില്‍ക്കുന്നു. മാനവികതയുടെ സംപ്രേഷണത്തിലൂടെ പുതുയുഗപ്പിറവിക്ക് നേതൃത്വം നല്കാനാണ് വൈലോപ്പിള്ളി ശ്രമിച്ചത്. മനുഷ്യ ജീവിതത്തില്‍വേരുകളാഴ്ത്തി വിശ്വമാകെ പടര്‍ന്നു നില്ക്കുന്ന കാവ്യപ്രപഞ്ചമാണദ്ദേഹത്തിന്റേത്.

.  ഉല്‍പ്പതിഷ്ണുത്വത്തിന്റെ ക്രിയാംഗങ്ങള്‍ വൈലോപ്പിള്ളി ക്കവിതകളെ ഉദാത്തമാക്കുന്നു. ജീവിതത്തിന്റെ അജയ്യത അദ്ദേഹം വീണ്ടും വീണ്ടും ഉദ്ഘോഷണം ചെയ്യുന്നു.

"ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍''

എന്നെഴുതിയ കവി ജീവിതം ദുഃഖസങ്കുലമെങ്കിലും നിരന്തര പരിണാമ ങ്ങളിലൂടെ അത്, ആനന്ദ ദായകവും,ഉല്‍കൃഷ്ടവും ആയിത്തീരുമെന്ന് ഉദ്ഘോഷിക്കുന്നു. മൃത്യുചിന്ത കവിയെ ഒരിക്കലും നിഷ്ക്രിയനോ, നിസ്സംഗനോ ആക്കുന്നില്ല.

"ഏറിയ തലമുറയേന്തിയ   പാരില്‍
വാരൊളി മംഗള കന്ദങ്ങള്‍''

.......എന്ന വരികളിലൂടെ പുതിയ തലമുറയ്ക്ക് നല്കുന്നത് ആത്മ വിശ്വാസത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളാണ്. പിതാമഹര്‍ കാട്ടിന്റെ നടുവില്‍ നിന്നും നേടിയെടുത്ത ചിന്താ ശക്തിയുടെ വാളു കണ ക്കെയുള്ള തീനാളങ്ങളാണ് കവി ചെറുകയ്യുകളോട് വന്നെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത്. കൂരിരുട്ടു കണക്കുള്ള ആജ്ഞകളേയും  മാറ്റി-വന്ന അഗ്നിസ്മിതത്തില്‍ കവി കണ്ടതും ആയിരമായിരം പുരോഗമന മനുഷ്യക്കൊടിയുടെ വര്‍ണ്ണ ങ്ങളായിരുന്നു. ആ പന്തങ്ങളാണ്, കാടും, പടലും, വെണ്ണീറാക്കി പുതിയ വഴികളുടെ കനകക്ക്തിരുകള്‍ വിളയിച്ചത്. അറിവിന്റെ തിരികള്‍ കൊളുത്തി ആവേശത്തിന്റെ പ്രസരിപ്പേകി, അധര്‍മ്മ ശതത്തിന്റെ പട്ടടകള്‍ എരിക്കാന്‍ ഈ പന്തങ്ങള്‍ക്ക് കഴിയുന്നു. "കൂരിരുളില്‍ വിരിമാറു പിളര്‍ത്തി, ചോര കുടിക്കുന്ന ദന്തങ്ങളാകാനും ഈ പന്തങ്ങള്‍ക്കു കഴിയുന്നു. ഏതു കാലത്തിന്റെ അന്ത്യത്തിലും പുതിയൊരു കാലത്തിന്റെ നാന്ദികുറിക്കുകയാണ്. ഇവിടെ തുടക്കങ്ങള്‍ മാത്രമേയുള്ളൂ, അവസാനങ്ങളില്ല എണ്ണുവാന്‍ കഴിയാത്ത എത്രയോ പുരുഷായുസ്സുകള്‍ വെണ്ണീറാകാം പുകയാകാം... എന്നിരുന്നാലും പൊലിമയോടെ എന്നും പൊങ്ങി നില്ക്കുന്നതായിരിക്കും, പുത്തന്‍ തലമുറയേന്തുന്ന ഈ പന്തങ്ങള്‍ കത്തുന്ന ഈ പന്തങ്ങള്‍ വിരലാല്‍ ,അവ ചൂണ്ടുന്നത് മര്‍ത്ത്യ  പുരോഗതി മാര്‍ഗ്ഗ ങ്ങളാണെന്നും കവി തീര്‍പ്പു കല്പ്പിക്കുന്നു. മൃഗീയത മരുവുന്ന കാടുകളെല്ലാം കരിയട്ടെ എന്നു പറയുന്ന വരികള്‍ വര്‍ത്തമാനകാലത്തും പ്രസക്തമാകുന്നു. ഇന്നും മൃഗീയത പെറ്റുപെരുകുകയാണ്. അവയെയെല്ലാം നിഷ്കരുണം ഇല്ലാതാക്കാന്‍ കഴിയുന്നവയാണ് ഈ കവിതയിലെ ചിന്തയുടെ 'പന്തങ്ങള്‍'

"വാരുറ്റോരു നവീനയുഗത്തില്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
   അസ്മദനശ്വര പൈതൃകമാമീ
യഗ്നിവിടര്‍ത്തും സ്കന്ദങ്ങള്‍

ആകെയുടച്ചീടട്ടെ മണ്ണിലെ
നാകപുരത്തിന്‍ ബന്ധങ്ങള്‍
          ചോരതുടിയ്ക്കും ചെറുകയ്യുകളെ 
പേറുക വന്നീ പന്തങ്ങള്‍.എന്ന വരികളിലൂടെ കവിത അവസാനിക്കുമ്പോള്‍ ഏതൊരു വായനക്കാരന്റേയും മനസ്സില്‍ ശുഭാപ്തി വിശ്വാസത്തിന്റെ പൊന്‍നാളങ്ങള്‍ തന്നെയായിരിക്കും ഉയരുക. നിരന്തരം അനുരണന മായി മുന്നോട്ട് കുതിച്ചു പാഞ്ഞു പ്രസരിക്കുന്ന ആദര്‍ശോജ്ജ്വലവും ക്രിയാത്മകവുമായ മനുഷ്യ വീര്യത്തിന്റെ അദൃശ്യമായ ജ്വാലാകലാപം തന്നെയാണ് 'പന്തങ്ങള്‍' എന്ന കവിതയില്‍ ദര്‍ശിക്കാനാകുന്നത്.

മറ്റൊന്ന്, ഈ കവിതയുടെ വീക്ഷണം ഉദാരവും സാര്‍വ്വ ദേശീയവുമാണ് മാനവരാശിയെ മുഴുവന്‍ ഒന്നായി കാണാനേ കവികള്‍ക്കാവൂ. അവിടെ അതിര്‍വരമ്പുകളില്ല. ലോകത്തില്‍ നിന്ന് അനീതി ആകെ തുടച്ചു മാറ്റുമ്പോള്‍ അനീതി കാട്ടാന്‍ വിധിക്കപ്പെട്ടവര്‍ വധിക്കപ്പെടേണ്ട വരാണെന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ വൈലോപ്പിള്ളിക്കാവുന്നില്ല. സാമൂഹിക പരിവര്‍ത്തനം സ്നേഹ സുന്ദരപാതയിലൂടെ ആയിരിക്കണമെന്ന് കവി സ്വപ്നം കാണുന്നു. ഒരിക്കലും വാടാത്തതും കെടാത്തതുമായ ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കവി കണ്ണടയ്ക്കുന്നില്ല. പനിനീര്‍പ്പൂവിന്റെ മനോഹാരിതയ്ക്കപ്പുറം അതിന്റെ മുള്ളും കവി തിരിച്ചറിയുന്നു. ഏതിനും രണ്ടുപക്ഷമുണ്ടെന്ന ഒരു യുക്തി ഇവിടെ കടന്നു വരുന്നു. വരുന്ന നവയുഗത്തില്‍ സ്നേഹത്തിന്റെ വാകത്തോപ്പുകള്‍ വിരിയാന്‍ കവി ആശിക്കുന്നു.

നല്ല വാക്കുകള്‍, വരികള്‍ അവ ഹൃദയ ങ്ങളേറ്റെടുക്കും-അതെന്നും ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും അതുപോലെ ഈ കവിത വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സിലും പുതിയൊരൂര്‍ജ്ജത്തിന്റെ രാസപരിണാമം സംഭവിക്കുന്നു. മനുഷ്യന്റെ ആദിമ ചരിത്ര ബോധങ്ങളി ലേക്കാണ് ഈ കവിത വെളിച്ചം വീശുന്നത്.


3-അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം 
ഇന്ദിരാ ബാലൻ

ആരാണ്‌ കവി? ഋഷിയല്ലാത്തവൻ കവിയല്ല.കവി അന്തരാ ദർശിക്കുന്നവൻ,ക്രാന്തദർശി. അറിയുകയും,വർണ്ണിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്നവനാണ്‌ കവി. ഓരോ കവിയും തന്റേതായ ലോകത്തെയാണല്ലൊ സങ്കല്പ്പിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നത്‌. സങ്കൽപ്പനത്തിനും, സംരചനക്കും ഒരു തൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം എന്ന് കാവ്യശാസ്ത്രമതം. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല കവികൾ ജനിക്കുന്നത്‌.യഥാർത്ഥകവിയുടെ സ്വഭാവവിശേഷങ്ങൾ ഇത്തരം ഗുണഗണങ്ങളുമായി സാത്മീഭവിക്കുന്നു. കവികളിലേറെപ്പേരും  അവധൂത തുല്യരായിരിക്കും. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവദീപ്തിയിലിരുന്ന്‌ സർവ്വസാക്ഷിയായി,നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യാൻ അവർ പ്രാപ്തരാണ്‌. ആ ഗണത്തിൽ പെട്ടയാളായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായർ.


ആത്മനിഷ്ഠമായ സ്വച്ഛന്ദവികാരധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാല്പ്പനിക കാവ്യശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്കൃതിയുടെ ഹിമവവത് ശ്രേണിയിൽ ഉറവയെടുത്തത് പി.കവിതകളിലൂടെയാണെന്ന് കണ്ടെത്താം.വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും,സാമൂഹ്യസമസ്യയേയും,വ്യക്ത്യനുഭവത്തേയും  കോർത്തിണക്കി മൂന്നിന്റേയും അന്തർധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാക്കുന്ന നിരവധി കാവ്യങ്ങൾ അദ്ദേഹം മലയാള സാഹിത്യത്തിന്‌ നൽകിയിട്ടുണ്ട്‌.എന്നിട്ടും,ചിലരെല്ലാം പി.യെ കേവലം ഭക്തകവിയാക്കി മുദ്ര കുത്തി. പി.യുടെ ഭക്തി ലോകത്തോടാണ്‌.വിഗ്രഹത്തിലധിഷ്ഠിതമായ സാധാരണ ഭക്തിയോടല്ല.
പരിസ്ഥിതി വിജ്ഞാനം, സ്ത്രീവാദ ചിന്ത,അധിനിവേശ വിരുദ്ധമനോഭാവം, ഇങ്ങിനെ പോകുന്നു  പ്രതിപാദ്യവിഷയങ്ങൾ..ചിരന്തനമായ ഒരന്വേഷണത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ  നിത്യത തേടിയുള്ള  അനുസ്യൂതമായ യാത്ര,.അതായിരുന്നു പി.ക്ക് കവിത. പ്രകൃതി സ്നേഹിയായ അദ്ദേഹം ധാരാളം ഓണക്കവിതകളും എഴുതി. “നിങ്ങളുടെ കവിതയിൽ പ്രകൃതിയുണ്ട്‌,മനുഷ്യനില്ല എന്ന വിമർശനത്തിന്  അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു,”പ്രകൃതിയിൽ അവൻ അടങ്ങുന്നു,“ബുദ്ധിജീവി”യെന്ന്‌ സ്വയം വാഴ്ത്തി ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യൻ,മനുഷ്യൻ, പ്രകൃതി അത്‌ വിശ്വപ്രകൃതിയിലൊതുങ്ങുന്നു“. മനുഷ്യനെ സ്നേഹിക്കുന്ന കവിക്കു മാത്രമേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയു. വ്യക്തിപരതയെ സാമൂഹ്യപരതയായി കണ്ടറിവാനും, മാതൃഭൂമിയെ തന്റെഅമ്മയായികാണാനും,തെരുവുകുഞ്ഞുങ്ങളി ൽ സ്വന്തം മക്കളെ ദർശിക്കാനുമുള്ള ആന്തരിക വിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.അതാണ്‌ ശരിയായ കവിതയും, സാമൂഹികപ്രവർത്തനവും.
സാമൂഹികജീവിതത്തിന്റെ തകർച്ചയേയും,മനുഷ്യന്റെ വികലവും,നിർദ്ദയവുമായ പ്രവർത്തനങ്ങളേയും വിട്ടുവീഴ്ച്ചയില്ലാതെ ഭർത്സിക്കാൻ അദ്ദേഹം തയ്യാറായി. .കപടഭക്തികൾ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചകളും, വേലി തന്നെ വിളവു തിന്നുന്ന അവസ്ഥകളും, സാമൂഹ്യരാഷ്ട്രീയ അപചയങ്ങളും,ആത്മനൊമ്പരങ്ങളുടെ വ്യഥകളും വരച്ചുകാണിക്കുന്ന പ്രമുഖകാവ്യങ്ങളാണ്‌ കളിയച്ഛനും,നരബലിയും .പിയുടെ ജീവിത വീക്ഷണം ഏറ്റവും കൂടുതൽ നിഴലിക്കുന്നത്‌“മൺകുടത്തിന്റെ വില” എന്ന കവിതയിലാണെന്ന് പ്രശസ്ത നിരൂപക ഡോ;എം.ലീലാവതി അഭിപ്രായപ്പെടുന്നു.ഭീമമായ അപരാധം ഏതോ അവ്യാകൃതമായ അന്തഃശ്ചോദനയാൽ ചെയ്യുകയും, പിന്നീടതിന്റെ കാഠിന്യമോർത്ത് അതികഠിനമായി പശ്ച്ചാത്തപിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം അദ്ദേഹത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാപം/ പുണ്യം  ഈ ദ്വന്ദ്വത്തെക്കുറിച്ചുള്ള സംഘർഷം പല കവിതകളിലും ദർശിക്കാം.കേരളീയന്റെ സ്വത്വബോധവും പി.കവിതകളിൽ  കടന്നുവരുന്നുണ്ട് .ദേശീയ പ്രസ്ഥാനത്തിന്  ഊർജ്ജം പകരുന്ന ഈ വരികൾ ശ്രദ്ധിക്കുക,
"വിസ്മരിച്ചാർ തീരെയിവർ
വഴി കാട്ടിയ ദേവനെ
കണ്ണിനു കണ്ണായ്പ്പൊരുളു
 നൽകിപ്പോറ്റിയ സൂര്യനെ "(വെളിച്ചമേ നയിച്ചാലും)
ആദർശമണ്ഡലത്തിലെ ജ്യോതിർമ്മയനായ  ഗാന്ധിജിയെ വിസ്മരിച്ച ജനതയെ കുറ്റപ്പെടുത്തുകയാണ്  കവി ഇവിടെ.  

ആധുനികമനുഷ്യൻ നിർമ്മിച്ച ദേശാതിർത്തികൾ തകർത്ത് വിശ്വപ്രകൃതിയിലെ സകലചരാചരങ്ങളും ഒരുമിച്ചുകഴിയുന്ന ഒരു ലോകത്തെ തന്നെയാണ്‌ കുഞ്ഞിരാമൻ നായരും വിഭാവന ചെയ്തത്‌. ഇടുങ്ങിയതും, വിഭാഗീയവുമായ ചിന്താഗതികളോ,ആശയസംഘട്ടനമോ,പക്ഷപാതിത്വമോ അവിടെയില്ല. “അചേതനങ്ങളെ മാനവീകരിക്കുകയത്രേ കവികർമ്മം”.പുൽക്കൊടിയിൽ പ്രപഞ്ചം ദർശിക്കുന്ന മിസ്റ്റിക് ദർശനം തന്നെയാണിത്‌. തനതംശങ്ങൾ കാലഹരണപ്പെടുമ്പോഴും ലോകത്ത് മാറി വരുന്ന ശാസ്ത്രാഭിമുഖ്യത്തേയും,പുരോഗമനേച്ഛയേയും പി.എതിർത്തിരുന്നില്ല. സ്വാതന്ത്ര്യ ദാഹം, ദേശാഭിമാനം, അധിനിവേശത്തിന്നെതിരേയുള്ള  രോഷം,ഭാഷാപ്രേമം, സംസ്ക്കാരലോപത്തെക്കുറിച്ചുള്ള ആശങ്ക, സ്ത്രീവാദചിന്ത,മാറലകൾ കൊണ്ടു മൂടിയ മാമൂലുകളോടുള്ള  എതിർപ്പ്,സമത്വദർശനം,മാതൃഭക്തി...ഇങ്ങിനെ വൈവിദ്ധ്യപൂർണ്ണമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു പി.യുടെ കാവ്യയാത്ര.മലയാള ഭാഷയുടെ ആർജ്ജവവും, തനിമയും,സമസ്തചൈതന്യത്തോടെ കവിതയിലേക്കാവാഹിച്ച ഈ മഹാപ്രതിഭയെ എങ്ങിനെയാണ്‌ ചില കള്ളികൾക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയുക?ലൌകികമായ മമതാബന്ധങ്ങളെ അവക്ക് വരപ്രദമായ സ്നേഹസൌഭാഗ്യം ഉണ്ടെന്നറിഞ്ഞിട്ടുകൂടി,നിരാകരിക്കുന്ന മനുഷ്യസാധാരണമല്ലാത്ത ചിത്തവൃത്തിക്ക് ഉടമയായിരുന്നുപി. ആന്തരികഘട നയുടെ പ്രത്യേകതയാൽ വിശുദ്ധാശയങ്ങളുടെ സമ്മേളനം കൊണ്ട് അപൂർവ്വാനുഭവമായിരുന്നു ഈ പ്രതിമാനലാവണ്യം.

                                                     
                                                                                                     ഋതുപർണ്ണഘോഷ്


സാധാരണ വ്യവഹാരങ്ങളിൽ നിന്നൊഴിഞ്ഞ്,അസാധാരണമായ മനസ്സും,ചിന്തയും, സർഗ്ഗാത്മകതയും,വിപ്ളവബോധവും സമന്വയിച്ച് പുതിയൊരു ഭാവതരംഗം സൃഷ്ടിക്കപ്പെടുന്നതിലൂടെ മറ്റൊരു സൃഷ്ടി കൂടി നടക്കുന്നു.നവഭാവുകത്വത്തിന്റെ വക്താക്കളായി പ്രതിഭാശാലികളുടെ ജന്മം.അത്തരത്തിലുൾപ്പെടുത്താവുന്ന ഒരാളായിരുന്നു ഇന്ത്യൻ സിനിമാലോകത്തിൽ ഋതുഭാവ തരംഗങ്ങളുണർത്തിയ ഋതുപർണ്ണഘോഷ് എന്ന  വിഖ്യാത ബംഗാളി സംവിധായകൻ.സംവിധായകനായും, നടനായും ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ സർഗ്ഗാത്മ കതയുടെ ഉച്ചസ്ഥായിയിൽ വിഹരിക്കവെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി വിട പറയേണ്ടി വന്ന ഹതഭാഗ്യൻ എന്നും പറയാം. ചെയ്യാനും,ചെയ്തുതീർക്കാനും ഇനിയും എത്രയോ കാര്യങ്ങൾ മുന്നിൽ കിടക്കുമ്പോൾ അവിചാരിതമായി മടങ്ങിപ്പോകേണ്ടി വരുന്നതു ദുഃഖപൂർണ്ണം തന്നെ.
1990കൾക്കു ശേഷം ദേശീയവും,അന്തർദേശീയവുമായ തലങ്ങളിൽ തന്റെ ഭാരതീയത കൊണ്ടും, പ്രമേയപരമായ നൂതനത കൊണ്ടും ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ഋതുപർണ്ണഘോഷിന്റെ സിനിമകൾ പെൺമനസ്സിന്റെ ഉള്ളടരുകളി ലേക്കുള്ള സർഗ്ഗാത്മകസഞ്ചാരമായിരുന്നെന്ന് സി.എസ്.വെങ്കിടേശ്വരൻ.കച്ചവടസംസ്ക്കാരത്തോടും, കലയോടും വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ തനിക്കിഷ്ടമുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ ഋതുവിനു കഴിഞ്ഞു. തന്റെ സിനിമയിലെ അന്വേഷണങ്ങൾ കൂടുതലും “പെൺമയിലേക്കുള്ള പ്രയാണങ്ങളായിരുന്നു.”സ്ത്രീയായും,പുരുഷനായും അഭ്രപാളികളിലൂടെ  ജനസമക്ഷത്തിനു മുന്നിൽ അദ്ദേഹം നിറഞ്ഞു നിന്നു. “ഒന്നിൽ മാത്രം ഒതുങ്ങാത്ത ലൈംഗികസ്വാതന്ത്ര്യത്തിന്റെ പ്രതീകം ”അതാണു ഞാൻ എന്നദ്ദേഹം തുറന്നു പറഞ്ഞു. നിലവിലുള്ള കലാസങ്കൽപ്പങ്ങളോടുള്ള കലഹം തന്നെയായിരുന്നു അത്. 
സ്ത്രൈണതയുടെ അവ്യാഖ്യേയമായ തലങ്ങളിലൂടെ സഞ്ചരിച്ച് , ഋതുഭാവങ്ങൾ പോലെ പെൺമനസ്സിന്റെ ഭാവതരംഗങ്ങൾ  സൂക്ഷ്മ ദൃഷ്ടിയോടെ അനാവരണം ചെയ്യുകയും,സ്ത്രീയുടെ നിരവധി സങ്കീർണ്ണമായ പ്രശ്ന ങ്ങളെ ആവിഷ്ക്കരിച്ച് അസാധാരണ ചാതുരിയോടെ വിസ്മരിക്കാനാവാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്തുകൊണ്ട് അനുവാചകഹൃദയത്തിൽ തിരയിളക്കൾ സൃഷ്ടിച്ചു..  . വെള്ളം പോലെയാണു ഞാൻ,സ്ത്രീയുടെ പാത്രത്തിലൊഴിക്കുമ്പോൾ ആ രൂപം, പുരുഷന്റേതാണെങ്കിൽ അവന്റേതും” .ഇത്‌ ഒരു അസാധാരണ പ്രതിഭക്കു മാത്രം കഴിയുന്ന ശക്തിവിശേഷമാണ്‌. അതു തന്നെയാണു  ശരിയായ കലാകാരനും. ഏതു കഥാപാത്രമാകുന്നുവോ ,ആ കഥാപാത്രത്തിന്റെ   മനസ്സിലേക്കും ശരീരത്തിലേക്കും അർപ്പണമനോഭാവത്തോടെയുള്ള ആഴ്ന്നിറങ്ങൽ.ഋതുവിന്റെ സിനിമകളിൽ സ്ത്രീമനസ്സിന്റെനിറയലുകളും,ഉൾപ്പിരിവുകളും,പൂക്കലുകളും,വിരഹങ്ങളും,ഉള്ളുരുക്കങ്ങളും,നിരാസങ്ങളും തുടങ്ങി നിരവധി ഭാവഭേദങ്ങൾ കാറ്റായോ, കനലായോ, ഘനീഭവിച്ചോ,കല്ലായോ, കയമായോ നിറഞ്ഞു നിന്നു. ഘനീഭൂതമാകുന്ന  അന്തസംഘർഷങ്ങൾ സിനിമ കണ്ടിറങ്ങുന്നവരിലും തളം കെട്ടികിടന്നു.

ഉഭയലൈംഗികതയുടെ ആഖ്യാനയുക്തികളേയും,ചട്ടക്കൂടുകളേയും മറികടന്ന് രണ്ടു ദശാബ്ദക്കാലം ഇന്ത്യൻ സിനിമാലോകത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഘോഷിനെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.95 ൽ  പുറത്തിറങ്ങിയ "ഉനിഷേ ഏപ്രിൽ" ബംഗാളിസിനിമയിലെ നവതരംഗത്തിനു നാന്ദി കുറിക്കുകയും, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. തുടർന്ന്  ഹിന്ദിയിലും,ബംഗാളിയിലും,ഇംഗ്ലീഷിലുമായി സംവിധാനം ചെയ്ത 18 ചിത്രങ്ങളും  ഇന്ത്യക്കകത്തും പുറത്തും ഏറെ ശ്രദ്ധ നേടി. ദഹൻ,അസുഖ്,ചോക്കർബാലി,റെയിൻകോട്ട്,ബരിവാലിഅന്തർമഹൽ,നൗക്കദുബി,അബോഹോമൻ,ചിത്രാംഗദ,ഡി ലാസ്റ്റ് ലിയർ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ബംഗാളിയിലേയും, അന്യഭാഷാചിത്രങ്ങളിലേയും മുൻ നിര താരങ്ങൾ  ഋതുപർണ്ണ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .ബംഗാളി ചാനലുകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ചാറ്റ് ഷോകളും ജനപ്രിയമായിരുന്നു.

നിനച്ചിരിക്കാതെ 49താം  വയസ്സിൽ  പെയ്തു തീരാത്ത ഋതുമർമ്മരങ്ങൾ ബാക്കിയാക്കി അതിശീഘ്രം കാലയവനികക്കുള്ളിൽ മറഞ്ഞ ഋതുപർണ്ണഘോഷിന്‌ ഇന്ത്യൻ ചലച്ചിത്രരംഗത്തു മരണമില്ല. ഇനിയും ഉണരാനുള്ള  ഋതുതരംഗങ്ങളുമായി   അദ്ദേഹം അഭ്രപാളിയിലെ പ്രേക്ഷകമനസ്സിലൂടെ എന്നുമെന്നും തിരയടിക്കും.

5-

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ”


                                                                  

ഇന്ദിരാബാലൻ 
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു. 
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. . 
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു. 
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ
ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര. 
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു. 
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു. 
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു. 
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്. 
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു. 
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കൊക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.

ഊഷരതയില്‍ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങള്‍



നടന വൈഭവം കൊണ്ടും, രസസ്ഫൂര്‍ത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയില്‍ പ്രോജ്വലിക്കുന്ന തൌര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാല്‍ തന്നെ ഈ ഓര്‍മ്മകള്‍ക്ക്‌ വിഷാ
ദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്‍റെ കളിയരങ്ങില്‍ അച്ഛന്‍റെ നിരവധി കഥാപാത്രങ്ങള്‍ നിരന്തരം

 നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അര്‍ത്ഥവും കഥാപാത്രത്തിന്‌ മിഴിവും നല്‍കിയ അച്ഛണ്റ്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും വായിച്ചറിവിലും ഒതുങ്ങി. ഉറഞ്ഞു തുള്ളി പെയ്യുന്ന കര്‍ക്കടക പേമാരിയില്‍ ഓട്ടിന്‍ പുറത്തു നിന്നും വീഴുന്ന ജല ധാരകളുടെ നനഞ്ഞ നോവായി അച്ഛന്‍ എന്‍റെ മനസ്സില്‍ തങ്ങി നിന്നു. ഈ നോവിന്‍റെ വ്യഥിതശ്രുതിയാണ്‌ മുറ്റത്തെ വരിച്ചാലുകളിലൂടെ ഒഴുകി പോവുന്നതെന്ന്‌ എനിക്കു തോന്നിയിരുന്നു. അതുകൊണ്ടു തന്നെ മനസ്സില്‍ ശോകം സ്ഥായീരസമായി. കളി വിളക്കിന്‍റെ ഉജ്ജ്വലപ്രഭാപൂരത്തില്‍ നവരസഭാവങ്ങളിഴചേര്‍ന്ന്‌ തന്‍മയത്വത്തോടെ അഭിനയിച്ചു ജീവിച്ച ആ മൌലിക പ്രതിഭ ആതുര ശരീരനായി കിടന്ന നീണ്ട ഒന്‍പതു വര്‍ഷം. ....അതിപ്പോഴും മനസ്സില്‍ ഒരു കടലായി ഇരമ്പുന്നു.ജീവിത പ്രാരാബ്ധങ്ങളേറെ താണ്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അച്ഛന്‍ അറം പറ്റിയതുപോലെ അരങ്ങില്‍ നിന്നു കുഴഞ്ഞു വീണു. പ്രതിഭാധനനായ അദ്ദേഹത്തെക്കുറുച്ച്‌ ഏറെ അറിയാന്‍ കഴിഞ്ഞത്‌ ഷഷ്ഠിപൂര്‍ത്തീയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച "കലാപ്രസാദം" എന്ന പുസ്തകത്തില്‍ നിന്നുമാണ്‌.ജീവിതത്തി ന്റെ കഠിനയാതനകളിലൂടെ നിതാന്ത പരിശ്രമത്താല്‍ കഥകളിയെന്ന കല തപസ്സ്യയാക്കിയ ആ മഹാനുഭാവാന്റെ മകളായി ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ ജന്‍മാന്തര സുകൃതമായി കരുതുന്നു. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും സ്ഥിരോത്സാഹവുമായിരുന്നു ആകലാകാരന്റെ  മുതല്‍ക്കൂട്ട്‌. ഗുരുനാഥന്‍റെ കല്‍പ്പനാവൈഭവം അലതല്ലുന്ന കളരിയില്‍ നിന്നും നേടിയ ശിക്ഷണത്തിലും നിരന്തരമായ അഭ്യാസത്താലുംസാധന കൊണ്ടും അച്ഛന്‍ കഥകളി ലോകത്തിണ്റ്റെ ഉത്തുംഗശൃംഗത്തിലെത്തി. വേഷത്തിന്‍റെ കുലീനത്വം കൈമുദ്രകളുടെ വെടിപ്പ്‌ ഭാവാഭിനയത്തിണ്റ്റെ പൂര്‍ണ്ണത ആട്ടത്തിണ്റ്റെ ഒതുക്കം നിയന്ത്രണം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ സവിശേഷ ഗുണങ്ങളായിരുന്നു.ശ്രേഷഠ്‌ വ്യക്തികള്‍ ദീര്‍ഘവീക്ഷണമുള്ളവരായിരിക്കുമല്ലൊ. അച്ഛന്‍റെ സ്ഥാനവും അവിടെയായിരുന്നു. ഒഴിവു നേരങ്ങളില്‍ ആഴവും പരപ്പും നിറഞ്ഞ വായനയിലേര്‍പ്പെടും. തണ്റ്റേതായ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ കഥകളി രംഗത്ത്‌ തനതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. കഥകളിയോടൊപ്പം ചിത്രകല സാഹിത്യം പ്രസംഗകല എന്നീ മേഖലകളിലും നിഷ്ണാതനായിരുന്നു. ആ കാലം കഥകളിയുടെ വസന്തകാലമായിരുന്നെന്നു പറയുന്നതില്‍ തര്‍ക്കമില്ല. നാല്‍പ്പതു കൊല്ലത്തോളം കഥകളീയുടെ മൂല്യത്തകര്‍ച്ചയെ തടുത്തു നിര്‍ത്തി നാട്യശാസ്ത്രത്തില്‍ അടിയുറച്ച്‌ ലോകധര്‍മ്മിയിലേക്കു വഴുതിപ്പോകാതെ കഥാപാത്രത്തിനോട്‌ നീതി പുലര്‍ത്തി സമയ ദൈര്‍ഘ്യത്തെ പരമാവധി ചുരുക്കി കാണികള്‍ക്കു കഥകളിയോട്‌ ഒരു പ്രത്യേക മമതയുണ്ടാക്കിത്തീര്‍ക്കുകയും ഇതിനനുസരിച്ച്‌ തന്‍റെ ശിഷ്യന്‍മാരെ വാര്‍ത്തെടുത്ത അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും. പല കഥകളും അരങ്ങില്‍ രംഗപ്രയോഗക്ഷമമാക്കി.നാട്യകുശലനായ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ പ്രതിഭാശ്ളേഷത്താല്‍ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളു മായിരുന്നു.ഉണ്ണായിവാര്യരുടെ നളചരിതത്തിന്‌ അഭിനയം കൊണ്ട്‌ ഭാവാര്‍ത്ഥപുഷ്ടി നല്‍കി.ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും കുഞ്ചുക്കുറുപ്പിണ്റ്റെ ഭാവാഭിനയനൈപുണ്യവും സമഞ്ജസമായി സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിന്‍റെ നാട്യശില്‍പ്പശൈലി. കലയിലെ നൃത്തനൃത്ത്യങ്ങളെക്കുറിച്ച്‌ അച്ഛന്‍റെതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌"ഭാവവിഹീനമായ കേവലം താളലയാശ്രിതമായിട്ടുള്ളതാണ്‌ നൃത്തം. എന്നാല്‍ നൃത്യമാകട്ടെ ഭാവരസസംയുക്തവുമാകുന്നു.എങ്കിലും അതിന്‌ അഭിനയത്തെ സംബന്ധിച്ച്ശാസ്ത്രദൃഷ്ട്യാ നാടകത്തോളം തന്നെ പ്രാധാന്യമില്ലത്രെ. കാരണം അഭിനയ പൂര്‍ണ്ണത്വംസിദ്ധമാകുന്നത്‌ നാടകത്തില്‍ നിന്നാണ്‌" പുരാണ കഥപാത്രങ്ങളില്‍ സാത്മീഭവിച്ച്‌ തന്‍മയത്വത്തോടെ അച്ഛനാടിയ കഥാപാത്രങ്ങളെത്രയെത്ര! ഓരോ കഥാപാത്രങ്ങളേയും മനസ്സിന്‍റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു.അദ്ദേഹത്തിന്‍റെ മൌനവും വാക്കുകളും ഒരുപോലെ അര്‍ത്ഥപൂര്‍ണ്ണങ്ങള്‍ആയിരുന്നു. നളചരിതത്തിലെ പ്രണയലോലുപനായ കാമുകന്‍ ,ഭരണ നിപുണനായ രാജാവ്‌ ,കര്‍ത്തവ്യനിരതനായ രമണന്‍, കലിബാധിതനായി താന്തനായി വലയുന്നവന്‍, കാര്‍ക്കോടക ദംശനത്താല്‍ വിരൂപഗാത്രനായി കേഴുന്ന ബാഹുകന്‍ സന്താനഗോപാലത്തിലെ മഹാബ്രാഹ്മണന്‍ പരശുരാമന്‍ രുഗ്മാംഗദന്‍ അങ്ങിനെ എത്രയെത്ര വിചാര വികാരഭരിത രംഗങ്ങള്‍........ഈ ഉജ്ജ്വല അരങ്ങുകളെല്ലാം എന്റെ   കേട്ടറിവുകള്‍ മാത്രം. ഞാന്‍ കണ്ടത്‌ ഒരേയൊരങ്ങു മാത്രം. അസുഖബാധിതനായി രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഗുരുവായൂരില്‍ വഴിപാടായി നടത്തിയ കുചേല വൃത്തം കഥ. അരങ്ങിലെ ആകുചേലനെ ഓര്‍ക്കുമ്പോള്‍ മിഴികള്‍ഇപ്പോഴും സജലങ്ങളാവുന്നു. നടനവൈഭവത്തിണ്റ്റെ സമ്പന്നതയില്‍ നിന്നും വിധി അടര്‍ത്തിമാറ്റിയ അച്ഛനായിരുന്നു ആ കുചേലന്‍.പ്രശസ്ത ഗായിക പി. ലീല പി ജയചന്ദ്രന്‍(ഗായകന്‍)എന്നിവരെല്ലാം ആ സദസ്സിലുണ്ടായിരുന്നു.പിന്നീടു വീണ്ടും നിഷ്ഠുരനായ വിധി അച്ഛനെ തളര്‍ത്തികിടത്തി.അതെല്ലാം ഉണങ്ങാത്ത മുറിവുകളായി അവശേഷിച്ചു. നിസ്സഹായതയുടെ തടവറയില്‍ നിശ്ശബ്ദനോവുമായി നിമീലിത നേത്രനായി..(.1969 ).......... അന്നത്തെ രാഷ്ട്രപതി ) ശ്രീ വി.വി.ഗിരിയില്‍ നിന്നും "പത്മശ്രീ"ബഹുമതി സ്വീകരിക്കുവാന്‍ അച്ഛന്‍റെ ദല്‍ഹി യാത്രയില്‍ അമ്മയോടൊപ്പം ചെറിയ കുട്ടിയായിരുന്ന ഞാനും പോയതിന്റെഅവ്യക്തമാര്‍ന്ന ചിത്രം മനസ്സിലുണ്ട്‌. അങ്ങിനെ ചിതറിയ ചില ചിത്രങ്ങള്‍ മാത്രം.പിന്നീടു രോഗാതുരനായി കിടക്കുമ്പോള്‍ പോയ കാലത്തിന്‍റെ നിറയഴകിന്നരങ്ങുകളെ തേടുകയായിരുന്നൊയെന്നെനിക്കു തോന്നിയിരുന്നു. സ്വകായത്തില്‍ പരകായങ്ങളായി ജീവിച്ച കഥപുരുഷന്‍മാരെ..... രണ്ടു വറ്‍ഷം മുന്‍പു ശ്രീ മഹാകവി വള്ളത്തോളിന്‍റെ ഗൃഹത്തില്‍ പോവാനവസരം ഉണ്ടായി. അവിടെ നിന്നും മഹാകവി അച്ഛനു സമ്മാനിച്ച കഥകളി കിരീടം കാണാന്‍ കഴിഞ്ഞു.ഭാഗ്യങ്ങളേറെ ദൈവം കനിഞ്ഞു നല്‍കിയെങ്കിലും അവസാനം വിധി ഇങ്ങിനെയൊരു ധനാശി ചൊല്ലിയതെന്തേയെന്ന ചോദ്യം എന്നിലവശേഷിച്ചു. അച്ഛണ്റ്റെ മഹത്‌ വ്യക്തിത്വം മനസ്സിലാക്കാന്‍ മനസ്സു പാകപ്പെടുമ്പോഴേക്കും ആ ആത്മാവ്‌ ഈ പ്രകൃതിയില്‍ ലയിച്ചിരുന്നു 1981 ഫെബ്രുവരി 19 ആ ജീവന്‍ ചക്രവാളങ്ങളിലേക്കു്‌ ചിറകടിച്ചു പറന്നുപോയി.ഈ വരുന്ന അഷ്ടമി രോഹിണി ദിനം അച്ഛണ്റ്റെ ജന്‍മശതാബ്ദിയാണ്‌. മനസ്സിന്‍റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോള്‍ കറുപ്പു പടറ്‍ന്നിരിക്കുന്നു.അവ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘങ്ങളാകുന്നുവൊ? അവിടെ അച്ഛനായിതേെ മകളുടെ കണ്ണീരില്‍ കുതിറ്‍ന്ന അക്ഷര തിലോദകം.....! . .

കളിയരങ്ങിൽ സ്ത്രീപക്ഷസമരം നയിച്ച നായിക





കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌.ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌. അദ്ദേഹം ഈ ലോകത്തു നിന്നും വിടപറഞ്ഞിട്ടു ജൂലായ്‌ 19 നു 3 ആണ്ടു തികയുന്നു. അരങ്ങിൽ തന്റെ സ്വത്വം നിലനിർത്തിത്തന്നെയാണ്‌` ആ ഭൌതികശരീരം വിട പറഞ്ഞത്. അറുപതുവർഷത്തോളം സ്ത്രീവേഷങ്ങൾ മാത്രം അവതരിപ്പിച്ച്,വ്യത്യസ്ത സ്വത്വശുദ്ധിയുള്ള ,വിഭിന്നനായികമാരുടെ ലാസ്യവിലാസങ്ങളും.ആത്മസംഘർഷങ്ങളും,ശക്തിസ്വരൂപതയുമെല്ലാം ആഴത്തിൽ ആടിഫലിപ്പിച്ച് കഥകളിരംഗത്തു തനതായ സ്ഥാനം നേടിയ വ്യക്തിത്വത്തിന്നുടമയായിരുന്നു കോട്ടക്കൽ ശിവരാമൻ.

1936 ജൂലായ്‌ 26നു പാലക്കാടു ജില്ലയിലെ കാറൽ മണ്ണയിലാണ്‌ അദ്ദേഹത്തിന്റെ ജനനം.കുട്ടിക്കാലത്തനുഭവിച്ച ദാരിദ്ര്യത്തിൽ നിന്നും കരകയറാനായിരുന്നു,13ആം വയസ്സിൽ കഥകളി പഠനത്തിന്റെ കച്ച കെട്ടാൻ തയ്യാറായത്‌. ഒരു നേരമെങ്കിലും വിശപ്പടക്കാൻ ഭക്ഷണം കിട്ടുമല്ലൊ എന്നായിരുന്നു ശിവരാമന്റെ അമ്മ കാർത്ത്യായിനിയമ്മയുടെ ആശ്വാസം. കഥകളി രംഗത്തെ കുലപതികളി ലൊരാളും, വകയിലെ അമ്മാമനുമായ"പത്മശ്രീ"' വാഴേങ്കട കുഞ്ചുനായരായിരുന്നു ശിവരാമന്റെ രക്ഷകനും,ഗുരുവും.

ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടത്‌. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ടവ-ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടി രുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യ്സ്തവും,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു.കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദെഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.

പുരുഷാധിപത്യ സമൂഹസങ്കല്പ്പത്തിൽ ആദിയിലുണ്ടായ തുല്യത പിന്നീടെപ്പോഴോ നഷ്ടമായി. പുരുഷൻ പ്രകൃതിക്കു നിയമങ്ങളെഴുതി. അരങ്ങിലെ ഈ അനീതിയോട് ശിവരാമൻ തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു. കലാരൂപങ്ങളിലും ഈ അധീശത്വത്തിന്റെ അനുരണനങ്ങളുണ്ട്‌. പഴയകാലത്ത് കഥകളിയരങ്ങിൽ രാക്ഷസിയുടെ ലളിതരൂപം നിലനിന്ന കാലത്തിൽ നിന്നും മറ്റു സ്ത്രീകഥാപാത്രങ്ങൾ ശിവരാമനിലൂടെ പ്രമുഖസ്ഥാനം കൈവരിച്ചു. ”സ്ത്രീ“എന്ന സ്വന്തം പകുതിയെ കഥാപാത്രത്തിലൂടെ വ്യാഖ്യാനിച്ച് അനുഭവിക്കുകയായിരുന്നു അദ്ദേഹം. കവിപി.കുഞ്ഞിരാമൻ നായർ“ദമയന്തി ശിവരാമൻ” എന്ന പേരു നല്കി.അദ്ദേഹത്തിന്റെ“കളിയച്ഛൻ” എന്ന കവിതയിലെ ശിഷ്യൻ -ശിവരാമനിലൂടെ ഉരുത്തിരിഞ്ഞ കഥാപാത്രമായിരുന്നത്രെ.പരിത്യജിക്കപ്പെട്ട ഭാര്യയായും ,വിടുവേല ചെയ്യേണ്ടി വരുന്ന കുലീനയായും,ഗാഢാനുരാഗവിവശയായ കാമിനിയായും...പരകായപ്രവേശങ്ങളേറെ...............
ശിവരാമന്റേതായ സ്ത്രീദർശനം തന്നെ രൂപപ്പെട്ടു.സ്ത്രീകളുടെ മാനസികാവസ്ഥകൾ നിരന്തരമായി സ്ത്രീചിന്തകൾ കടന്നുകൂടുവാനും,ആഴത്തിലുൾക്കൊ
ള്ളാനും തുടങ്ങി.സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക് നൂഴ്ന്നിറങ്ങി അവരുടെ സവിശേഷതകളെ,വിവിധവികാരവിചാരങ്ങളെ സ്വാംശീകരിച്ചു.അവരോടുള്ള അനുതാപം,ആ തന്മയീഭാവം ജീവിതത്തിലും പ്രകടിപ്പിച്ചു. പുരുഷാധിപത്യപരമായ പല പ്രവണതകളേയും അദ്ദേഹം തന്റെ അരങ്ങുജീവിതത്തിലൂടെ മാറ്റിമറിച്ചു. അമ്മയുടെ ധർമ്മസങ്കടം അനുഭവിക്കാതെ തന്നെ“കർണ്ണ ശപഥ”ത്തിലെ കുന്തീദേവിയായി,വിശുദ്ധമായ മാതൃഹൃദയത്തിന്റെ അനാവരണമായിരുന്നു ആ കഥാപാത്രത്തിലൂടെ അദ്ദേഹം നിറവേറ്റിയത്‌. ദേവസ്പർശം ലഭിച്ച കലാകാരനായിരുന്നു ശിവരാമൻ. പ്രകൃതിയും,ജീവജാലങ്ങളും  തനിക്കു ചുറ്റുമുള്ള നന്മകളാണെന്നദ്ദേഹം വിശ്വസിച്ചു. പാതിരാവിൽ കളിയരങ്ങിൽ പകർന്നാടുന്ന സ്ത്രീ ചൈതന്യങ്ങളുടെ മഹാസ്വഭാവമാണ്  പ്രകൃതി......ആ പ്രകൃതിയുടെ വിവിധ സ്വഭാവങ്ങളെയായിരുന്നു അദ്ദേഹം ഏറ്റെടുത്തത്‌. അരങ്ങിൽ നിശ്ശബ്ദ സ്ത്രീപക്ഷസമരം നയിച്ച നായിക കാലത്തോടു വിട പറഞ്ഞിട്ടിപ്പോൾ 3 വർഷം പിന്നിടുന്നു. ഇപ്പോഴും കേളികൊട്ടുയരുന്ന രംഗമണ്ഡപങ്ങളിൽ ശിവരാമന്റെ സ്ത്രീകഥാപാത്രങ്ങളിലെ ഭാവപ്പകർച്ചകളുടെ  അനുരണനങ്ങൾ  ഉയരുന്നുണ്ടാകാം...

മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ


ഇന്ദിരാബാലന്‍                                                                            
(വായനാനുഭവം-സാറാജോസഫിന്റെ “ഒതപ്പ്‌” എന്ന നോവലിലെ ‘മാർഗ്ഗലീത്ത’ എന്ന കഥാപാത്രത്തിലൂടെ ഒരു സഞ്ചാരം) 

ഇതൊരു ഇരുട്ടുമുറിയാണ്‌.കാറ്റോ,വെളിച്ചമൊ,ഒരു പഴുതിലൂടെയും ഇതിനകത്തേക്കു കടക്കില്ല.നടുമ്പുറത്ത്‌ ഒറ്റച്ചവിട്ടിന്‌ മാർഗ്ഗലീത്ത ഇതിനകത്തേക്കു തെറിച്ചു വീഴുകയായിരുന്നു.കമിഴ്ന്നടിച്ചാണ്‌ വീണത്‌. വീണു കിടക്കുന്ന അവൾക്കു പിന്നിൽ വാതിലടഞ്ഞ ഒച്ചയിൽ ഭൂമിയിലെ മുഴുവൻ ഗർഭപാത്രങ്ങളും ഞെട്ടിവിറച്ചു.” ഈ വാചകങ്ങൾ ഒതപ്പെന്ന നോവലിന്റെ തുടക്കമാണ്‌. ഇതു വായിക്കുമ്പോൾ ഇടിത്തീ മനസ്സിലേക്കിരച്ച കയറുന്ന ഒരവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പെണ്ണിനു പുറത്തിറങ്ങാനും കഴിയു. ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്രങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും,സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും.

എപ്പോഴും പെണ്ണ്‌ ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ നിന്നും കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും,അച്ചൻ പട്ടത്തിൻ നിന്നും ഒരു സാധാരണക്കാരന്റെ വിചാരവികാരങ്ങളുമായി പുറത്തിറങ്ങിയ റോയ്  ഫ്രാൻസിസ് കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക് ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം(കപട)സദാചാരത്തിന്റെ വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക് ആഴ്ന്നിറങ്ങിയ ചില ആശയനിർമ്മിതികളുടെ തായ്  വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്കു ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ‘അവരാര്‌ടെ മനസ്സു പറയുന്ന പോലെ ചെയ്യാം’.ബോധമനസ്സും അബോധമനസ്സും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ പരിണതഫലമായുണ്ടായ ഒരു മൂർത്തരൂപമാണ്‌ ആബേലമ്മയെന്ന കഥാപാത്രം ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷി തന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മൻസ്സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


“ഒതപ്പിന്റെ” ഓരോ താളിലൂടെയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ മത പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപട സദാചാരത്തെ ഭയന്ന്‌ മൌനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും, പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിതിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമന വാദികള്‍ നിലവിലുള്ളതിനെ അഴിച്ചുപണിത്‌ വിമലീകരിച്ചുകൊണ്ടിരിക്കുന്നു.ശുദ്ധീകരണ പ്രക്രിയയിലേർപ്പെടുമ്പോഴും പിന്നോട്ടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തഃസംഘർഷത്തിന്നിരയാവുന്നവർ.സമൂഹത്തിലെ വിവേചനങ്ങളും,സ്ഥാപിത താത്പര്യങ്ങളും വളരെ അനായാസപാടവത്തോടെ വരച്ചുകാണിച്ചുകൊണ്ട്‌,ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറജോസഫ് ശ്രമിക്കുന്നുണ്ട്‌.

കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത. അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും,പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക് താങ്ങായും, തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്യ ബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ചു സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ, സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും, നാട്ടുകാരുടെയും അധിക്ഷേപത്തിനും,പരിഹാസത്തിനും പാത്രമാവുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌. ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്  നല്ലത്‌. ധിക്കരിച്ചു പുറത്തുകടന്നാൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറയ്ക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌.

മതപരമായ വിശ്വാസസംഹിതകൾക്ക് അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കുശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ് കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല. സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രികൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി  വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന് സമൂഹത്തിന്റെ ചെളിവാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും, ഭീതിദവുമാകുന്നു.അപ്പന്റെ മരണത്തിന്‌ കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു. എന്നാൽ, അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം ,അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു. 

“ദൈവത്തോടും,മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൌഹൃദത്തോടും, പ്രണയത്തോടും ഞാൻ നീതി പുലർത്തുന്നില്ല, മാതാപിതാക്കളോടും,ഗുരുക്കന്മാരോടും ഞാൻ നീതി പുലർത്തുന്നില്ല.എന്റെ കണ്ണീർ അടയാളപ്പെടുത്തുക.......എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു. വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യ ബോധമേ കരീക്കനെന്ന കഥാപാത്രത്തിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബ, സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. ”ആനന്ദമാണ് ` ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും,ഭൂമി ഹരിതാഭമാകുമെന്നും,പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ് മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നു. അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മകഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ  ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു. മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ  ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈകഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിത്തന്നെയാണ്‌. അയാൾ തന്റേതായ ശാന്തി മാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു. ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ടു ആവുന്നതും ചെറുത്തുനില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും,തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു.എന്നിട്ടും അവളുടെ മനസ്സ് അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും,ഒടുവിൽ ഒരു കെട്ടഴിയുമ്പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു. ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥത്തിൽ ജീവിക്കുന്നത്‌. കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും, സമൂഹവും, പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം മടക്കിവെക്കാനാവില്ല.


മിന്നലും, കാറ്റുമായി തകർത്തുപെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം. കണ്ണീരും, വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ട് തൊടുന്നു.നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു.

മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തികൊണ്ടും വേറിട്ടു നില്ക്കുന്നു  ഒതപ്പിലെ ‘മാർഗ്ഗലീത്ത’ എന്ന് ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു.ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു..........! 


മണ്ണിന്റെ ആഴങ്ങളും വിണ്ണിന്റെ ഉയരങ്ങളും തേടിയ കവി-

Indira Balan

മണ്ണിന്റേയും മനുഷ്യന്റേയും ജീവശക്തി ആവാഹിച്ചെടുത്ത്‌ സ്വന്തം തൂലികയിലൂടെ മണ്ണിന്റെ ആർദ്ദ്രത നിറഞ്ഞ ആഴങ്ങൾ തേടിയും വിണ്ണിന്റെ ദീപ്തമാം ഉയരങ്ങൾ തേടിയും മലയാളത്തിന്റെ മണവും മനസ്സും നിറഞ്ഞ കാവ്യപ്രപഞ്ചമൊരുക്കിയ മഹാകവിയാണല്ലോ ഓ.എൻ.വി. ശക്തിയെ ഉപാസിച്ചും സൗമ്യവാദത്തെ ധന്യവാദം ചെയ്തും ജനകീയശൈലികൊണ്ടും ,സംഗീതാത്മകത കൊണ്ടും സമ്പുഷ്ടമായ കാവ്യമണ്ണിൽ മൊഴികളുടെ ആഴങ്ങളിൽ പഴമനസ്സുകൾ കുഴിച്ചിട്ട നിധി തേടി ,വാഴ്‌വിന്റെ കയ്പ്പും മധുരമാക്കുന്ന രസമന്ത്രതന്ത്രമൊരുക്കി , ഒരു പൊരുളിൽ നിന്നു അപരമാം പൊരുൾ തേടി വാക്കിന്റെ കതിർ ജ്വലിപ്പിക്കുന്നതാണ്‌` അദ്ദേഹത്തിന്റെ രചനാപർവ്വം. കവിതയിൽ രണ്ടു കാലങ്ങളുണ്ടെന്നനുമാനിക്കാം. ഒന്ന്‌ നാഴികമണിയിലെ സൂചിപോലെ ചലനാത്മകമാണ്‌`. മറ്റൊന്ന്‌ ചലനരഹിതവും. ആദ്യത്തേത്‌ സാമയികവും രണ്ടാമത്തേത്‌ നിത്യവും. സാമയികമെന്നത്‌ പ്രസ്ഥാനങ്ങളായും പ്രവണതകളായും കവിതയിൽ കലരുന്നു. നിത്യം കവിതയെ കൽപ്പാന്തത്തോളം കൊണ്ടുപോകുന്നു .കവിതയുടെ കാലികതയും നിത്യതയും സാത്മീഭവിക്കുമ്പോഴാണ്‌ ആ രചനകൾ ഉദാത്തമാകുന്നത്‌, 


എന്താണ്‌` ഓ.എൻ.വിക്കവിത എന്നതിന്‌ അദ്ദേഹം ഇങ്ങിനെ വെളിപ്പെടുത്തുന്നു. "ഏതു കുഞ്ഞുചെടിക്കും ഒരു വക ഋതുബോധമുണ്ടല്ലോ. പൂക്കുന്നതും കായ്ക്കുന്നതും ഇല കൊഴിഞ്ഞു വിരിയുന്നതും 
 വീണ്ടും തളിർക്കുന്നതും സ്വയം നെയ്തുവിടർത്തുന്ന പച്ചപ്പുടവയണിഞ്ഞാഹ്ലാദിക്കുന്തുമെല്ലാം ചെടിയുടെ മാറി മാറി വരുന്ന ഋതുക്കളോടുള്ള പ്രതികരണമാണല്ലോ. ഈ മണ്ണിൽ വേരോടിനിൽക്കുന്ന ഒരു ചെടിയാണ്‌` തന്റെ കവിതയുമെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതു മനുഷ്യാവസ്ഥകളാകുന്ന ഋതുക്കളോടു പ്രതികരിക്കുന്നു. മനുഷ്യർ എവിടേയും ഒരു പോലെയാണെന്നും നാട്ടിൻപുറത്തെ കായൽക്കരകളിൽ ചീയുന്ന തൊണ്ടു പോലെ സ്വയം ചീഞ്ഞ്‌ മറ്റുവരുടെ കയ്യിൽ തങ്കനാരുകളായി മാറുന്ന മനുഷ്യമുഖങ്ങളുടെ സത്യങ്ങളെയാണ്‌` "ആഗ്ര" കോതമ്പുമണികൾ" എന്നീ കവിതകളിലൂടെ അനാവരണം ചെയ്യുന്നത്‌. ഇന്ത്യൻ ജീവിതത്തിന്റെ ദൈന്യതയിലേക്ക്‌ ഈ പ്രമേയങ്ങൾ വിരൽ ചൂണ്ടുന്നു. വ്യത്യസ്ത വസ്തുപ്രതീകങ്ങളിലൂടെ ഒരേ രാജ്യത്തെ , ഒരേ കാലത്തെ "നരജീവിതമായ വേദന" തന്നെയാണ്‌` കവിത കണ്ടെത്തുന്നത്‌. അസുഖകരങ്ങളായ സാമൂഹ്യാവസ്ഥകളെ പറ്റി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ മണ്ണട്ടയെപ്പോലെ ചിലരുടെ ഭദ്രസുഷുപ്തിയെ അലോസരപ്പെടുത്താൻ കവിതക്കു കഴിയുന്നുണ്ടേങ്കിൽ അവ സാർത്ഥകങ്ങളാകുന്നു. 




മരണത്തെ ധീരമായി സ്വയം വരിച്ച നിശാഗന്ധിയേയും ,ജനിച്ചെന്ന തെറ്റിനു ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന സാധാരണതയേയും അന്യോന്യം കിടനിർത്തിക്കൊണ്ട്‌ ,നിലനിൽപ്പ്‌ എന്ന അവസ്ഥയുടെ ഭാഗികദർശനം സാക്ഷാൽക്കരിക്കുകയാണ്‌"നിശാഗന്ധി നീയെത്ര ധന്യ" എന്ന കവിതയിലൂടെ. മരണമെന്ന തിക്താനുഭവം കാൽപ്പനികതയുടെ മായാപ്രപഞ്ചത്തിൽ വച്ചു മധുരീകരിക്കപ്പെടുന്നു. ഒപ്പം നിസ്സഹായയ ഒരു പെൺകിടാവിന്റെ ചിത്രവും വ്യംഗ്യമാകുന്നു. 

സർവ്വപ്രാണനാശത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യബോധത്തിന്റെ വിഹ്വലതയും വിലാപവുമാണ്‌ "ഭൂമിക്കൊരു ചരമ ഗീതം" എന്ന കവിതയിൽ വിവക്ഷിക്കുന്നത്‌. ചരമശുശ്രൂഷാഗാനത്തിന്റെ മട്ടിൽ എഴുതപ്പെട്ട പ്രസ്തുതകവിത ജീവജാലങ്ങളുടെ മുഴുവൻ കണ്ണുനീരും ഉള്ളിലൊതുക്കിയിട്ടുണ്ട്‌. പാരിസ്ഥിതികമായ ഒരു യാഥാർത്ഥ്യത്തിന്റെ വാങ്മയചിത്രം. 



ലവണമായലിഞ്ഞുചേർന്ന ജീവിതലാവണ്യമാണ്‌ "ഉപ്പ്‌" എന്ന കവിത. മനുഷ്യജീവിതത്തിന്റെ കണ്ണീരുപ്പു കലർന്ന ആസ്വാദ്യതയെയാണ്‌ കവി അഭിവാദനം ചെയ്യുന്നത്‌. ഒരു വലിയ കാവ്യാനുഭവം ഈ കവിത തരുന്നു. കവിതയിലെ വാക്ക്‌ ശബ്ദാർത്ഥതലങ്ങൾക്കതീതമായി സഞ്ചരിക്കുന്നു. കുറച്ചു വരികളിലൂടെ ഒരു വലിയ തത്വത്തിലെക്ക്‌ കൊണ്ടുപോകുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നേർച്ചിത്രം പകരുകയാണ്‌` "ബാംസുരി" എന്ന കവിതയിലൂടെ. 


ലോകജീവിതത്തുടർച്ചയുടെ സൗന്ദര്യസാരമത്രയും ഒരു ശംഖിനുള്ളിൽ നിറച്ചുവെച്ചതു പോലെ. ആ ശംഖൂതുമ്പോൾ നമുക്കു മുന്നിൽ തുറക്കപ്പെടുന്ന മഹാപ്രപഞ്ചം. രസസാന്ദ്രതയുടെ അഭൗമലാവണ്യം ഇവിടെ പ്രത്യക്ഷമാകുന്നു. സൗന്ദര്യത്തിന്റെ സർഗ്ഗതലത്തേയും ,ആസ്വാദനതലത്തേയും അന്യോന്യം ബന്ധിപ്പിക്കുന്നത്‌ രസമല്ലാതെ മറ്റൊന്നല്ല. 
"പ്ലാവില കോട്ടിയ കുമ്പിളിൽ തുമ്പതൻ-
പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവി പാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പു ചേർത്താലെ രുചിയു‍ൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ നിൻ മുത്തശ്സിയും
നിന്ന നിൽപ്പിലൊരുനാൾ മറഞ്ഞ്പോം" 


കവിതയുടെ തുടക്കം തന്നെ വായനക്കാരനെ കവിതയിൽ വിലയിപ്പിക്കുന്നതിനോടൊപ്പം ജീവിതത്തിന്റെ ആദിമപ്പൊരുളിലേക്ക്‌ ബോധത്തെ നയിക്കുകയും ജീവിത നശ്വരതയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയാണ്‌` കവി ക്രാന്തദർശിയാകുന്നത്‌. യോഗസ്ഥനായിത്തീർന്ന്‌ ജ്ഞാനം കൊണ്ട്‌ കവി സർവ്വവും അന്തരാ ദർശിക്കുന്നു. 

മലയാളിയുടെ നിത്യസാധാരണമായ ജീവിതത്തിൽ നിന്നും സ്വീകൃതമായ "പ്ലാവിലയും, ആവി പാറുന്ന പൊടിയരിക്കഞ്ഞിയും "ചക്രവാളത്തിന്നപ്പുറത്തേക്കു മറഞ്ഞുപോയ കാലസ്മരണകളുടെ ചിറകടിയുയർത്തുന്നു. ആസ്വാദകൻ കവിതയിലെ ഉണ്ണിയായി പകർന്നാടുകയും കൃത്രിമത്വമില്ലാത്ത ഗ്രാമീണതയുടെ സ്വച്ഛശുദ്ധത നമ്മെ പൊതിയുകയും ,രുചിബിംബങ്ങളുടെ പാൽനുര പതഞ്ഞുപൊങ്ങുകയും ചെയ്യുന്നു. അനിർവ്വചനീയമായ ഒരവസ്ഥവിശേഷം ഇവിടെ സംജാതമാകുന്നു. 

മുത്തശ്ശിയും കൊച്ചുമകനും അടങ്ങിയ ഈ കവിതയിൽ കഞ്ഞിയിൽക്കലർത്തുന്ന ഉപ്പ്‌ ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രൂപകമായിത്തീരുന്നു.ലാവണ്യത്തിന്റേതുപോലെ സ്നേഹവാത്സല്യങ്ങളുടെയും, ജീവിതത്തിന്റേയും, പ്രപഞ്ചസ്നേഹത്തിന്റെയും പ്രതിനിധാനം കൂടിയാണ്‌` ഉപ്പ്‌ എന്ന ബിംബകൽപ്പന. ആദ്യഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക്‌പകർന്നുമാറുന്നത്‌പ്രവചനാതീതമായ അർത്ഥവ്യാപ്തിയിലേക്കാണ്‌.
"പിന്നെയൊരുനാൾ കടൽ കണ്ടു ഞാൻ 
വെറും മണ്ണിൽ കിടന്നുരുളുന്ന , കാണാതായ
തൻ കുഞ്ഞിനെയോർത്തു നെഞ്ഞു ചുരന്ന പാൽ
എങ്ങും നിലയ്ക്കാതൊഴുകിപ്പരന്നതിൽ
മുങ്ങിമരിക്കുന്നൊരമ്മയെക്കണ്ടു ഞാൻ" 

നെഞ്ഞു ചുരന്ന പാൽ നിറഞ്ഞൊഴുകി ഒരു കടലായി അതിൽ മുങ്ങിമരിക്കുന്ന ഒരമ്മയുടെ ചിത്രം എത്ര വികാരസാന്ദ്രതയോടെയാണ്‌` കവി ആവിഷ്ക്കരിച്ചിരിക്കുന്നത്‌`. ഇവിടെ സ്നേഹാധിക്യത്തിന്റെ കടലായി ഉപ്പിന്‌ ഭാവപരിണാമ സംഭവിക്കുന്നു. അപ്പോ നിയതാർത്ഥകമായ ഒരു രൂപകം എന്ന നിലയിൽ നിന്നു തെന്നി മാറി ,കവിതയുടെ സന്ദിഗ്ദ്ധാർത്ഥകതയുടെ സൗന്ദര്യവും പ്രസരിക്കുന്നു 
"ജീവിതത്തെ സഹ്യവും സാധ്യവും ലാവണ്യമയവും അവിച്ഛിന്നവും പ്രേമപൂരിതവുമാക്കുന്നതെന്തോ അതത്രേ കവിതയിലെ ലവണം" 

ലവണം മുത്തശ്ശി, കടൽ ,അമ്മ, എന്നീ രൂപഭാവങ്ങളായി പരകായപ്രവേശം നടത്തുന്നു. ഇതിലൂടെ ഉപ്പോളം ചെറുതും കടലോളം വലുതുമായ ഒരു രുചിബോധം വായനക്കാരനുള്ളിൽ സ്ഥാനം പിടിക്കുന്നു. കവിതകളിലെ ആന്തര ഭാവസംഗീതം എടുത്തുപറയേണ്ട സവിശേഷതയാണ്‌. പരിണാമത്തിന്റെ പടവുകൾ പിന്നിടുമ്പോഴും ഓ.എൻ.വിയുടെ കാവ്യപ്രപഞ്ചംഹൃദയംഗമമായ രാഗവിസ്താരത്തിന്റെ പദവിയിലാണിപ്പോഴും. കൽപ്പനകളുടെയും പദജാതങ്ങളുടേയും സംഘർഷങ്ങളല്ല മറിച്ച്‌ സൗഹാർദ്ദമാണ്‌` ഓ.എൻ.വി.ക്കവിതക്കൊപ്പമുത്ത്‌. അതുകൊണ്ടു തന്നെ ആ അനുഭൂതിശ്ര്ംഗത്തിലേക്ക്‌ വായനക്കർ അനായസേന സംവഹിക്കപ്പെടുന്നു. അവിടെ കവികർമ്മവും സഫലമാകുന്നു.

 സീതയെക്കാളിഷ്ടം ദ്രൗപദിയെ

(ഒറിയ നോവലിസ്റ്റ്‌ പ്രതിഭാറായിയുടെ "ദ്രൗപദി" എന്ന നോവലിനെ മുൻനിർത്തി ഒരാസ്വാദനം)


"സ്ത്രീയെന്നും ആദരിക്കപ്പെടേണ്ടവളാണെന്ന്‌ പൗരാണിക മതം ഉദ്‌ഘോഷിക്കുമ്പോഴും അവളെന്നും പ്രത്യേക അഴികൾക്കുള്ളിൽ നിന്ന്‌ പീഡിപ്പിക്കപ്പെടുകയാണെന്ന സത്യം നാം വിസ്മരിച്ചു കൂടാ. "ശക്തി" യെന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ ധാർമ്മികമാണെങ്കിൽ അത്‌ പുരുഷനേക്കാൾ ഒരു പടി ഉയരത്തിലാണ്‌ സ്ത്രീയിലെന്ന്‌ മഹാത്മാഗാന്ധി പോലും പറഞ്ഞിട്ടുണ്ട്‌. മൃഗീയ ശക്തിയാണെങ്കിൽ പുരുഷനിലുള്ളത്രയും മൃഗീയത സ്ത്രീയിലില്ലതാനും. മൃഗങ്ങൾ അവരുടെ അതിജീവനത്തിനു വേണ്ടി കൊന്നു തിന്നുമ്പോൾ , മനുഷ്യൻ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി ആ ഹീനകൃത്യം ചെയ്യുന്നു. അപ്പോൾ വിവേചനശക്തിയില്ലാത്ത മൃഗത്തിനേക്കാൾ മനുഷ്യൻ അധഃപതിക്കുന്നു. മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. നിസ്വാർത്ഥവും, ലളിതവും, ആത്മനിയന്ത്രണവും , പ്രാർത്ഥനാനിർഭരവുമായ ഒരു ജീവിതത്തിൽ നിന്നേ ഉദാത്തമായ മാനസിക ഭാവം കൈവരു.



എന്നും രാമായണ മഹാഭാരതാദികൾ വായിച്ചു വളർന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു എന്റെ ജനനവും. കുട്ടിക്കാലത്തെ ഏറെ വായിച്ചതു്‌ രാമായണത്തിനേക്കാൾ ,മഹാഭാരതമായിരുന്നെന്നു പറയാം. അന്നേയുള്ള വായനയിൽ നിന്നും മനസ്സിലേറെ പതിഞ്ഞു നിന്നത്‌ സീതയേക്കാളേറെ ദ്രൗപദിയായിരുന്നു. വളരുന്തോറും ദ്രൗപതിയോടുള്ള ഇഷ്ടം കൂടി ആദരവും ആരാധനയുമായി. അത്രയും ശക്തയായ ഒരു കഥാപാത്രത്തിനൊപ്പം തുലനം ചെയ്യുവാൻ ഇക്കാലത്തെ വായനക്കിടയിൽ മറ്റൊരു കഥാപാത്രത്തെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ലോക ക്ലാസ്സിക്കുകളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ടേങ്കിലും. ദ്രൗപദിയോടൊപ്പം ചേർത്തു വെക്കാന്‍ കഴിഞ്ഞിട്ടില്ല.

അസാധാരണത്വം കൽപ്പിക്കാതെ സാധാരണ സ്ത്രീകളുടെ തലത്തിൽ വെച്ചു നോക്കിയാലും അഗ്നി നക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്നത്‌ ദ്രൗപദി തന്നെയാണെന്ന്‌ നിസ്സംശയം പറയാം. ഈ അഭിപ്രായം വ്യക്തിപരം മാത്രം. പുനർ വായനയിലൂടേയും, വ്യത്യസ്ത നിരീക്ഷണങ്ങളിലൂടേയും കേരളത്തിലെ കഥകളിയരങ്ങിലൂടേയും ദ്രൗപദി അവതരിപ്പിക്കപ്പെടുമ്പോൾ .ശ്രേഷ്ഠവും കരുത്തുറ്റതുമായ ആ കഥാപാത്രത്തിനോട്‌ മനസ്സ്‌ ഇഴുകിച്ചേർന്നു. ഏകാന്തതയിൽ പലപ്പോഴും ദ്രൗപദി എന്റെ ചിന്താമണ്ഡലത്തിൽ കടന്നു വരാറുണ്ട്‌. അവരനുഭവിച്ച സംഘർഷങ്ങളും , വിഹ്വലതകളും എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതു പോലെ പലപ്പോഴും അനുഭവപ്പെട്ടിരുന്നു. തിരിച്ചും മറിച്ചും വായിക്കുമ്പോഴും ഒരിക്കലും മായാത്ത ശക്തിയായി തന്നെ അവർ നിലകൊണ്ടു. ത്യാഗവും, സഹനവും, സ്നേഹവും ആവോളം നൽകിയിട്ടും ദ്രൗപദിക്കു നീതി ലഭിച്ചുവോ?പലയവസരങ്ങളിൽ അധിക്ഷേപത്തിന്നിരയാകുമ്പോഴും യജ്ഞകുണ്ഠത്തിൽ നിന്നും പിറന്നവൾ യാഗാഗ്നിയിലെ ഹവിസ്സായി ഉരുകുകയായിരുന്നില്ലേ? "കുരുക്ഷേത്ര യുദ്ധത്തിന്‌ ദ്രൗപദിയാണ്‌ കാരണമായിത്തീരുന്നതെന്ന കുറ്റം അവൾക്കു മേൽ പതിയുന്നു"നൃശംസരായ കൗരവന്മാരുടെ പിടിയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ വേണ്ടി നടത്തിയ വേദന നിറഞ്ഞ ഒരു ശസ്ത്രക്രിയയായിരുന്നു മഹാഭാരത യുദ്ധം "എന്നാണ്‌ ഒറിയ നോവലിസ്റ്റായ പ്രതിഭാറായ്‌ തന്റെ ദ്രൗപദി എന്ന നോവലിലൂടെ അനാവരണം ചെയ്യുന്നത്‌ .ലോകത്തെ രക്ഷിക്കാനും ശാന്തിയും, ഐക്യവും പുനഃസ്ഥാപിക്കുവാനും ആവശ്യമായ നടപടികളെടുക്കാനുമാണ്‌ ദ്രൗപദി പാണ്ഡവരെ പ്രേരിപ്പിച്ചതു്‌. അല്ലാതെ വെറുമൊരു വ്യക്തിവൈരാഗ്യത്തിന്റെ കഥയല്ലെന്ന്‌ നോവലിസ്റ്റ്‌ വ്യക്തമാക്കുന്നു. എണ്ണമറ്റ യാതനകളും ,അപമാനങ്ങളും നേരിട്ടിട്ടും ദ്രൗപദി പിൻതിരിയുകയോ വിശ്രമിക്കുകയോ ചെയ്തിട്ടില്ല. ദ്രൗപദിയുടെ വാക്കുകളിലൂടെ............................."എനിക്കു വേണമെങ്കിൽ സീതാദേവിയെപ്പോലെ ഭൂമി മാതാവിന്റെയുള്ളിൽ അഭയം തേടാമായിരുന്നു. "എന്നാലത്‌ തന്റെ ജന്മോദ്ദേശ്യത്തിന്‌ കടകവിരുദ്ധമായിത്തീരുമെന്ന്‌ മനസ്സിലാക്കുന്നു. ജീവിത പ്രതിസന്ധികളിൽ മനുഷ്യർ ആത്മഹത്യകളിൽ ഒടുങ്ങന്നതിനു പകരം ,ഒരു നിമിഷം തന്റെ ജന്മ നിയോഗത്തെക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ചാൽ എത്രയെത്ര ആത്മഹത്യകളൊഴിവാക്കാം.അതീന്‌ അനിവാര്യമായിട്ടുള്ളത്‌ മാനസികശക്തിയാണ്‌. ദ്രൗപദിയെ വായിക്കുമ്പോൾ വായനക്കരനും അവരുടെ മാനസികച്ചിന്തകള്‍ക്കൊപ്പം വന്നുചേരുന്നതു പോലെ. മഹത്തായ ലക്ഷ്യത്തിനു വേണ്ടി ഏതൊരാളും സ്വാർത്ഥം ത്യജിക്കണം എന്നും മനസ്സിലാക്കാനാവുന്നു.

ഈ നോവലിൽ കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സഖാസഖീബന്ധം അതുല്യവും അന്യാദൃശവുമാണ്‌. നിർവ്വചനങ്ങൾക്കതീതമാണ്‌ ആ ബന്ധം. പ്രക്ഷുബ്‌ധമായ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശത്രുതയും രക്തച്ചൊരിച്ചിലും ഭയാനകമായ ഹിംസയും യുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും ശാശ്വത സമാധാനത്തിനു വേണ്ടി ദ്രൗപദിയുടെ ഹൃദയം കേഴുകയായിരുന്നു. അപ്പോഴും അവർ പ്രാർത്ഥിക്കുന്നത്‌ "യുദ്ധത്തിന്റെ മേഘങ്ങൾ ലോകത്തിൽ പറക്കാതിരിക്കട്ടെ ,മനുഷ്യരുടെ നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും ഒരു പോലെ ഈ ഭൂമി ഛിന്നഭിന്നമാകാതിരിക്കട്ടെ എന്നാണ്‌"`. ഇത്‌` എത്രമേൽ നിസ്വാർത്ഥമായ പ്രാർത്ഥനയാണ്‌.
ഒരു പെണ്ണായി ജനിച്ചതിന്റെ നിസ്സഹായത ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്നതോടുകൂടി ,പുരുഷാധിപത്യം നിറഞ്ഞ ഈ ലോകത്തിൽ സൗന്ദര്യമുള്ള ഒരു സ്ത്രീയുടെ ജീവിതം ശപിക്കപ്പെട്ടതാണെന്നും ദ്രൗപദി തിരിച്ചറിയുന്നു. അനുഭവിച്ച നരകയാതനക്കെല്ലാം സൗന്ദര്യം തന്നെ ഒരു കാരണമായിത്തീരുന്നു. സ്ത്രീ വെറുമൊരു വിൽപ്പന ചരക്കാണോ? അവൾക്ക്‌ സ്വതന്ത്രമായ വ്യക്തിത്വമില്ലേയെന്നും കൗരവസഭയിൽ അധിക്ഷേപത്തിന്നിരയാകുമ്പോള്‍ ഈ കഥാപാത്രം ചോദിക്കുന്നുണ്ട്‌. സ്ത്രീയുടെ ധാർമ്മിക രോഷം തന്നെയാണിവിടെ പ്രതിഫലിക്കുന്നത്‌. വർത്തമാനകാലത്ത്‌ പുരോഗമന പ്രസ്ഥാനങ്ങളും ,സ്ത്രീ ശാക്തീകരണങ്ങളും തഴച്ചു വളരുമ്പോഴും സ്ത്രീ ചൂഷണത്തിന്നിരയായി പീഡനങ്ങളനുഭവിക്കുന്നു. ഈയവസരത്തിൽ സ്ത്രീ ജന്മത്തെ തന്നെ വെറുക്കപ്പെടുന്ന സ്ത്രീകളിൽ നിന്നും ദ്രൗപദി വ്യത്യസ്തയാകുന്നത്‌ ഇവിടെയാണ്‌. നോക്കുക, ഇത്രയൊക്കെ അനുഭവിച്ചിട്ടും അടുത്ത ജന്മത്തിലും താൻ സ്ത്രീയായി ജനിക്കണമെന്ന്‌ തന്നെ മോഹിക്കുന്നു. അത്‌ വിചിത്രമല്ല. സ്ത്രീ അമൃത ജനനിയാണെന്ന ബോധം കൂടിയാണ്‌. സ്ത്രീക്കു മാത്രമെ മുലപ്പാലിന്റെ രൂപത്തിൽ കുഞ്ഞിന്റെ വായിലേക്ക്‌ അമൃതു പകരാൻ കഴിയു. മതൃത്വത്തിന്റെ നിർവ്വിശേഷമായ മഹത്വമാണിവിടെ ദൃശ്യമാകുന്നത്‌.



അഞ്ചു പേർ ഭർത്താവായിട്ടുള്ളവൾ എന്ന സമൂഹത്തിന്റെ അധിക്ഷേപത്തിനും ദ്രൗപദി ഇരയാവുന്നു. പതിവ്രതയിൽ നിന്നും വ്യഭിചാരിണിയെന്ന പേര്‌ കൽപ്പിക്കുന്നു. അത്‌ പഞ്ചഭൂതങ്ങളാണെന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെ മറക്കപ്പെടുന്നു. ഓരോ സ്വഭാവവും ഒന്നിൽ നിന്ന്‌ ബഹുടൂരത്തിലാണ്‌. അവയോരോന്നുമായി സമരസപ്പെട്ടുപ്പോകുക എന്ന ദുഷ്ക്കരമായ കൃത്യം ദ്രൗപദിയുടെ ജീവിതത്തിലുടനീളം സംഭവിക്കുന്നു. വിഭിന്ന സ്വരങ്ങളെ സ്വരൈക്യത്തിലേക്ക്‌ നയിക്കുകയാണ്‌ ദ്രൗപദിയുടെ കർത്തവ്യം. അത്‌ അവർ വിജയകരമായി നിർവ്വഹിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. ഏതവസ്ഥയോടും സ്ത്രീ പൊരുത്തപ്പെടുക എന്ന ഒരർത്ഥവും ഇവിടെ നിഴൽ വിരിക്കുന്നു. ഓരോ സന്ദർഭത്തിലും ആത്മസംയമനം പാലിച്ച്‌ നീതിബോധത്തോടെ ജീവിച്ച ദ്രൗപദിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക. ! മനസ്സിന്റെ വേദനകളത്രയും പകരുന്നത്‌ ബന്ധുവും, ആത്മമിത്രവുമായ ശ്രീകൃഷ്ണനോടാണ്‌. "ധനം, ഐശ്വര്യം, സാമർത്ഥ്യം, യശസ്സ്‌ ,സുഹൃത്തുക്കൾ. ബന്ധുക്കൾ, ഭർത്താവ്‌ ,പുത്രൻ, പുത്രി, ഭാര്യ, ഈ കൂട്ടത്തിൽ വേദനയറിയുന്ന ഒരു ബന്ധു ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. സുഖത്തിൽ സുഖം ചാലിച്ച്‌ ആനന്ദം നൂറിരട്ടിയാക്കുകയും ,ദുഃഖത്തിൽ പങ്കു ചേർന്ന്‌ വ്യഥ കുറക്കുകയ്യും ചെയുന്ന ബന്ധു."എന്ന്‌ നോവലിസ്റ്റ്‌ ദ്രൗപദിയിലൂടെ സൂചിപ്പിക്കുന്നു. ആ മിത്രമാകുന്നത്‌ കൃഷ്ണനാണ്‌. ഹൃദയാലുവായ മിത്രത്തിന്റെ മുന്നിൽ മനസ്സു തുറന്നാൽ ഹൃദയം ആകാശം പോലെ സ്വതന്ത്രവും, ഉദാരവും ,പ്രകാശപൂർണ്ണവുമായിത്തീരും. എന്നാൽ മറ്റുള്ളവരുടെ മനസ്സറിയുന്ന ഗോവിന്ദനോട്‌ ഒന്നും പറയേണ്ടി വരുന്നില്ല. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഉദയസൂര്യന്റെ സ്പർശമേറ്റ്‌ ഇതൾ വിരിയുന്ന പൂവു പോലെ മനസ്സ്‌ താനെ തുറക്കുമെന്നാണ്‌ ദ്രൗപദിയുടെ മതം. ഗോവിന്ദന്റെ മുമ്പിൽ ദ്രൗപദിയുടെ എല്ലാ വ്യഥകളും അറിയാതെ തന്നെ അനാവൃതമാകുന്നു.



ദ്രൗപദിയുടെ അഭാവത്തിൽ അഞ്ചുപേരും അനുഭവിക്കുന്ന സംഘർഷങ്ങൾ പലവിധ ഭാവഹാവാദികളോടെ ദ്രൗപദിയോടേറ്റുമുട്ടുന്നു. നിപുണതയോടെ അവരനുഭവിക്കുന്ന പലവിധ നോവുകളുടെ ആഴം സീമാതീതമായി വരച്ചുകാണിക്കുവാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭൂമിയിൽ ധർമ്മ സംസ്ഥാപനാർത്ഥം പഞ്ച പാണ്ഡവരുടെ ഭാര്യയായി എന്നതിനാൽ ഐവരോടും പൊരുത്തക്കേടുകൾക്കിടയിലും സമരസപ്പെടുവാൻ അവർ തയ്യറാവുന്നു. വിയോജിപ്പിനേയും യോജിപ്പാക്കി മാറ്റുന്ന അസാധാരണ വൈഭവം ഈ ശക്തയായ കഥാപാത്രത്തിലൂടെ അഭിദർശിക്കാം.





സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരം മാത്രമല്ല പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌. സ്ത്രീ, ആര്യവനിത, രാജ്ഞി എന്നിങ്ങനെയുള്ള ഇടുങ്ങിയ വേലിക്കെട്ടുകൾ ഭേദിച്ച്‌ വയസ്സ്‌, വർഗ്ഗം‌, ജാതി, മുതലായ വിഭാഗീയതകള്‍ തകർത്ത്‌ മുന്നോട്ടു വരുന്ന മാനവികതയാണത്‌. മഹാഭാരതത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ദ്രൗപദിയാണ്‌ ` പ്രതിഭാറായിയുടേത്‌. അവൾ അടിച്ചമർത്തപ്പെട്ടവരുടെ ,മൗനങ്ങളുടെ രസനയാകുന്നു. പ്രതികൂലാവസ്ഥയിലും നിർഭയത്വവും , ധീരതയും കാഴ്‌ച വെച്ച ദ്രൗപദി സ്ത്രീ വർഗ്ഗത്തിനു തന്നെ അഭിമാനമാണ്‌. നീതി ലഭിക്കേണ്ട ഈ ലോകത്ത്‌ ദ്രൗപദിയെ അറിയുകയും, പഠിക്കുകയും ആവശ്യമാണ്‌. വെറും വായനയല്ല. പല തലങ്ങളിലൂടേയും ,സൂക്ഷ്മനിരീക്ഷണത്തോടെ അപഗ്രഥനാത്മകമാക്കണം. സ്ത്രീകൾ കരുത്തുറ്റവരും ,നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ ലോകത്തിനു ദീപവുമായിരിക്കണം. നിത്യവും ലോകത്തിലെല്ലായിടത്തും , മനുഷ്യനുള്ളിലും, പുറത്തുമൊരു കുരുക്ഷേത്രയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. എല്ലാവിധ അന്യായങ്ങൾക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെ ദ്രൗപദിയെ പോലെ പോരാടാനുള്ള കരുത്ത്‌ സജ്ജമാക്കുക. എന്നേ ഹൃദയത്തിൽ അവരോധിച്ച ദ്രൗപദിയുടെ കരുത്തിനിപ്പോൾ മാറ്റ്‌ കൂടിയിരിക്കുന്നു. വായനയുടെ അന്ത്യത്തിൽ നീറിപിടിക്കുന്ന ഒരു നോവാകുമ്പോഴും , കടുത്ത മഞ്ഞായും, മഴയായും, വേനലായും .......വ്യത്യസ്ത ഭാവപ്പകർച്ചകളുടെ ശക്തിസ്രോതസ്സായി ദ്രൗപദി എന്റെ മനസ്സിന്റെ മുറ്റത്ത്‌ അഭൗമപ്രഭയോടെ നിറഞ്ഞു നിൽക്കുന്നു.