Sunday, January 6, 2013

അണിനിരന്നു പോരാടണം



ഇന്ദിരാബാലൻ  


ലോകം വിവരസാങ്കേതികവിദ്യയുടെ അമരത്വത്തിലേക്കു കുതിക്കുമ്പോഴും അനുനിമിഷം കണ്ടുകൊണ്ടിരിക്കുന്നത്` സമൂഹം സാംസ്ക്കാരികശൂന്യതയുടെ അന്ധകാരത്തിലേക്കു കൂപ്പുകുത്തുന്ന കാഴച്ചകളാണ്‌ .സ്ത്രീ എപ്പോഴും വിവിധരൂപഭാവഹാവാദികളോടെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീയോടുള്ള ലോകത്തിന്റെ ഉഗ്രതേർവാഴ്ച്ചകൾക്കു യാതൊരു ലോഭവുമില്ലെന്ന്‌ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാർത്തകളും സംഭവങ്ങളും സൂചിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ മനസ്സും ശരീരവും മന്ദീഭവിപ്പിക്കുന്ന വാർത്തകളാണ്‌ കേള്‍ക്കുന്നതും  കാണുന്നതും.. എങ്ങിനെയൊക്കെ സമൂഹത്തിൽ അഴിച്ചുപണികൾ നടത്തിയാലും വൈകുന്നേരം വരെ വെള്ളം കോരി അവസാനം കുടം ഇട്ടു ഉടക്കുന്ന അവസ്ഥയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സ്ത്രീ കേവലം  വില്‍പ്പനച്ചരക്കും, ഉപഭോഗവസ്തുവും മാത്രമായി ചുരുങ്ങുന്നു . തികച്ചും അരാജകമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷം. കേരളത്തില്‍  നടമാടുന്ന സ്ത്രീപീഡനവാർത്തകൾക്കൊപ്പം തന്നെ മറുസംസ്ഥാനങ്ങളിലും ഇത്തരം നീചപ്രവൃത്തികൾ അഴിഞ്ഞാടുകയാണ്‌. അക്രമത്തിന്റെയും, പ്രതിഷേധ യുദ്ധക്കളരിയുടേയും വാര്‍ത്തകള്‍ കൊണ്ടു  മുഖരിതമാണ്‌  മാധ്യമങ്ങള്‍. 


“ കുറ്റവാളിയെങ്കിൽ മകനെ തൂക്കിലേറ്റണമെന്നു” പറയുന്ന ഒരമ്മയുടെ വ്യഥ എത്രയാണെന്നു ഓരോ  അമ്മമാർക്കും ഊഹിക്കാവുന്നതേയുള്ളു. ഒരു കുഞ്ഞിനെപ്രസവിച്ച്‌ ഊട്ടിവളർത്തി പ്രതീക്ഷയോടെ വളർത്തി വലുതാക്കി ഒരു ഉത്തമപൌരനാക്കിവളർത്തുക എന്നത് ഏതൊരമ്മയുടെയും ആഗ്രഹമാണ്‌. ഈ പ്രതീക്ഷകളെയാണ്‌ ഇവിടെ തല്ലിക്കെടുത്തുന്നത്‌. അവർ വളർന്നു വരുന്ന സാഹചര്യങ്ങളാണൊ ഇത്തരം അക്രമങ്ങൾ അഴിച്ചുവിടാനും, അക്രമികളാകാനും  അവരെ പ്രാപ്തരാക്കുന്നത്‌? അമ്മമാരുടെ സ്വപ്നങ്ങളും ,പ്രതീക്ഷകളുമെല്ലാം  കത്തി  കരിഞ്ഞു ചാരമായിപ്പോകുന്നു. ആ അമ്മയെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്‌ അവർ ഒരാൺകുട്ടിയുടെ അമ്മമാത്രമല്ല, ഒരു പെൺകുട്ടിയുടെ കൂടി അമ്മയായതുകൊണ്ടാണെന്നു അവർ തന്നെ പറയുന്നു. ‌ ഡൽഹിയിൽ ബസ്സിൽ വെച്ച്‌പെൺകുട്ടിയെ ക്രൂരബലാൽസംഗം ചെയ്ത പ്രതിയുടെ അമ്മക്കാണു ഇങ്ങിനെ പറയേണ്ടിവന്നത്‌. ആക്രമത്തിന്നിരയായ പെണ്‍ ‌കുട്ടിയുടെ കുടല്‍മാല പുറത്ത് തള്ളും വിധം കാമഭ്രാന്തു കാണിച്ച ഒരുത്തനു ഇതിലും  വലിയ ശിക്ഷ ഇല്ലതന്നെ. ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കും വിധം ജനനേന്ദ്രിയത്തിലൂടെ കമ്പി തുളച്ചുകയറ്റുന്നവന്‍  മനുഷ്യനോ, മൃഗമോ?ഇന്ത്യന്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കാതെ ഇതെങ്ങിനെ നോക്കിനില്‍ക്കാനാകും?അങ്ങിനെയുള്ള ഒരു മകന്റെ അമ്മയായതിലും വേദനിക്കുന്നുണ്ടാകാം. ഹൃദയം കീറിമുറിക്കും വിധമായിരിക്കും  അവരുടെ വായിൽ നിന്ന്‌ ഈ വാക്കുകൾ വീണിട്ടുണ്ടാകുക. നിവൃത്തികേടിന്റെ,ഗതികേടിന്റെ ഒക്കെ ചിത്രമാണ് നമുക്കു മുന്നിലുയരുന്നത്‌. തന്റെ ദുരവസ്ഥക്കു  കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന വാശിയുണ്ടായിരുന്നതിനാലാവണം ഇടക്കിടെ അവള്‍ ആ നരാധമന്‍മാരെ പിടികൂടിയോ എന്ന്  ഡോക്ടര്‍മാരോട് അന്വേഷിച്ചിരുന്നത്.  ജീവന്റെ നേരിയ ശ്വാസത്തിലും ഈ പെണ്‍കുട്ടി ധീരമായി പോരാടിയെങ്കിലും അവസാനം നിമിഷം അവള്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നെന്നറിയുമ്പോള്‍ ‌ ഭാരതം പോലും തല കുനിക്കേണ്ടി വരുന്നു.


അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ സുതാര്യത ഇന്നെവിടെയാണ്‌.? പല തട്ടുകളിൽ സമൂഹത്തെ ഉദ്ധരിക്കേണ്ടവർ അല്ലെങ്കിൽ നന്മയുടെ  പ്രകാശം ചുരത്തേണ്ടവർ തന്നെ കാപാലികരായിത്തീരുന്നു. പെൺകുട്ടികള്‍  പ്രായഭേദമില്ലാതെ വലിച്ചിഴക്കപ്പെടുന്നു. വിരോധാഭാസങ്ങളുടെ ആകത്തുകയാണ്‌ സമൂഹത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നു  പറയാതെ നിവൃത്തിയി ല്ല. ഈ അതിക്രമങ്ങള്‍ക്കെല്ലാം മറ്റുള്ളവർക്കു കൂടി പാഠമാകുന്നതരത്തിൽ പ്രതികള്‍ക്ക്  കടുത്ത ശിക്ഷ ഉറപ്പാക്കും എന്നു പറയുകയല്ലാതെ ഒന്നും പ്രാബല്യത്തിൽ വരുന്നതായി കാണുന്നില്ല. എല്ലാം നടപ്പിലാക്കും എന്നുള്ള വീരവാദങ്ങൾക്കു മാത്രം ഒരു കുറവുമില്ല. ഉന്നത തല അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു എന്നെല്ലാം വെറും വാക്കുകളായി അവശേ ഷിക്കുന്നു, വെറും ആരംഭശൂരതകളായി മാറുന്നു,അഥവാ വെള്ളത്തില്‍ വരച്ച വരകള്‍ മാത്രമാകുന്നു. . 

സ്ത്രീകൾക്കും , കുട്ടികള്‍ക്കു മെതിരെയുള്ള അക്രമങ്ങളും, ദു ഷ്പ്രവണതകളും വർദ്ധിച്ചുവരുന്നത്‌ ഉദാഹരണസഹിതം നിരത്തി ഒരു പ്രമുഖ പത്രം പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു.മാറിയ സാമൂഹ്യജീവിതശൈലികളടക്കം അതിൽ പ്രതിപാദിച്ചിരുന്നു, എന്നിട്ടും വാർത്തകള്‍  സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം സമാന്തരമായി ഇത്തരം ക്രൂരപ്രവർത്തനങ്ങളും അരങ്ങേറുന്നു എന്നത്‌ സമൂഹത്തിന്‌ അപമാനകരവും ലജ്ജാവഹവുമാണെന്നു പറയേണ്ടി വരുന്നു. വിവേചനശക്തി ഇല്ലാത്ത മൃഗങ്ങളേക്കാൾ മനുഷ്യൻ അധഃപതിച്ചുകഴിഞ്ഞിരിക്കുന്നു.

അപമാനിക്കപ്പെട്ടവർ കേസുകളിലേക്കും നിയമങ്ങളിലേക്കും നടന്നാൽ അതിനെ ദുർബ്ബലമാക്കാനും, പിൻവലിപ്പിക്കാനുമാണ് ` കൂടുതൽ ശ്രമങ്ങൾ കാണുന്നത്‌. പ്രതികള്‍  പ്രബലരാണെങ്കിൽ സമ്മർദ്ദവും, ഭീഷണിയും ഫലം. പരാതിക്കാരിൽ ഭൂരിഭാഗവും കേസിന്റെ നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും, സമ്മർദ്ദവും താങ്ങാനാവാതെ തളർന്നുപോകുന്ന സ്ഥിരം കാഴ്ച്ചകൾ.

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം മറ്റു വഴികളും അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊച്ചുകുട്ടികൾ പോലും കുറ്റക്കാരായി ജുവനൈൽ ഹോമുകളിലെത്തുന്ന വാർത്തകളും കുറവല്ല. കുട്ടികളുടെ ശോഭനമായ ഭാവിക്ക് ഇത്തരം കാര്യങ്ങള്‍ക്കായി  സ്ക്കൂളുകളിൽ പ്രത്യേകം ബോധവല്‍ക്കരണക്ളാസ്സുകൾ നിർബന്ധമാക്കേണ്ടതുണ്ട്‌.

നിർദ്ധനകുടുംബത്തിലെ പെൺകുട്ടികള്‍  മൈസൂർകല്യാണം എന്ന വിവാഹതട്ടിപ്പിലൂടെ കെണിയിലകപ്പെടുന്ന വാർത്തകളും  സുലഭം. ജീവിക്കാനായി ചതിക്കുഴികളറിയാതെ അഗാധഗർത്തങ്ങളിലേക്കാണ്‌ ഇവർ ചെന്നുപതിക്കുന്നത്‌. കുടിലുകളിൽ എരിയുന്ന മെഴുകുതിരി നാളങ്ങളായി അവരുടെ ജീവിതം പൊലിഞ്ഞുപോകുന്നു. ആവശ്യം കഴിഞ്ഞാൽ തെരുവുകളിലെ അഴുക്കുചാലുകളി ലേക്ക്  വലിച്ചെറിയപ്പെടുന്നു. ഒന്നിലധികം ഭാര്യമാരുള്ളവരാണ്‌ ഇത്തരം വിവാഹതട്ടിപ്പുകൾ നടത്തുന്നത്‌. നിരക്ഷരരായ ഇവരെ കരകയറ്റാൻ സമൂഹം എങ്ങിനെയാണ്‌ ബദ്ധശ്രദ്ധരായിരിക്കേണ്ടത്‌?


ഇവിടെ മൂല്യശോ ഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു.ഇതില്‍  നിന്നും മനസ്സിലാക്കാനാവുന്നത് സ്ത്രീയെ സഹജീവിയായി സംരക്ഷിക്കാന്‍ ഈ ഭരണ കൂടത്തിനാവുന്നില്ല എന്നതുതന്നെയല്ലേ? കാലവിളംബം കൂടാതെ ഇതിന്നെതിരെ  കടുത്ത ശിക്ഷതന്നെ ഉറപ്പാക്കേണ്ടതുണ്ട്. പുകയുന്ന മനസ്സുമായി ഒരു ജനത ഇവര്‍ക്കൊപ്പമുണ്ട് .   കൂട്ടമാനഭംഗകേസിന്റെ  പശ്ച്ചാത്തലത്തില്‍  കേന്ദ്രഭരണകൂടത്തിനു നേരെ നടക്കുന്ന സമരം അര്‍ത്ഥവത്താകുമെന്നു പ്രത്യാശിക്കാം .വനിതകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍  നേരിടുന്നതിന്‌ നിയമനിര്‍മ്മാണത്തിനു തയ്യാറാണെന്ന യു.പി.എ അദ്ധ്യക്ഷ സോണിയയില്‍ നിന്നും ലഭിച്ച മറുപടിയില്‍ നമുക്ക് പ്രതീക്ഷിക്കാം  ഈ നരാധമന്മാര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ തന്നെ വിധിക്കുമെന്ന്‌ .  ഇത്തരം മൃഗീയമായ കുറ്റകൃത്യങ്ങള്‍ക്കും,ജീര്‍ണ്ണിച്ച അവസ്ഥക്കും  കടുത്ത ശി ക്ഷാവിധിയിലൂടേയും, സാംസ്ക്കാരികമായ ഉന്നമനത്തിലൂടേയും  മാത്രമേ   തടയിടാനാകുകയുള്ളു. അതിന്‌ ഓരോരുത്തരും ഉണർന്നു പരിശ്രമിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ പരിശ്രമങ്ങളിലൂടെ,പ്രതിഷേധങ്ങളിലൂടെ  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെ     നാം അണി നിരന്ന്‌ പോരാടുക തന്നെ വേണം. ഡല്‍ഹി പെണ്‍കുട്ടിയുടെ  മരണം വ്യര്‍ഥമാകാതെ  സ്ത്രീകളുടെ സംരക്ഷണത്തിന്നുതകുന്ന നിയമങ്ങള്‍ എത്രയും വേഗം തന്നെ നിലവില്‍ വരണം. ആ പെണ്‍കുട്ടി മരിക്കുന്നില്ല.....അവളിലൂടെ  ഈ നാടുണരട്ടെ......





No comments:

Post a Comment