Sunday, January 6, 2013

സ്ത്രീ ജീവിതത്തിന്റെ ആരോഹണാവരോഹണങ്ങള്‍







സ്ത്രീസ്വാതന്ത്ര്യത്തിന്റെ മൂന്നാം ഘട്ടത്തിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളും അന്വേഷിക്കാനുള്ള ഒരുദ്യമമാണ്‌ ഈ ലേഖനത്തിലൂടെ നിർവഹിക്കുവാന്‍ ശ്രമിക്കുന്നത്. നിർവ്വഹണങ്ങൾ പലപ്പോഴും അപൂർണ്ണങ്ങൾ തന്നെയാവുന്നു. കാരണം ലോകത്തിന്റെ കരിങ്കല്‍ മതിലുകൾക്കുള്ളിൽ അവൾ എപ്പോഴും അസ്വതന്ത്രയും, പീഡനവിധേയയും തന്നെയെന്ന പരോക്ഷമായ സത്യങ്ങൾ എപ്പോഴും നീരാളികളെപ്പോലെ പിന്തുടരുന്നു.


ചാതുര്‍ വർണ്ണ്യത്തിനു മുമ്പ്‌ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. മതം, കുടുംബം ,സമൂഹം ഈ കള്ളികൾക്കുള്ളിൽ ഓരോ കാലഘട്ടത്തിനുമനുസരിച്ച്‌  അവളെ ചെത്തിയും, മിനുക്കിയും പാകപ്പെടുത്തുക്കൊണ്ടിരിക്കുന്തിൽ സമൂഹം വ്യാപൃതമായി. നിലവിലുണ്ടായിരുന്ന ചരിത്രവ്യവസ്ഥിതിയോടുള്ള  വെല്ലുവിളികളും, സമരങ്ങളുമാണ്‌ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സ്ത്രീശാക്തീകരണപ്രവർത്തനങ്ങളെല്ലാം.

സ്ത്രീയെ ഉദാത്തവല്ക്കരിക്കുകയും ഒപ്പം തന്നെ അരികുകളിലേക്കു മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നു. ഭാര്യ , ഭർത്താവിന്റെ അടിമയോ, ഉപഭോഗവസ്തുവോ അല്ല, മറിച്ചു സഖിയും, സഹായിയുമാണെന്ന ബോധം ഒരു ചെറിയ പക്ഷത്തു മാത്രമേ ഉള്ളു. തന്റേതായ സ്ഥാനവും, മാനവും അടയാളപ്പെടുത്താനും ജീവിതം എങ്ങിനെ വേണമെന്നു നിർണ്ണയിക്കാനുമുള്ള അധികാരം /അവകാശം പുരുഷനെപ്പോലെ സ്ത്രീക്കും  ഉണ്ടെന്നു സമ്മതിക്കുവാൻ സമൂഹത്തിനായില്ല. സ്ത്രീയെ ത്യാഗത്തിന്റേയും, സഹനത്തിന്റേയും, സ്നേഹത്തിന്റേയും പ്രതീകമാക്കി അവളുടെ നാവിനെ ഇരുമ്പുചങ്ങലകളാൽ ബന്ധിച്ചു. 'സ്ത്രീ അടങ്ങിജീവിക്കേണ്ടവൾ 'എന്ന മുൻ വിധികൾ അവൾക്കു നേരെ സദാ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങൾ ആരോഗ്യപരമായാലേ ഈ സാമൂഹ്യജീവിതം സുതാര്യമാകുകയുള്ളു എന്ന യാഥാർത്ഥ്യം ബോധപൂർവം തിരശ്ശീലക്കുള്ളിലേക്കാക്കി." സ്ത്രീ- സ്ത്യൈ  -സംഘാതെ-ബീജാണ്ഡങ്ങൾ ഒന്നിക്കുന്നത്‌ "എന്നു നിഘണ്ടുകാരൻ അർത്ഥം കല്പ്പിച്ചു. ‘അമ്മ’യാവുകയെന്നത്‌ സമാദരണീയം തന്നെ. സർവമാനവഗുണങ്ങളുടെയും വിളനിലവുമാണ്‌` അമ്മ. എന്നാ ൽ "അമ്മ ശ്രേഷ്ഠയാണെന്ന" പരികല്‍പ്പനകളെല്ലാം ഇപ്പോള്‍ അസ്ഥനത്താണെന്നു പറയേണ്ടിയിരിക്കുന്നു.കാരണം അമ്മ മാരെപ്പോലും വെറുതെ വിടാത്ത കാട്ടാളത്തങ്ങളാണു നമുക്കു മുന്നിൽ തകർത്താടുന്നത്‌. പിടി വിട്ടോടുന്ന സമൂഹത്തിന്റെ ഗതി എവിടേക്കാണ്‌?



സ്ത്രീപുരുഷന്മാർ കായബലത്തിൽ വ്യത്യസ്തരാണെങ്കിലും ബുദ്ധിയുടെ പക്ഷത്ത്‌ സ്ത്രീ ഒട്ടും പിന്നിലല്ലെന്ന്‌ അഭിമാനപൂർവം പറയേണ്ടിയിരിക്കുന്നു. 46 ക്രോമസോമുകളിൽ ഏകക്രോമസോമിന്റെ അളവിലാണ്‌ ലിംഗവ്യത്യായാസം ഉള്ളതെന്ന്‌ ജീവശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.
പണ്ട്‌ സ്ത്രീയുടെ വസ്ത്രധാരണത്തിനും. ആഭരണങ്ങൾ ധരിക്കുന്നതിനും,എങ്ങിനെയെല്ലാം സംസാരിക്കണം, അഥവാ സംസാരിക്കരുത്‌ എന്നെല്ലാം ഉള്ളതിന്‌ മാറാല പിടിച്ച ചിന്തകൾ ഉണ്ടായിരുന്നല്ലൊ. സ്വന്തം ശരീരത്തിന്റെ നഗ്നത മറക്കാൻ പോലും പുരുഷാധിപത്യ സമൂഹത്തിന്റെ അനുവാദം വേണ്ടിയിരുന്നു എന്നത്‌ തെളിയിക്കുന്നതെന്താണ്‌? ലൈംഗികാധിനിവേശപ്രത്യയശാസ്ത്രത്തിന്റെ അടയാളങ്ങൾ തന്നെ. സ്ത്രീ വ്യക്തിത്വമുള്ളവളാണെന്നു കാണുവാനുള്ള  സമുഹത്തിന്റെ അസഹിഷ്ണുതയാണ്‌ ഇതിൽ നിന്നും വായിച്ചെടുക്കാനുള്ളത്‌. സ്ത്രീ അവളുടെ വ്യക്തിത്വത്തേയും, നൈസർഗ്ഗികതയേയും തീറെഴുതി തന്നെ ജീവിക്കുവാൻ നിർബന്ധിതയായി. കുടുംബത്തിലെന്നും സാമ്പത്തികാധികാരം പുരുഷന്റെ കുത്തകയായി. മേധാവിത്വം നിറഞ്ഞ ജാതിഘടനകളിലും, കുത്തനെയുള്ള അധികാരശ്രേണികൾക്കുള്ളിലും കിടന്ന്‌ അവൾ വീർപ്പു മുട്ടി. 'സ്ത്രീ രാത്രിയിലൊഴുക്കുന്ന കണ്ണീരാണ്‌ അവളുടെ പകലിലെ പ്രവർത്തനങ്ങൾക്ക് ഇന്ധനമാകുന്നതെന്ന 'അജിത് കൌറിന്റെ(താവളങ്ങളില്ലാത്തവര്‍  )വാക്കുകളിവിടെ സ്മരണീയമാകുന്നു. വീട്ടകങ്ങളിലെ -ഉരുക്കുനിയമങ്ങൾക്കു മുന്നിൽ അവൾ മുട്ടു കുത്തി. സതി, ബഹുഭാര്യാത്വം, ശൈശവവിവാഹം, ദേവദാസി, പർദ്ദ, പെൺ ഭ്രൂണഹത്യകൾ, പെൺ കുഞ്ഞുങ്ങളാണെങ്കിൽ ജനിച്ചയുടനെ ശ്വാസനാളത്തിൽ നെന്‍മണിയിട്ടു കൊല്ലുന്ന ക്രൂരകൃത്യങ്ങൾ ..അങ്ങിനെ നീളുന്നു അവൾക്കെതിരേയുള്ള യുദ്ധമുറകൾ.എണ്ണി യാലൊടുങ്ങാത്ത അനാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും ഉള്ളിലവളെ തളച്ചിട്ട് , ശക്തി ക്ഷയിപ്പിച്ചു.

ജീവിതത്തിന്റെ ആഴങ്ങളിൽ കിടന്നു ശ്വാസം മുട്ടുമ്പോഴും അവളൊരു തീക്കുണ്ഠമായെരിഞ്ഞു നിന്നു. ഒന്നുറക്കെ കരയാൻ പോലും അവകാശമില്ലാതെ നിഷേധങ്ങളും, വിലക്കുകളും ശബ്ദഘോഷത്തോടെ വാതിലുകൾ കൊട്ടിയടച്ചു. ലിംഗപരമായ  അതുല്യതയാൽ പ്രാന്തവല്ക്കരിക്കപ്പെട്ടു. അമ്മ,മകൾ, സഹോദരി, ഭാര്യ എന്നീ വേലിക്കെട്ടുകൾ തകർത്താണ്‌ സ്ത്രീ നിലവിലുള്ളതിനോടെല്ലാം കലഹിച്ചതും, സ്വാതന്ത്ര്യത്തിന്റെ പഥങ്ങളെ അന്വേഷിച്ചതും, അവളുടെ സ്വത്വത്തിന്റെ പക്ഷങ്ങൾ വീശി പുതിയ ഊർജ്ജം സംഭരിക്കാനൊരുമ്പെട്ടതും.അത്‌ രാഷ്ട്രീയമായ ഉല്‍ ബുദ്ധതയിലൂടെയും, സാമൂഹ്യപരിഷ്ക്കരണങ്ങളിലൂടെയും ആയിരുന്നു. സ്ത്രീയുടെ യാത്രാപഥങ്ങൾ കാമവസ്തുവിൽ നിന്ന്‌,ഉപഭോഗവസ്തുവിൽ നിന്ന്‌, വർഗ്ഗസമരത്തിലേക്കുള്ള ചുവടുവെയ്പ്പ് ഒരു വലിയ ചരിത്രഗതിയായി. ഇരുട്ടിൽ നിന്നും പ്രകാശപൂർണ്ണമായ വഴികളിലേക്കു പല മഹാരഥന്മാരും വഴിവിളക്കു തെളിച്ചുകൊടുത്തു. പുരോഗമനത്തിന്റെ  പാതയിലെ വെളിച്ചം നല്കി അവളുടെ ബുദ്ധിയേയും ചിന്തയേയും സ്ഫുടം ചെയ്തെടുത്തു.

ശാരദക്കുട്ടി പറഞ്ഞതുപോലെ സ്ത്രീ സഹജമായ മതിഭ്രമങ്ങളെയെല്ലാംകുടഞ്ഞെറിഞ്ഞു. നിരവധി  സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും  ചിന്താധാരകളും ഉടലെടുത്തു. സാമൂഹികവും, സാംസ്ക്കാരികവും, രാഷ്ട്രീയവുമായ കളങ്ങളിലൂടെ  അവളും ചവുട്ടിക്കയറി. ശക്തമായി രംഗത്തു വന്നിരുന്ന പലരും അടയാളപ്പെടാതെ ചരിത്രത്തിന്റെ തമോഗർത്തങ്ങളി ലേക്കു പതിച്ചു. ബോധപൂർവം പ്രവർത്തിക്കുന്നവരെക്കാൾ അബോധപൂർവം ഇടപെട്ടിരുന്ന സ്ത്രൈണതയുടെ ശക്തിയാർജ്ജിച്ച വ്യക്തിത്വങ്ങളുണ്ടായിരുന്നു. പെണ്ണിന്റെ വൈകാരികമായ തിളച്ചുമറിയലുകള്‍  നിലവിലുള്ള  വ്യവസ്ഥിതിയെ തകർത്തു. പുരുഷാധിപത്യപരമായ അവസ്ഥകൾക്കു നേരെ വാളോങ്ങി. ,ഉണ്ണിയാർച്ചകളും,  ജാൻസിറാണികളും രംഗപ്രവേശം ചെയ്തു. നിലവിലുള്ള വെല്ലുവിളികളേയും, ഉള്ളിലുള്ള  പ്രതിരോധങ്ങളെയും മറികടക്കുവാൻ അക്ഷീണം പ്രവർത്തനനിരതരായി.

അമ്മ, ഭാര്യ,പൊതുപ്രവർത്തക , ഉദ്യോഗസ്ഥ ഇങ്ങിനെ പല തലങ്ങളിലും അവളുടെതായ കടമകൾ വളരെ ഭംഗിയായി നിർവഹിച്ചു. അതെളുപ്പമായിരുന്നില്ലയെന്ന സത്യം നാം മനസ്സിലാക്കണം. സമൂഹത്തിലേക്കി റങ്ങിയ സ്ത്രീകളെ വീടുകളിലേക്കു തന്നെ തിരിച്ചെത്തിക്കേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമായിരുന്നു.എവിടെയും തന്റെ കടമകൾ ശരിയായി നിർവഹിക്കാൻ സമ്മതിക്കാതിരുന്ന സമൂഹത്തിന്റെ പരുവപ്പെടുത്തലുകൾക്കുള്ളിൽ അവൾ അന്തഃ സംഘർഷത്തിന്നിരയാക്കപ്പെട്ടു. സ്ത്രീ യുടെ ആന്തരികവും, ബാഹ്യവും ആയ എല്ലാ സംഘർഷങ്ങളും ,ഇടപെടലുകളും നാട്ടുചരിത്രങ്ങളെ, അഥവാ ലോകഗതികളെ തന്നെ മാറ്റി മറിച്ചു. പുതിയ സ്ത്രീ ജീവിത ഭാഷ്യങ്ങൾക്കു തിരി കൊളുത്തി. ചരിത്രകേന്ദ്രങ്ങളിലേക്ക് ഒരു സ്ത്രീയെ എത്തിക്കുന്ന അവസ്ഥ അവളുടെ ചരിത്രപരമായ സ്ഥാനത്തിലുപരി സാമൂഹികപദവിയെക്കൂടി നിർണ്ണയിക്കുന്നതായിരുന്നു.


നമുക്കു മുന്നിൽ ഇതിഹാസങ്ങളുടെ താളുകൾ മറിച്ചാൽ നിരവധി വ്യക്തിത്വമാർജ്ജിച്ച അഥവാ ശക്തിവിശേഷമുള്ള കഥാപാത്രങ്ങളെ കാണുവാൻ സാധിക്കും. സ്വത്വം നേടിയെടുത്ത കരുത്തുറ്റ ഒരു കഥാപാത്രമായിരുന്നു മഹാഭാരതത്തിലെ ദ്രൌപദി. യാഗാഗ്നിയിൽ നിന്നും പിറന്നവൾ, ലോകത്തിനു നേരെ, സ്ത്രീവിരുദ്ധതക്കെതിരെ, ചോദ്യശരങ്ങൾ എയ്തവൾ.താൻ അപമാനിതയാക്കപ്പെട്ടപ്പോൾ കൈയും കെട്ടി നിന്ന വീരശൂരപരാക്രമികളായ ഭർത്താക്കന്മാരെ ഉത്തരം മുട്ടിച്ച ചോദ്യമുനമ്പിൽ നിർത്തിയവൾ! അവരോടും  ജീർണ്ണിച്ച സമൂഹത്തോടും ഉള്ള പകപോക്കൽ തന്നെയായിരുന്നു പാഞ്ചാലി നേടിയെടുത്ത വിജയം. അവളുടെ അഴിച്ചിട്ട മുടി വെല്ലുവിളിയുടെയും, പ്രതികാരദാഹത്തിന്റേയും ചിഹ്നമാണെന്ന   കവി സച്ചിദാനന്ദ ന്റെ  ചിന്ത സ്ത്രീ പക്ഷ വീക്ഷണത്തിനു കരുത്തേകുന്നു.അതുപോലെ ക്രൈസ്തവകഥയിലെ ഒരു കഥാപാത്രമാണ്‌ ഹെറോദ്യ രാജ്ഞി. സ്നാപകയോഹന്നാൻ തന്നെ അവഹേളിക്കുമ്പോൾ ഭയന്നു മിണ്ടാതിരുന്ന ഹെറോദോസിനെക്കൊണ്ട്‌ യോഹന്നാന്റെ തല വെട്ടിയെടുത്ത്‌ താലത്തിൽ വാങ്ങുന്ന ഹെറോദ്യയെ പ്രതിനിധാനം ചെയ്യുന്നത്‌ ക്ഷമാസഹനങ്ങളുടെ ചിരപരിചിതമായ സ്ത്രീമുഖങ്ങളെയല്ല. 

ധൈര്യത്തിന്റെ പ്രതീകമായിക്കൊണ്ടിരിക്കുന്ന സ്ത്രീസമൂഹത്തിനു മുന്നിൽ പണിതുയർത്തിയിട്ടൂള്ള കൂറ്റൻ ഉരുക്കുനിയമങ്ങൾ അവൾ ഭേദിക്കുകയും, കെണിയിലകപ്പെടാതെ വഴുതിമാറാൻ പഠിക്കുമ്പോഴും ഈയ്യാം പാറ്റകളെപ്പോലെ അഗ്നിക്കിരയാകുന്ന ഒരു വിഭാഗം സ്ത്രീസമൂഹങ്ങളും നമുക്കൊപ്പംതന്നെയുണ്ടെന്ന്‌ വിസ്മരിക്കാനാവില്ല. പുരോഗമനത്തിന്റേയും, അറിവിന്റേയും, പാതകൾ കയ്യടക്കുമ്പോഴും സ്ത്രീ ചൂഷണങ്ങൾക്കിരയാകുന്നുവെന്ന ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ  കാണാതിരിക്കാനോ,കേൾക്കാതിരിക്കാനോ ആവില്ല. ലാഭനഷ്ടപട്ടികകൾ മാത്രം കണക്കു കൂട്ടുന്ന പുതിയ ജീവിതവ്യവസ്ഥകളിൽ നിന്നും മൂല്യങ്ങൾ കളമൊഴിഞ്ഞുപോകുന്നു. മുലപ്പാൽ മണം വറ്റാത്ത പിഞ്ചു ബാല്യങ്ങളും അനാരോഗ്യം കൊണ്ടു വീർപ്പു മുട്ടുന്ന വാർദ്ധക്യം പൂകിയ അമ്മമാരും ഒരു പോലെ അകത്തും പുറത്തു ആക്രമിക്കപ്പെടുകയും, കച്ചവടവല്ക്കരിക്കപ്പെ ടുകയും ചെയ്യുന്നു. സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛന്മാരുടെയും,പെങ്ങളെ പീഡിപ്പിക്കുന്ന ആങ്ങളമാരുടെയും വാർത്തകൾ നിണമുതിർത്താടുകയാണ്‌. വീട്ടകങ്ങളിലെ മുയൽ വേട്ടകൾ  രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിന്നെതിരെയെല്ലാം മാതൃകാപരമായ ശിക്ഷാനടപടികൾ എടുക്കാതെ നീതിന്യായവ്യവസ്ഥപോലും കണ്ണടക്കുന്നതെന്താണ്‌.?ചോദ്യങ്ങൾ സ്വയം വിഴുങ്ങി ഊമകളെപ്പോലെ നിശ്ശബ്ദമാകുന്ന ഈ സമൂഹം എന്നു തിരിച്ചറിവു നേടും എന്ന ആശങ്കയിൽ ഒരോ ദിനങ്ങളും കൊഴിയുന്നു. 

ഐതിഹ്യങ്ങളി ലൂടെ കേട്ടറിഞ്ഞ കാല്‍ പ്പനികസൌന്ദ ര്യം വഴിഞ്ഞൊഴുകുന്ന മധുരയിലെ വൃന്ദാവനത്തിന്റെ ഭക്തിനിർഭരവും, പ്രണയനിരഭരവുമായ അന്തരീക്ഷത്തിന്നപ്പുറം വളരെ കടുത്തതും ഇരുണ്ടതുമായ വശങ്ങൾ ഉണ്ടെന്ന്‌ അഡ്വക്കറ്റ് രാധികയിലൂടെ  വന്ന പത്ര വാർത്ത ഏവരും അറിഞ്ഞതല്ലെ?നീലകടമ്പുവൃക്ഷങ്ങളും, യമുനാനദിയും, രാധാകൃഷണപ്രേമസങ്കല്പ്പങ്ങളുമെല്ലാം എത്ര വേഗമാണ്‌` തകിടം മറിഞ്ഞത്‌! യാഥാർത്ഥ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ          ത്വരിതഗതിയിൽ സ്വപ്നഭൂമിയെ ശ്മശാനഭൂമിയാക്കിതീർത്തു. ആരോരുമില്ലാത്ത വിധവകളാണത്രെ വൃന്ദാവനത്തിലെ അന്തേവാസികളിൽ ഏറിയപക്ഷവും. കൃഷ്ണനും രാധയും ബലരാമനും പങ്കിട്ടെടുത്ത ആയിരത്തിലധികം അമ്പലങ്ങളുണ്ടവിടെ. പരിപാവനതയുടെ അന്തരീക്ഷം മുഖരിതമാകുമ്പോഴും ഉൾക്കൊള്ളാനാവാത്ത സത്യങ്ങൾ മറുവശത്ത്‌. തല മുണ്ഡനം ചെയ്ത്‌, വെള്ളസാരി ചുറ്റി,അലങ്കാരങ്ങളേതുമില്ലാതെ, ഭിക്ഷാപാത്രവുമായി ഈ നൂറ്റാണ്ടിലും അവർ അലയുന്നു? വൃന്ദാവനത്തിൽ മാത്രം 3000 വിധവകളുണ്ടെന്നു വാർത്ത സൂചിപ്പിക്കുന്നു. അവരിൽ മുക്കാൽ ഭാഗവും പശ്ച്ചിമബംഗാളി ൽ നിന്നുള്ളവർ. അവിടെ താമസിക്കുന്നവരിൽ ചെറിയൊരു വിഭാഗം മാത്രമെ സ്വന്തം കുടുംബവുമായി ബന്ധമുള്ളവരുള്ളു.. ബാക്കിയുള്ളവർ തിരസ്ക്കരിക്കപ്പെട്ടവർ. ഭർതൃമരണത്തോടെ സ്വന്തം  വീട്ടുകാരാലും , ഭർതൃവീട്ടുകാരാലും ഉപേക്ഷിക്കപ്പെടുന്ന നിസ്സഹായരും, നിശ്ശബ്ദരുമായ മനുഷ്യജീവികൾ. ശേഷിച്ച ജീവിതം അടിയറവെച്ച്‌ അപമാനത്തിന്നിരയായി പിന്നിട്‌ സ്വയം ശരീരം വില്‍ ക്കപ്പെടുവാൻ നിർബന്ധിതരാവുന്നവർ. അക്ഷരാഭ്യാസം നിഷേധിച്ച ഇവരെ വളരെ ചെറുപ്രായത്തിലേ വിവാഹം കഴിച്ചയക്കുന്നു. വരനേക്കാൾ ഒരു പാടു വയസ്സിനിളപ്പമുള്ള വർ. യുവവിധവകൾക്കു സ്വന്തം ശരീരം തന്നെ ഭീഷണിയാകുമ്പോള്‍ വൃദ്ധവിധവകളെ രോഗങ്ങളും വാർദ്ധക്യവും അലട്ടുന്നു. പരിപാവനതയുടെ പുണ്യഭൂമിയായ വൃന്ദാവനത്തിലല്ലേ ഇത്രയും നീചമായ അവസ്ഥയുള്ള തെന്നോർക്കുമ്പോൾ ,അസഹിഷ്ണുത ഏറുന്നു .  സമൂഹത്തിന്റെ ഈ  ജീര്‍ണ്ണതക്കു   എല്ലാവരും കാരണക്കാരാകുന്നു. മനുഷ്യബന്ധങ്ങൾക്കും രക്തബന്ധങ്ങൾക്കും എന്തു വിലയാണ് ` ഇവിടെ കല്‍പ്പിക്കുന്നത്‌?“ഞങ്ങൾ മരിക്കാൻ വേണ്ടി മാത്രം വൃന്ദാവനത്തിലെത്തിയവരാണെന്നു "കേൾക്കുമ്പോൾ, കേൾക്കുന്നവരുടെ ചെവികൾ പൊള്ളിപോവുന്നു. ഭക്തിക്കപ്പുറം ഭീകരവും, ദുര്‍ഗന്ധവും നിറഞ്ഞ അന്തരീക്ഷത്തിൽ രാത്രികളിൽ നാറുന്ന ഗലികൾക്കു സമീപം ഒരു മുഷിഞ്ഞ തുണിക്കെട്ടുപോലെ അനാഥമായി കിടക്കുന്ന വിധവയുടെ ശരീരത്തെ ആക്രമിക്കാൻ കാമവെറി പൂണ്ട പിശാചുക്കൾ എത്തുന്നത്‌ പതിവുകാഴ്ച്ചയാണു പോലും. സ്ത്രീയെ ഇത്രയും അധപതിപ്പിച്ചു കാണുന്ന ഈ സമൂഹത്തിന്‌ പിടിപെട്ട മാറാവ്യാധിയേതാണ്‌?. ഒരിക്കലും സുഖപ്പെടുത്താനാവാത്ത രോഗാതുരമായ ഈ സമൂഹത്തിൽ നിന്നും സ്ത്രീക്കു മോചനമില്ലേ?വൃന്ദാവനത്തിൽ ഗവണ്മെന്റിന്റെ കീഴിലുള്ളതും, അല്ലാത്തതുമായ നിരവധി അഭയകേന്ദ്രങ്ങളുണ്ടെങ്കിലും അവിടെ ഉൾക്കൊള്ളാനാവാത്ത വിധം വിധവകൾ ഇപ്പോഴും ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നുവെന്ന  വാർത്ത ഉൾക്കൊള്ളാനാവാതെ  പൊള്ളുന്ന സത്യമായവശേഷിക്കുന്നു. വൈകുന്നേരങ്ങളിൽ ആശ്രമങ്ങളിൽ ഇവർ ഭജന  പാടുന്നു. ദിവസക്കൂലി 3രൂപ വരുമാനത്തിൽ. വൃന്ദാവനത്തിൽ വിധവകള്‍  മരിക്കാനിടയായാൽ തൂപ്പുകാർ വന്ന്‌ ശവം വെട്ടിനുറുക്കി ചാക്കിലാക്കി യമുനാനദിയിലേക്കെറിയുന്നെന്നറിയുമ്പോൾ നമുക്കെങ്ങിനെ സമനില തെറ്റാതിരിക്കാനാവും? എത്ര ബീഭൽസമായ അവസ്ഥ! 

1969- ൽ നടപ്പായ ഹിന്ദുസക്സഷൻ ആക്റ്റ് പ്രകാരം കുടുംബസ്വത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും ഭർത്താവിന്റെ സ്വത്തിൽ അയാളുടെ മരണശേഷം ഭാര്യക്കു അവകാശമുണ്ടെന്നും ഉള്ള കാര്യങ്ങൾ അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്ത പലരും അറിയാതെ പോകുന്നു. ഇവിടെ നടമാടുന്ന ഈ ക്രൂരതകൾക്കെതിരെ നിയമങ്ങള്‍ ഒന്നുമില്ലേ  എന്ന ചോദ്യമേ മുന്നിലുള്ളു. ഭർത്താവു മരിച്ച സ്ത്രീയെ എപ്പോഴും“വിധവ” യെന്നു വിളിക്കുമ്പോൾ ഭാര്യ മരിച്ച പുരുഷനെ “വിഭാര്യൻ” എന്നു സംബോധന ചെയ്യപ്പെടുന്നുണ്ടോ എല്ലായ്പ്പോഴും? അവിടെയും സ്ത്രീക്കു നേരെ കാണിക്കുന്നത്‌ വിവേചനം തന്നെ. എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചിരുട്ടാക്കുന്ന സ്വഭാവം സമൂഹത്തിനുണ്ട്‌. ജീവിതത്തിനു മുന്നിൽ എല്ലാ വഴികളും അടക്കുമ്പോൾ ഇരുട്ടിലായ സമൂഹം തേടു ന്നത്‌ ഭക്തിയുടെ നിറവായിരിക്കില്ല മുന്നിൽ നീണ്ടുകിടക്കുന്ന വിരസമായ, നിർഗന്ധമായ ,അവർണ്ണമായ ജീവിതത്താളുകൾ പെട്ടെന്നു ജീവിച്ചുതീർക്കുക എന്നു മാത്രമായിരിക്കാം. ഇവിടെ ചെറുത്തുനില്പ്പിന്റെ പുതിയ പാഠങ്ങൾ സ്ത്രീ നിരന്തരം അഭ്യസിക്കേണ്ടിയിരിക്കുന്നു.

ഇരുണ്ട വശങ്ങൾക്കപ്പുറം അവൾ കൊയ്തെടുക്കുന്ന നേട്ടങ്ങളിലേക്കും ഒന്നു കണ്ണോടിക്കാം. ജയാപചയങ്ങൾ അഭ്രപാളിയിലെന്നോണം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ആഴക്കടലിൽ മൂവർണ്ണകൊടി ഉയർത്തി സാഹസികമായി റെക്കോർഡ് സൃഷ്ടിച്ച അർച്ചന സർദ്ദാനയെ ഓർമ്മയില്ലേ?ആൻഡമാൻ നിക്കോബാ ദ്വീപിലെ കടലിലാണ്‌ ആഴങ്ങളിൽ നീന്തി സ്ക്കൂബോ ഡൈവിംഗിൽ അവർ റെക്കോർഡിട്ടത്‌. കടലിൽ 30 മീറ്റർ ആഴത്തിൽ നീന്തിയാണ്‌ അവർ പതാക ഉയർത്തി ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്‌. “അപകടാവസ്ഥ എല്ലായിടത്തുമുണ്ട്‌. പക്ഷേ നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധയൂന്നുകയെന്നതാണ്  പ്രധാനം ” എന്ന അവരുടെ  വാക്കുകൾ സ്ത്രീകൾക്ക്‌ ഉൾക്കാഴച്ച നല്‍കാൻ പര്യാപ്തമാകുന്നു.


അനുദിനം സ്ത്രീകൾ ആകാശം മുട്ടെ വിജയക്കിരീടങ്ങൾ ചൂടുമ്പോഴുംസമൂഹത്തിൽ നിന്നൊഴിഞ്ഞ്  പരശ്ശതം സ്ത്രീകൾ ദുരിതക്കയത്തിലാണെന്ന സത്യം അറിയുകയും അവർക്കു വേണ്ടി ശബ്ദിക്കുവാനും പ്രവർത്തിക്കാനും നാം സദാ സന്നദ്ധറം ആകണം.സമൂഹത്തിന്റെ നീചത്വങ്ങൾക്കെതിരെ അടരാടാൻ അവൾ പുതിയ അടവുകൾ കൈവരിക്കണം . പതിയിരിക്കുന്ന അപകടങ്ങളെ മനസ്സിലാക്കി വിവേകവും, വിവേചനവും കൂടുതൽ കരുത്തോടെ ആർജ്ജിച്ചെടുക്കുക. എപ്പോഴും എവിടെയും അവൾ ആക്രമിക്കപ്പെട്ടേക്കാം.അതിന്  റോസി തമ്പിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ ഈ അന്വേഷണം തൽക്കാലം ഇവിടെ പര്യവസാനിപ്പിക്കുന്നു.“ മഴ പെയ്യുകതന്നെ ചെയ്യും, നനയാതിരിക്കാൻ കുട പിടിക്കുക തന്നെ വേണം”!




No comments:

Post a Comment