Sunday, October 5, 2014

അരങ്ങിലെ ദേവഭാവം

 മനുഷ്യന്‌ ദർശനം,ശ്രവണം,ശ്വസനം,സ്വദനം,സ്ർശനം,എന്നീ പഞ്ചേന്ദ്രിയാനുഭവത്തില്ക്കൂടി ആത്മാനന്ദമുളവാക്കുന്ന വിഷയം ഏതൊന്നാണോ അതിനെ നാം “കല” എന്നു പറയുന്നു.അങ്ങിനെയുള്ള കലകൾക്ക് പക്ഷാന്തരേണ അറുപത്തിനാലെന്നും,അറുപത്താറെന്നും,അറുപത്തെട്ടെന്നും എണ്ണം കൽപ്പിച്ചുകാണുന്നുണ്ട്‌. എങ്കിലും ഭൂരിപക്ഷ പ്രകാരം കലകൾ അറുപത്തിനാലാണെന്നു തന്നെ പറയാം. അവയിൽ സംഗീതം,സാഹിത്യം, അഭിനയം,ആലേഖ്യം(ചിത്രമെഴുത്ത്) എന്നിവയെ സരസകലയെന്നും,മറ്റുള്ളവയെ സാമാന്യകലയെന്നും വിവക്ഷിക്കുന്നു. സരസകലയിൽ അഭിനയത്തിന്‌ പ്രാധാന്യമർഹിക്കുന്നു. അതിൽ ആംഗികം, വാചികം, ആഹാര്യം,സാത്വികാദികൾ ചേർന്ന സങ്കേതബദ്ധമായ കലയാണ് കഥകളി. ഈ കലയിൽ നിഷ്ണാതത്വം നേടണമെങ്കിൽ കഠിനമായ അഭ്യാസവും അനുശീലനവും,ഏകാഗ്രതയും,പാണ്ഡിത്യവും,ഇച്ഛാശക്തിയും ,ആത്മസമർപ്പണവും ഒരുപോലെ ആവശ്യമാണ്‌. ഈ ഗുണഗണങ്ങൾ സ്വായത്തമാക്കിയ കലാകാരൻ കലയുടെ ഹിമശൈലങ്ങൾ കീഴടക്കുവാൻ പ്രാപ്തനാകുന്നു. അനുഭവങ്ങളിലൂടെ ,പ്രതിസന്ധികളിലൂടെ,അറിവിലൂടെ ,വ്യക്തമായ നിലപാടുകളിലൂടെ ,ഇച്ഛാശക്തിയിലൂടെ,ആത്മസമർപ്പണത്തിലൂടെ മഹാനടനായി വളർന്നുകൊണ്ടിരിക്കുന്ന അനുഗൃഹീതനടനാണ്‌ ശ്രീ കോട്ടക്കൽ ദേവദാസ്. 

ചെറുതെന്നൊ വലുതെന്നോ ഭേദമില്ലാതെ ഏതു കഥയിലെ കഥാപാത്രം കിട്ടിയാലും ആ കഥാപാത്രത്തിന്ന് വ്യക്തിത്വവും തിളക്കവും നൽകാനുള്ള ദേവദാസിന്റെ കഴിവ് അന്യാദൃശ്യമാണ്‌. 1966 സെപ്റ്റംബർ 26ന്‌ വാഴേങ്കട കണ്ണത്തു തറവാട്ടിൽ പത്മനാഭമേനോന്റേയും ദേവകിയമ്മയുടെയും മകനായി ജനിച്ച ദേവദാസിന്റെ രക്തത്തിൽ തന്നെ മഹനീയമായ് അഭിനയപാരമ്പര്യം ഉണ്ടായിരുന്നു. കവളപ്പാറ നാരായണൻ നായരുടെ കൊച്ചുമകൻ കൂടിയായ ദേവദാസിൽ വാഴേങ്കട ദേശത്തിന്റെ കലാസ്വാധീനം പകർന്നുകിട്ടി. പത്മശ്രീ വാഴേങ്കട കുഞ്ചുനായർ, കവളപ്പാറ നാരായണൻ നായർ, ചുട്ടി രാമവാരിയർ തുടങ്ങി അന്ന്ത്തെ പ്രഗല്ഭരാൽ പുകൾ പെറ്റ വാഴേങ്കട യുടെ കാറ്റിൽ പോലും കഥകളിയുടെ കേളികൊട്ടുയർന്നിരുന്നു. ആ പുണ്യം ഏറ്റുവാങ്ങുവാൻ ദേവദാസിനും നിയോഗമുണ്ടായിരുന്നു എന്നു വേണം കരുതുവാൻ. 

ഏഴാംക്ളാസ് സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കഥകളിയുടെ കച്ച കെട്ടുവാൻ മോഹിച്ച ദേവദാസ് കഥകളി പഠനത്തിന്നാഗ്രഹിച്ചു.എന്നാൽ അച്ഛൻ പത്മനാഭ മേനോന്‌ മകനെ തുടർന്നു വിദ്യാഭ്യാസം ചെയ്യിക്കാനായിരുന്നു താല്പ്പര്യം. കാരണം കഥകളി പോലുള്ള കല പഠിച്ചാൽ അതു ജീവിത നിവൃത്തിക്കുപകരിക്കുമോ എന്ന ആശങ്ക തന്നെ. പക്ഷേ മകന്റെ ആഗ്രഹത്തിനു മുന്നിൽ അച്ചൻ സമ്മതം മൂളി. കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലേക്ക് കഥകളി പഠനത്തിന്‌ അപേക്ഷ അയച്ചു. എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ ഇന്റർവ്യൂ ദിവസം ദേവദാസിന്‌ പനിയായി പോകുവാൻ കഴിഞ്ഞില്ല. അത് ആദ്യത്തെ നിരാശയായി. പിന്നീട് ദൈവനിയോഗം പോലെ ഒരവസരം കിട്ടി. കഥകളി പഠനത്തിനു ചേർന്ന് ഒരു വിദ്യാർത്ഥി പഠനത്തിന്റെ കാഠിന്യം മൂലം പഠിപ്പു നിർത്തി പോയി. ആ ഒഴിവിലാണ്‌` ദേവദാസിന്‌ അവസരം ലഭിച്ചത്‌. മനുഷ്യജീവിതത്തിന്റെ ആകസ്മികതകൾ നേരത്തെ നിയോഗിച്ചതാണെന്ന സത്യം വിശ്വസിക്കാതിരിക്കാനാവില്ല. പക്ഷേ കോട്ടക്കലിൽ പഠിക്കാൻ ചേർന്നെങ്കിലും ആശാൻ തന്റെ അമ്മാവനായ കലാമണ്ഡല രാജഗോപാലിനോടു പറഞ്ഞ വാക്കുകൾ ഇടക്കിടക്ക് ദേവദാസിനെ അലട്ടി. കഥകളിക്കുള്ള മുഖസൌന്ദര്യമോ,രൂപസൌഭാഗ്യമോ കുറവാണ്‌...ആ വാക്കുകൾ ഒരു പക്ഷെ ഒരു വലിയ നടനിലേക്കുള്ള യാത്രക്കുള്ള ഒരുക്കമായിരുന്നു. അന്നു വളർന്നുപോന്ന മനസ്സിന്റെ അപകർഷതാബോധം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. കഠിനപ്രയത്നം കൊണ്ട് അരങ്ങിലെ ഉയരങ്ങൾ കീഴടക്കുവാനുള്ള പരിശ്രമത്തിൽ ചെറുതെന്നൊ വലുതെന്നോ നോക്കാതെ ഏതു വേഷവും സ്വീകരിച്ച തന്റേതായ സ്വത്വത്തോടൊപ്പം ആ കഥാപാത്രാത്തെ ആത്മാവിലേക്കാവാഹിച്ച് അഭിനയിച്ചു .ഒരു തരത്തിൽ പരകായപ്രവേശം തന്നെ. സ്ത്രീ വേഷമൊഴികെ മറ്റെല്ലാ വേഷങ്ങളും അദ്ദേഹം കെട്ടി. കൂടുതൽ തിളങ്ങിയത് താടി-കരി-വേഷമാണ്‌. താടി വേഷത്തിന്റെ അലർച്ച, പകർച്ച, നോക്ക്,ഊക്ക്...ഈ നടൻ രംഗത്തു വന്നാൽ ...അതിന്റേതായ സവിശേഷതകൾ ആസ്വാദകനു മനസ്സിലാകുന്നു. സഹനടന്മാർക്കൊപ്പം അരങ്ങിൽ നില്ക്കുമ്പോൾ ദേവദാസിന്റെ താമസപ്രധാനമായ വേഷങ്ങൾക്കും ദേവഭാവം കൈവരുന്നു. അവിടെയാണ്‌` ഒരു നടൻ അസാധരണത്വം നേടി അതുല്യനാകുന്നത്‌. ഗുരുനാഥൻ പഠിപ്പിച്ച നാട്യശൈലി പിന്തുടർന്നു.അരങ്ങിലെ കല്പ്പനാചാതുരി,ആട്ടത്തിന്റെ ഒതുക്കവും നിയന്ത്രണവും,അഭിനയമികവ്,മുദ്രകളുടെ വെടിപ്പ് നോക്ക് ഊക്ക് ഇതെല്ലാം ചേർന്ന ദേവ്ദാസനിലെ പ്രത്യേകതകൾ അരങ്ങിൽ ഒരു മഹാനടനെ സൃഷ്ടിക്കുകയായിരുന്നു. 

കോട്ടക്കൽ കൃഷ്ണൻ കുട്ടി നായർ,ശംഭു എമ്പ്രാന്തിരി,ചന്ദ്രശേഖര വാരിയർ,ഗോപി നായർ,നന്ദകുമാരൻ നായർ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ദേവദാസിനിലെ കലാകാരന്‌ മാറ്റു കൂടി. സ്വർണ്ണം തീയിൽ ഉരുക്കിയെടുക്കുന്നതുപോലെ ആ കലാകാരനും വ്യക്തിജീവിതത്തിലും കലാജീവിതത്തിലും ഒരു പോലെ വിജയത്തിന്റെ പടികൾ കയറാൻ തുടങ്ങി. 

വ്യക്തിയുടെ കാഴ്ച്ചപ്പാടിന്റെ നിലവാരത്തിന്നനുസരിച്ചായിരിക്കും നടന്റെ വിജയം എന്നു ദേവദാസൻ സാക്ഷ്യപ്പെടുത്തുന്നു. വീക്ഷണത്തിന്റെ .ഉയർച്ച പാത്രബോധത്തിന്‌ മികവു നൽകുന്നു. വായന ഏതൊരു കലാകാരന്റേയും കലാസൃഷ്ടിയെ പുഷ്ടിപ്പെടുത്തും.
തന്റെ വായനയിൽ നീന്നും ലഭിച്ച സംസ്ക്കാരം പാത്രബോധത്തിന്‌ മിഴിവു നൽകുവാൻ സഹായകമാകുന്നു. മലയാളത്തിലെ നല്ല കൃതികളൊക്കെ വായിക്കാൻ ശ്രമിക്കാറുണ്ട്‌. പക്ഷേ സി.രാധാകൃഷണന്റെ ലേഖനങ്ങൾ വായിക്കാൻ കൂടുതൽ താല്പ്പര്യം തോന്നാറുണ്ട്‌. അതുപോലെ തന്നെ ഹാസ്യരസപ്രധാനമായ വായനയും ഇഷ്ടം തന്നെ. രൌദ്രത്തോടൊപ്പം ഹാസ്യത്തേയും ഉപയോഗിക്കാറുണ്ട്‌ അഭിനയത്തിൽ. ഹാസ്യം ഇഷ്ടപ്പെടുന്നതിനാൽ രുഗ്മാംഗദ ചരിതത്തിലെ ബ്രാഹ്മണനെ അവതരിപ്പിക്കുവാൻ ഏറെ ഇഷ്ടമാണ്‌. ഇന്നതേ ചെയ്യൂ എന്നില്ല എന്നു പറയുമ്പോൾ തന്നേ ആ കല്ലാകാരനിലെ വിനയമാണ്‌ പ്രകടമാകുന്നത്‌. ജീവിതത്തിൽ കുട്ടിക്കാലത്തെ നേരിട്ട പ്രതിസന്ധികൾ ഏതൊന്നിനേയും സ്വീകരിക്കാനുള്ള ഒരു മാനസികാവസ്ഥ നൽകി. ഓരോ വേഷത്തിലും തന്റേതായ ചില അടയാളപ്പെടുത്തലുകൾ നൽകി. വർത്തമാനകാലാവസ്ഥയിലെ ജീവിതത്തിൽ താടി വേഷത്തിന്‌ പുതിയ ഉയരങ്ങൾ നൽകി കൂടുതൽ ജനകീയമാക്കുവാൻ ശ്രമിക്കുന്നു. ഈ കലയെ സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതു കൂടി തന്റെ ദൌത്യമാണെന്ന് ദേവദാസ് തിരിച്ചറിയുന്നു. കഥകളി ശരിക്കറിയാത്തവർ പോലും ദേവദാസിന്റെ അരങ്ങ് ഒരിക്കൽ കണ്ടാൽ മറക്കില്ല.അഭിനയ മികവും, കലാപ്രകടനവും, മനോധർമ്മവും എല്ലാം ആ നടനിലൂടെ രംഗപ്രയോഗക്ഷമത നേടുന്നു. 

നവരാത്രി വേളയിൽ ശ്രീ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ യെലഹങ്ക ഐ.സി.പി എ യുടെ നേതൃത്വത്തിൽ നടന്ന സമ്പൂർണ്ണ ബാലി വിജയം കാണാൻ ജനങ്ങൾ ഈ മറുനാട്ടിലും തിങ്ങി നിറഞ്ഞിരുന്നു. സുഗ്രീവനായി കലാമണ്ഡല ം ഹരി ആർ. നായരും,ബാലിയായി കോട്ടക്കൽ ദേവദാസും മറ്റു വേഷക്കാരും അരങ്ങിൽ നിറസാന്നിധ്യമായി മാറിയ അനർഘനിമിഷങ്ങൾ!കോട്ടക്കൽ നാരായണന്റേയും അനുയായിയുടെയും സംഗീതമധുരവും,മേളം കലാകാരന്മാരുടെ താളനിബദ്ധമായ കൊട്ടും അണി നിരന്ന ആ കളിയരങ്ങ് പ്രൌഢഗംഭീരവും ആസ്വാദകർക്ക് നവ്യാനുഭവവുമായി. കേവലം വാനരനായ ബാലി,ബുദ്ധിശക്തിയുക്തനായ ബാലി, അജയ്യനായ ബാലി,ബാലിസുഗ്രീവവധത്തിൽ ശ്രീരാമന്റെ ഒളിയമ്പേറ്റ് പ്രാണവേദനായാൽ പിടയുകയും ചോദ്യശരങ്ങളാൽ രാമനെ നിസ്സഹായനാക്കുകയും ചെയ്യുന്ന ബാലി ക്രമേണ ജീവന്റെ ചിറകടി ശരീരത്തിന്റെ ഓരോ അണുവിൽ നിന്നും വേർപെടുമ്പോഴുണ്ടാകുന്ന വികാര വിചാര ഭാവോന്മീലനങ്ങൾ....സദസ്സിനെ നിസ്തബ്ദ്ധമാക്കിയ നിമിഷങ്ങൾ...അതു കണ്ട ഓരോരുത്തർക്കും ഹൃദയവേദന അനുഭവപ്പെട്ട നിമിഷങ്ങൾ....ഇവിടെയാണ്‌` കലയും കലാകാരനും ശ്രേഷ്ഠമാകുന്നത്‌. ബാലിക്കു പുറമേ നരകാസുര വധത്തിലെ നക്രതുണ്ഡി, ത്രിഗർത്തൻ, പ്രഹ്ളാദചരിതത്തിലെ നരസിംഹം,തുടങ്ങി നിരവധി താടി വേഷങ്ങൾ, കത്തി വേഷങ്ങൾ,സമ്പൂർണ്ണ രാമായണത്തിലെ മന്ഥര,കുചേലവൃത്തത്തിലെ വൃദ്ധ എന്നു വേണ്ട ദേവദാസിന്റെ കയ്യിലെ കഥാപാത്രങ്ങളെല്ലാം അനശ്വരത നേടുന്നു എന്നതു വിസ്മയാവഹം.

കഥകളിരംഗത്തെ ഇക്കാലയളവിലെ സംഭാവനക്കു നിരവധി അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയത്‌ വാഴേങ്കട കുടി കൊള്ളുന്ന നരസിംഹ മൂർത്തിയുടേയും ഗുരുകാരണവന്മാരുടെയും അനുഗ്രഹമാണെന്ന്‌ ദേവദാസ് കൂട്ടിച്ചേർത്തു.കഥകളിയിൽ സ്ത്രീകൾക്കു മാത്രം നൽകിയിരുന്ന ദേശീയ അവാർഡായ “ദേവദാസി” പുരസ്ക്കാരം 2013 സെപ്റ്റംബർ 26 അദ്ദേഹത്തിന്റെ ജൻമദിനത്തിൽ തേടിയെത്തി. കൂടാതെ തൃപ്പുണിത്തുറ കൊച്ചനിയൻ പുരസ്ക്കാരം,വെള്ളിനേഴ് നാണുനായരാശാൻ അനുസ്മരണാർത്ഥം നെല്ലിയോട് വാസുദേവൻ നമ്പൂതിരി മുതൽ പ്രഗല്ഭരായ താടി വേഷക്കാർക്കൊപ്പമുള്ള :താടി“യരങ്ങിൽ :രൌദ്രശ്രീ” കീർത്തി മുദ്രയും ,കൃഷ്ണൻ കുട്ടിക്കുറുപ്പ് ക്യാഷ് അവാർഡും ലഭിച്ചു. അതിനു പുറമെ കൊച്ചിൻ കഥകളി സെന്ററിന്റെ“അർപ്പണ വിജയം”കൃഷ്ണങ്കുട്ടിപ്പൊതുവാളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ“കലാസാഗർ പുരസ്ക്കാരം”ബോംബെയിലെ കേളി അവാർഡിന്റെ “രജതശംഖ്”ബാംഗ്ളൂർ കഥകളി ക്ളബ് ഏർപ്പെടുത്തിയ ലീലാഗ്രൂപ് ചെയർമാൻ കൃഷ്ണൻ നായർ സ്മാരക അവാർഡ്“യുവരത്ന” അവാർഡ്....അങ്ങിനെ നീളുന്നു അംഗീകാരങ്ങൾ. കലയുടേയും പ്രശസ്തിയുടെയും നിറവിലും ദേവദാസനെന്ന കലാകാരനിൽ ഉയർന്നു നില്ക്കുന്നത് സ്വതഃസിദ്ധമായ വിനയമാണ്‌. ആ വിനയമാണ്‌ അദ്ദേഹത്തെ കഥകളിയരങ്ങിലെ സൂര്യതേജസ്സാക്കുന്നത്‌.കോട്ടക്കലിൽ പി.എസ്.വി നാട്യസംഘത്തിൽ കഥകളിയദ്ധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ ബിന്ദു. കലാരംഗത്ത്‌ എനിയും എനിയും ഉയരങ്ങൾ കീഴടക്കുവാൻ ദേവദാസിന്‌ കഴിയട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ അരങ്ങിന്‌ വിരാമം കുറിക്കുന്നു.!

No comments:

Post a Comment