Sunday, October 5, 2014

മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ


ഇന്ദിരാബാലന്‍                                                                            
(വായനാനുഭവം-സാറാജോസഫിന്റെ “ഒതപ്പ്‌” എന്ന നോവലിലെ ‘മാർഗ്ഗലീത്ത’ എന്ന കഥാപാത്രത്തിലൂടെ ഒരു സഞ്ചാരം) 

ഇതൊരു ഇരുട്ടുമുറിയാണ്‌.കാറ്റോ,വെളിച്ചമൊ,ഒരു പഴുതിലൂടെയും ഇതിനകത്തേക്കു കടക്കില്ല.നടുമ്പുറത്ത്‌ ഒറ്റച്ചവിട്ടിന്‌ മാർഗ്ഗലീത്ത ഇതിനകത്തേക്കു തെറിച്ചു വീഴുകയായിരുന്നു.കമിഴ്ന്നടിച്ചാണ്‌ വീണത്‌. വീണു കിടക്കുന്ന അവൾക്കു പിന്നിൽ വാതിലടഞ്ഞ ഒച്ചയിൽ ഭൂമിയിലെ മുഴുവൻ ഗർഭപാത്രങ്ങളും ഞെട്ടിവിറച്ചു.” ഈ വാചകങ്ങൾ ഒതപ്പെന്ന നോവലിന്റെ തുടക്കമാണ്‌. ഇതു വായിക്കുമ്പോൾ ഇടിത്തീ മനസ്സിലേക്കിരച്ച കയറുന്ന ഒരവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പെണ്ണിനു പുറത്തിറങ്ങാനും കഴിയു. ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്രങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും,സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും.

എപ്പോഴും പെണ്ണ്‌ ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ നിന്നും കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും,അച്ചൻ പട്ടത്തിൻ നിന്നും ഒരു സാധാരണക്കാരന്റെ വിചാരവികാരങ്ങളുമായി പുറത്തിറങ്ങിയ റോയ്  ഫ്രാൻസിസ് കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക് ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം(കപട)സദാചാരത്തിന്റെ വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക് ആഴ്ന്നിറങ്ങിയ ചില ആശയനിർമ്മിതികളുടെ തായ്  വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്കു ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ‘അവരാര്‌ടെ മനസ്സു പറയുന്ന പോലെ ചെയ്യാം’.ബോധമനസ്സും അബോധമനസ്സും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ പരിണതഫലമായുണ്ടായ ഒരു മൂർത്തരൂപമാണ്‌ ആബേലമ്മയെന്ന കഥാപാത്രം ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷി തന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മൻസ്സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


“ഒതപ്പിന്റെ” ഓരോ താളിലൂടെയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ മത പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപട സദാചാരത്തെ ഭയന്ന്‌ മൌനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും, പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിതിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമന വാദികള്‍ നിലവിലുള്ളതിനെ അഴിച്ചുപണിത്‌ വിമലീകരിച്ചുകൊണ്ടിരിക്കുന്നു.ശുദ്ധീകരണ പ്രക്രിയയിലേർപ്പെടുമ്പോഴും പിന്നോട്ടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തഃസംഘർഷത്തിന്നിരയാവുന്നവർ.സമൂഹത്തിലെ വിവേചനങ്ങളും,സ്ഥാപിത താത്പര്യങ്ങളും വളരെ അനായാസപാടവത്തോടെ വരച്ചുകാണിച്ചുകൊണ്ട്‌,ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറജോസഫ് ശ്രമിക്കുന്നുണ്ട്‌.

കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത. അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും,പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക് താങ്ങായും, തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്യ ബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ചു സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ, സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും, നാട്ടുകാരുടെയും അധിക്ഷേപത്തിനും,പരിഹാസത്തിനും പാത്രമാവുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌. ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്  നല്ലത്‌. ധിക്കരിച്ചു പുറത്തുകടന്നാൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറയ്ക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌.

മതപരമായ വിശ്വാസസംഹിതകൾക്ക് അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കുശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ് കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല. സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രികൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി  വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന് സമൂഹത്തിന്റെ ചെളിവാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും, ഭീതിദവുമാകുന്നു.അപ്പന്റെ മരണത്തിന്‌ കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു. എന്നാൽ, അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം ,അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു. 

“ദൈവത്തോടും,മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൌഹൃദത്തോടും, പ്രണയത്തോടും ഞാൻ നീതി പുലർത്തുന്നില്ല, മാതാപിതാക്കളോടും,ഗുരുക്കന്മാരോടും ഞാൻ നീതി പുലർത്തുന്നില്ല.എന്റെ കണ്ണീർ അടയാളപ്പെടുത്തുക.......എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു. വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യ ബോധമേ കരീക്കനെന്ന കഥാപാത്രത്തിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബ, സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. ”ആനന്ദമാണ് ` ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും,ഭൂമി ഹരിതാഭമാകുമെന്നും,പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ് മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നു. അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മകഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ  ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു. മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ  ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈകഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിത്തന്നെയാണ്‌. അയാൾ തന്റേതായ ശാന്തി മാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു. ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ടു ആവുന്നതും ചെറുത്തുനില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും,തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു.എന്നിട്ടും അവളുടെ മനസ്സ് അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും,ഒടുവിൽ ഒരു കെട്ടഴിയുമ്പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു. ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥത്തിൽ ജീവിക്കുന്നത്‌. കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും, സമൂഹവും, പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം മടക്കിവെക്കാനാവില്ല.


മിന്നലും, കാറ്റുമായി തകർത്തുപെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം. കണ്ണീരും, വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ട് തൊടുന്നു.നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു.

മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തികൊണ്ടും വേറിട്ടു നില്ക്കുന്നു  ഒതപ്പിലെ ‘മാർഗ്ഗലീത്ത’ എന്ന് ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു.ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു..........! 


മണ്ണിന്റെ ആഴങ്ങളും വിണ്ണിന്റെ ഉയരങ്ങളും തേടിയ കവി-

Indira Balan

മണ്ണിന്റേയും മനുഷ്യന്റേയും ജീവശക്തി ആവാഹിച്ചെടുത്ത്‌ സ്വന്തം തൂലികയിലൂടെ മണ്ണിന്റെ ആർദ്ദ്രത നിറഞ്ഞ ആഴങ്ങൾ തേടിയും വിണ്ണിന്റെ ദീപ്തമാം ഉയരങ്ങൾ തേടിയും മലയാളത്തിന്റെ മണവും മനസ്സും നിറഞ്ഞ കാവ്യപ്രപഞ്ചമൊരുക്കിയ മഹാകവിയാണല്ലോ ഓ.എൻ.വി. ശക്തിയെ ഉപാസിച്ചും സൗമ്യവാദത്തെ ധന്യവാദം ചെയ്തും ജനകീയശൈലികൊണ്ടും ,സംഗീതാത്മകത കൊണ്ടും സമ്പുഷ്ടമായ കാവ്യമണ്ണിൽ മൊഴികളുടെ ആഴങ്ങളിൽ പഴമനസ്സുകൾ കുഴിച്ചിട്ട നിധി തേടി ,വാഴ്‌വിന്റെ കയ്പ്പും മധുരമാക്കുന്ന രസമന്ത്രതന്ത്രമൊരുക്കി , ഒരു പൊരുളിൽ നിന്നു അപരമാം പൊരുൾ തേടി വാക്കിന്റെ കതിർ ജ്വലിപ്പിക്കുന്നതാണ്‌` അദ്ദേഹത്തിന്റെ രചനാപർവ്വം. കവിതയിൽ രണ്ടു കാലങ്ങളുണ്ടെന്നനുമാനിക്കാം. ഒന്ന്‌ നാഴികമണിയിലെ സൂചിപോലെ ചലനാത്മകമാണ്‌`. മറ്റൊന്ന്‌ ചലനരഹിതവും. ആദ്യത്തേത്‌ സാമയികവും രണ്ടാമത്തേത്‌ നിത്യവും. സാമയികമെന്നത്‌ പ്രസ്ഥാനങ്ങളായും പ്രവണതകളായും കവിതയിൽ കലരുന്നു. നിത്യം കവിതയെ കൽപ്പാന്തത്തോളം കൊണ്ടുപോകുന്നു .കവിതയുടെ കാലികതയും നിത്യതയും സാത്മീഭവിക്കുമ്പോഴാണ്‌ ആ രചനകൾ ഉദാത്തമാകുന്നത്‌, 


എന്താണ്‌` ഓ.എൻ.വിക്കവിത എന്നതിന്‌ അദ്ദേഹം ഇങ്ങിനെ വെളിപ്പെടുത്തുന്നു. "ഏതു കുഞ്ഞുചെടിക്കും ഒരു വക ഋതുബോധമുണ്ടല്ലോ. പൂക്കുന്നതും കായ്ക്കുന്നതും ഇല കൊഴിഞ്ഞു വിരിയുന്നതും 
 വീണ്ടും തളിർക്കുന്നതും സ്വയം നെയ്തുവിടർത്തുന്ന പച്ചപ്പുടവയണിഞ്ഞാഹ്ലാദിക്കുന്തുമെല്ലാം ചെടിയുടെ മാറി മാറി വരുന്ന ഋതുക്കളോടുള്ള പ്രതികരണമാണല്ലോ. ഈ മണ്ണിൽ വേരോടിനിൽക്കുന്ന ഒരു ചെടിയാണ്‌` തന്റെ കവിതയുമെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതു മനുഷ്യാവസ്ഥകളാകുന്ന ഋതുക്കളോടു പ്രതികരിക്കുന്നു. മനുഷ്യർ എവിടേയും ഒരു പോലെയാണെന്നും നാട്ടിൻപുറത്തെ കായൽക്കരകളിൽ ചീയുന്ന തൊണ്ടു പോലെ സ്വയം ചീഞ്ഞ്‌ മറ്റുവരുടെ കയ്യിൽ തങ്കനാരുകളായി മാറുന്ന മനുഷ്യമുഖങ്ങളുടെ സത്യങ്ങളെയാണ്‌` "ആഗ്ര" കോതമ്പുമണികൾ" എന്നീ കവിതകളിലൂടെ അനാവരണം ചെയ്യുന്നത്‌. ഇന്ത്യൻ ജീവിതത്തിന്റെ ദൈന്യതയിലേക്ക്‌ ഈ പ്രമേയങ്ങൾ വിരൽ ചൂണ്ടുന്നു. വ്യത്യസ്ത വസ്തുപ്രതീകങ്ങളിലൂടെ ഒരേ രാജ്യത്തെ , ഒരേ കാലത്തെ "നരജീവിതമായ വേദന" തന്നെയാണ്‌` കവിത കണ്ടെത്തുന്നത്‌. അസുഖകരങ്ങളായ സാമൂഹ്യാവസ്ഥകളെ പറ്റി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ മണ്ണട്ടയെപ്പോലെ ചിലരുടെ ഭദ്രസുഷുപ്തിയെ അലോസരപ്പെടുത്താൻ കവിതക്കു കഴിയുന്നുണ്ടേങ്കിൽ അവ സാർത്ഥകങ്ങളാകുന്നു. 




മരണത്തെ ധീരമായി സ്വയം വരിച്ച നിശാഗന്ധിയേയും ,ജനിച്ചെന്ന തെറ്റിനു ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന സാധാരണതയേയും അന്യോന്യം കിടനിർത്തിക്കൊണ്ട്‌ ,നിലനിൽപ്പ്‌ എന്ന അവസ്ഥയുടെ ഭാഗികദർശനം സാക്ഷാൽക്കരിക്കുകയാണ്‌"നിശാഗന്ധി നീയെത്ര ധന്യ" എന്ന കവിതയിലൂടെ. മരണമെന്ന തിക്താനുഭവം കാൽപ്പനികതയുടെ മായാപ്രപഞ്ചത്തിൽ വച്ചു മധുരീകരിക്കപ്പെടുന്നു. ഒപ്പം നിസ്സഹായയ ഒരു പെൺകിടാവിന്റെ ചിത്രവും വ്യംഗ്യമാകുന്നു. 

സർവ്വപ്രാണനാശത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യബോധത്തിന്റെ വിഹ്വലതയും വിലാപവുമാണ്‌ "ഭൂമിക്കൊരു ചരമ ഗീതം" എന്ന കവിതയിൽ വിവക്ഷിക്കുന്നത്‌. ചരമശുശ്രൂഷാഗാനത്തിന്റെ മട്ടിൽ എഴുതപ്പെട്ട പ്രസ്തുതകവിത ജീവജാലങ്ങളുടെ മുഴുവൻ കണ്ണുനീരും ഉള്ളിലൊതുക്കിയിട്ടുണ്ട്‌. പാരിസ്ഥിതികമായ ഒരു യാഥാർത്ഥ്യത്തിന്റെ വാങ്മയചിത്രം. 



ലവണമായലിഞ്ഞുചേർന്ന ജീവിതലാവണ്യമാണ്‌ "ഉപ്പ്‌" എന്ന കവിത. മനുഷ്യജീവിതത്തിന്റെ കണ്ണീരുപ്പു കലർന്ന ആസ്വാദ്യതയെയാണ്‌ കവി അഭിവാദനം ചെയ്യുന്നത്‌. ഒരു വലിയ കാവ്യാനുഭവം ഈ കവിത തരുന്നു. കവിതയിലെ വാക്ക്‌ ശബ്ദാർത്ഥതലങ്ങൾക്കതീതമായി സഞ്ചരിക്കുന്നു. കുറച്ചു വരികളിലൂടെ ഒരു വലിയ തത്വത്തിലെക്ക്‌ കൊണ്ടുപോകുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നേർച്ചിത്രം പകരുകയാണ്‌` "ബാംസുരി" എന്ന കവിതയിലൂടെ. 


ലോകജീവിതത്തുടർച്ചയുടെ സൗന്ദര്യസാരമത്രയും ഒരു ശംഖിനുള്ളിൽ നിറച്ചുവെച്ചതു പോലെ. ആ ശംഖൂതുമ്പോൾ നമുക്കു മുന്നിൽ തുറക്കപ്പെടുന്ന മഹാപ്രപഞ്ചം. രസസാന്ദ്രതയുടെ അഭൗമലാവണ്യം ഇവിടെ പ്രത്യക്ഷമാകുന്നു. സൗന്ദര്യത്തിന്റെ സർഗ്ഗതലത്തേയും ,ആസ്വാദനതലത്തേയും അന്യോന്യം ബന്ധിപ്പിക്കുന്നത്‌ രസമല്ലാതെ മറ്റൊന്നല്ല. 
"പ്ലാവില കോട്ടിയ കുമ്പിളിൽ തുമ്പതൻ-
പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവി പാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പു ചേർത്താലെ രുചിയു‍ൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ നിൻ മുത്തശ്സിയും
നിന്ന നിൽപ്പിലൊരുനാൾ മറഞ്ഞ്പോം" 


കവിതയുടെ തുടക്കം തന്നെ വായനക്കാരനെ കവിതയിൽ വിലയിപ്പിക്കുന്നതിനോടൊപ്പം ജീവിതത്തിന്റെ ആദിമപ്പൊരുളിലേക്ക്‌ ബോധത്തെ നയിക്കുകയും ജീവിത നശ്വരതയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയാണ്‌` കവി ക്രാന്തദർശിയാകുന്നത്‌. യോഗസ്ഥനായിത്തീർന്ന്‌ ജ്ഞാനം കൊണ്ട്‌ കവി സർവ്വവും അന്തരാ ദർശിക്കുന്നു. 

മലയാളിയുടെ നിത്യസാധാരണമായ ജീവിതത്തിൽ നിന്നും സ്വീകൃതമായ "പ്ലാവിലയും, ആവി പാറുന്ന പൊടിയരിക്കഞ്ഞിയും "ചക്രവാളത്തിന്നപ്പുറത്തേക്കു മറഞ്ഞുപോയ കാലസ്മരണകളുടെ ചിറകടിയുയർത്തുന്നു. ആസ്വാദകൻ കവിതയിലെ ഉണ്ണിയായി പകർന്നാടുകയും കൃത്രിമത്വമില്ലാത്ത ഗ്രാമീണതയുടെ സ്വച്ഛശുദ്ധത നമ്മെ പൊതിയുകയും ,രുചിബിംബങ്ങളുടെ പാൽനുര പതഞ്ഞുപൊങ്ങുകയും ചെയ്യുന്നു. അനിർവ്വചനീയമായ ഒരവസ്ഥവിശേഷം ഇവിടെ സംജാതമാകുന്നു. 

മുത്തശ്ശിയും കൊച്ചുമകനും അടങ്ങിയ ഈ കവിതയിൽ കഞ്ഞിയിൽക്കലർത്തുന്ന ഉപ്പ്‌ ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രൂപകമായിത്തീരുന്നു.ലാവണ്യത്തിന്റേതുപോലെ സ്നേഹവാത്സല്യങ്ങളുടെയും, ജീവിതത്തിന്റേയും, പ്രപഞ്ചസ്നേഹത്തിന്റെയും പ്രതിനിധാനം കൂടിയാണ്‌` ഉപ്പ്‌ എന്ന ബിംബകൽപ്പന. ആദ്യഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക്‌പകർന്നുമാറുന്നത്‌പ്രവചനാതീതമായ അർത്ഥവ്യാപ്തിയിലേക്കാണ്‌.
"പിന്നെയൊരുനാൾ കടൽ കണ്ടു ഞാൻ 
വെറും മണ്ണിൽ കിടന്നുരുളുന്ന , കാണാതായ
തൻ കുഞ്ഞിനെയോർത്തു നെഞ്ഞു ചുരന്ന പാൽ
എങ്ങും നിലയ്ക്കാതൊഴുകിപ്പരന്നതിൽ
മുങ്ങിമരിക്കുന്നൊരമ്മയെക്കണ്ടു ഞാൻ" 

നെഞ്ഞു ചുരന്ന പാൽ നിറഞ്ഞൊഴുകി ഒരു കടലായി അതിൽ മുങ്ങിമരിക്കുന്ന ഒരമ്മയുടെ ചിത്രം എത്ര വികാരസാന്ദ്രതയോടെയാണ്‌` കവി ആവിഷ്ക്കരിച്ചിരിക്കുന്നത്‌`. ഇവിടെ സ്നേഹാധിക്യത്തിന്റെ കടലായി ഉപ്പിന്‌ ഭാവപരിണാമ സംഭവിക്കുന്നു. അപ്പോ നിയതാർത്ഥകമായ ഒരു രൂപകം എന്ന നിലയിൽ നിന്നു തെന്നി മാറി ,കവിതയുടെ സന്ദിഗ്ദ്ധാർത്ഥകതയുടെ സൗന്ദര്യവും പ്രസരിക്കുന്നു 
"ജീവിതത്തെ സഹ്യവും സാധ്യവും ലാവണ്യമയവും അവിച്ഛിന്നവും പ്രേമപൂരിതവുമാക്കുന്നതെന്തോ അതത്രേ കവിതയിലെ ലവണം" 

ലവണം മുത്തശ്ശി, കടൽ ,അമ്മ, എന്നീ രൂപഭാവങ്ങളായി പരകായപ്രവേശം നടത്തുന്നു. ഇതിലൂടെ ഉപ്പോളം ചെറുതും കടലോളം വലുതുമായ ഒരു രുചിബോധം വായനക്കാരനുള്ളിൽ സ്ഥാനം പിടിക്കുന്നു. കവിതകളിലെ ആന്തര ഭാവസംഗീതം എടുത്തുപറയേണ്ട സവിശേഷതയാണ്‌. പരിണാമത്തിന്റെ പടവുകൾ പിന്നിടുമ്പോഴും ഓ.എൻ.വിയുടെ കാവ്യപ്രപഞ്ചംഹൃദയംഗമമായ രാഗവിസ്താരത്തിന്റെ പദവിയിലാണിപ്പോഴും. കൽപ്പനകളുടെയും പദജാതങ്ങളുടേയും സംഘർഷങ്ങളല്ല മറിച്ച്‌ സൗഹാർദ്ദമാണ്‌` ഓ.എൻ.വി.ക്കവിതക്കൊപ്പമുത്ത്‌. അതുകൊണ്ടു തന്നെ ആ അനുഭൂതിശ്ര്ംഗത്തിലേക്ക്‌ വായനക്കർ അനായസേന സംവഹിക്കപ്പെടുന്നു. അവിടെ കവികർമ്മവും സഫലമാകുന്നു.

 സീതയെക്കാളിഷ്ടം ദ്രൗപദിയെ

(ഒറിയ നോവലിസ്റ്റ്‌ പ്രതിഭാറായിയുടെ "ദ്രൗപദി" എന്ന നോവലിനെ മുൻനിർത്തി ഒരാസ്വാദനം)


"സ്ത്രീയെന്നും ആദരിക്കപ്പെടേണ്ടവളാണെന്ന്‌ പൗരാണിക മതം ഉദ്‌ഘോഷിക്കുമ്പോഴും അവളെന്നും പ്രത്യേക അഴികൾക്കുള്ളിൽ നിന്ന്‌ പീഡിപ്പിക്കപ്പെടുകയാണെന്ന സത്യം നാം വിസ്മരിച്ചു കൂടാ. "ശക്തി" യെന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ ധാർമ്മികമാണെങ്കിൽ അത്‌ പുരുഷനേക്കാൾ ഒരു പടി ഉയരത്തിലാണ്‌ സ്ത്രീയിലെന്ന്‌ മഹാത്മാഗാന്ധി പോലും പറഞ്ഞിട്ടുണ്ട്‌. മൃഗീയ ശക്തിയാണെങ്കിൽ പുരുഷനിലുള്ളത്രയും മൃഗീയത സ്ത്രീയിലില്ലതാനും. മൃഗങ്ങൾ അവരുടെ അതിജീവനത്തിനു വേണ്ടി കൊന്നു തിന്നുമ്പോൾ , മനുഷ്യൻ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി ആ ഹീനകൃത്യം ചെയ്യുന്നു. അപ്പോൾ വിവേചനശക്തിയില്ലാത്ത മൃഗത്തിനേക്കാൾ മനുഷ്യൻ അധഃപതിക്കുന്നു. മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. നിസ്വാർത്ഥവും, ലളിതവും, ആത്മനിയന്ത്രണവും , പ്രാർത്ഥനാനിർഭരവുമായ ഒരു ജീവിതത്തിൽ നിന്നേ ഉദാത്തമായ മാനസിക ഭാവം കൈവരു.



എന്നും രാമായണ മഹാഭാരതാദികൾ വായിച്ചു വളർന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു എന്റെ ജനനവും. കുട്ടിക്കാലത്തെ ഏറെ വായിച്ചതു്‌ രാമായണത്തിനേക്കാൾ ,മഹാഭാരതമായിരുന്നെന്നു പറയാം. അന്നേയുള്ള വായനയിൽ നിന്നും മനസ്സിലേറെ പതിഞ്ഞു നിന്നത്‌ സീതയേക്കാളേറെ ദ്രൗപദിയായിരുന്നു. വളരുന്തോറും ദ്രൗപതിയോടുള്ള ഇഷ്ടം കൂടി ആദരവും ആരാധനയുമായി. അത്രയും ശക്തയായ ഒരു കഥാപാത്രത്തിനൊപ്പം തുലനം ചെയ്യുവാൻ ഇക്കാലത്തെ വായനക്കിടയിൽ മറ്റൊരു കഥാപാത്രത്തെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ലോക ക്ലാസ്സിക്കുകളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ടേങ്കിലും. ദ്രൗപദിയോടൊപ്പം ചേർത്തു വെക്കാന്‍ കഴിഞ്ഞിട്ടില്ല.

അസാധാരണത്വം കൽപ്പിക്കാതെ സാധാരണ സ്ത്രീകളുടെ തലത്തിൽ വെച്ചു നോക്കിയാലും അഗ്നി നക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്നത്‌ ദ്രൗപദി തന്നെയാണെന്ന്‌ നിസ്സംശയം പറയാം. ഈ അഭിപ്രായം വ്യക്തിപരം മാത്രം. പുനർ വായനയിലൂടേയും, വ്യത്യസ്ത നിരീക്ഷണങ്ങളിലൂടേയും കേരളത്തിലെ കഥകളിയരങ്ങിലൂടേയും ദ്രൗപദി അവതരിപ്പിക്കപ്പെടുമ്പോൾ .ശ്രേഷ്ഠവും കരുത്തുറ്റതുമായ ആ കഥാപാത്രത്തിനോട്‌ മനസ്സ്‌ ഇഴുകിച്ചേർന്നു. ഏകാന്തതയിൽ പലപ്പോഴും ദ്രൗപദി എന്റെ ചിന്താമണ്ഡലത്തിൽ കടന്നു വരാറുണ്ട്‌. അവരനുഭവിച്ച സംഘർഷങ്ങളും , വിഹ്വലതകളും എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതു പോലെ പലപ്പോഴും അനുഭവപ്പെട്ടിരുന്നു. തിരിച്ചും മറിച്ചും വായിക്കുമ്പോഴും ഒരിക്കലും മായാത്ത ശക്തിയായി തന്നെ അവർ നിലകൊണ്ടു. ത്യാഗവും, സഹനവും, സ്നേഹവും ആവോളം നൽകിയിട്ടും ദ്രൗപദിക്കു നീതി ലഭിച്ചുവോ?പലയവസരങ്ങളിൽ അധിക്ഷേപത്തിന്നിരയാകുമ്പോഴും യജ്ഞകുണ്ഠത്തിൽ നിന്നും പിറന്നവൾ യാഗാഗ്നിയിലെ ഹവിസ്സായി ഉരുകുകയായിരുന്നില്ലേ? "കുരുക്ഷേത്ര യുദ്ധത്തിന്‌ ദ്രൗപദിയാണ്‌ കാരണമായിത്തീരുന്നതെന്ന കുറ്റം അവൾക്കു മേൽ പതിയുന്നു"നൃശംസരായ കൗരവന്മാരുടെ പിടിയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ വേണ്ടി നടത്തിയ വേദന നിറഞ്ഞ ഒരു ശസ്ത്രക്രിയയായിരുന്നു മഹാഭാരത യുദ്ധം "എന്നാണ്‌ ഒറിയ നോവലിസ്റ്റായ പ്രതിഭാറായ്‌ തന്റെ ദ്രൗപദി എന്ന നോവലിലൂടെ അനാവരണം ചെയ്യുന്നത്‌ .ലോകത്തെ രക്ഷിക്കാനും ശാന്തിയും, ഐക്യവും പുനഃസ്ഥാപിക്കുവാനും ആവശ്യമായ നടപടികളെടുക്കാനുമാണ്‌ ദ്രൗപദി പാണ്ഡവരെ പ്രേരിപ്പിച്ചതു്‌. അല്ലാതെ വെറുമൊരു വ്യക്തിവൈരാഗ്യത്തിന്റെ കഥയല്ലെന്ന്‌ നോവലിസ്റ്റ്‌ വ്യക്തമാക്കുന്നു. എണ്ണമറ്റ യാതനകളും ,അപമാനങ്ങളും നേരിട്ടിട്ടും ദ്രൗപദി പിൻതിരിയുകയോ വിശ്രമിക്കുകയോ ചെയ്തിട്ടില്ല. ദ്രൗപദിയുടെ വാക്കുകളിലൂടെ............................."എനിക്കു വേണമെങ്കിൽ സീതാദേവിയെപ്പോലെ ഭൂമി മാതാവിന്റെയുള്ളിൽ അഭയം തേടാമായിരുന്നു. "എന്നാലത്‌ തന്റെ ജന്മോദ്ദേശ്യത്തിന്‌ കടകവിരുദ്ധമായിത്തീരുമെന്ന്‌ മനസ്സിലാക്കുന്നു. ജീവിത പ്രതിസന്ധികളിൽ മനുഷ്യർ ആത്മഹത്യകളിൽ ഒടുങ്ങന്നതിനു പകരം ,ഒരു നിമിഷം തന്റെ ജന്മ നിയോഗത്തെക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ചാൽ എത്രയെത്ര ആത്മഹത്യകളൊഴിവാക്കാം.അതീന്‌ അനിവാര്യമായിട്ടുള്ളത്‌ മാനസികശക്തിയാണ്‌. ദ്രൗപദിയെ വായിക്കുമ്പോൾ വായനക്കരനും അവരുടെ മാനസികച്ചിന്തകള്‍ക്കൊപ്പം വന്നുചേരുന്നതു പോലെ. മഹത്തായ ലക്ഷ്യത്തിനു വേണ്ടി ഏതൊരാളും സ്വാർത്ഥം ത്യജിക്കണം എന്നും മനസ്സിലാക്കാനാവുന്നു.

ഈ നോവലിൽ കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സഖാസഖീബന്ധം അതുല്യവും അന്യാദൃശവുമാണ്‌. നിർവ്വചനങ്ങൾക്കതീതമാണ്‌ ആ ബന്ധം. പ്രക്ഷുബ്‌ധമായ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശത്രുതയും രക്തച്ചൊരിച്ചിലും ഭയാനകമായ ഹിംസയും യുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും ശാശ്വത സമാധാനത്തിനു വേണ്ടി ദ്രൗപദിയുടെ ഹൃദയം കേഴുകയായിരുന്നു. അപ്പോഴും അവർ പ്രാർത്ഥിക്കുന്നത്‌ "യുദ്ധത്തിന്റെ മേഘങ്ങൾ ലോകത്തിൽ പറക്കാതിരിക്കട്ടെ ,മനുഷ്യരുടെ നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും ഒരു പോലെ ഈ ഭൂമി ഛിന്നഭിന്നമാകാതിരിക്കട്ടെ എന്നാണ്‌"`. ഇത്‌` എത്രമേൽ നിസ്വാർത്ഥമായ പ്രാർത്ഥനയാണ്‌.
ഒരു പെണ്ണായി ജനിച്ചതിന്റെ നിസ്സഹായത ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്നതോടുകൂടി ,പുരുഷാധിപത്യം നിറഞ്ഞ ഈ ലോകത്തിൽ സൗന്ദര്യമുള്ള ഒരു സ്ത്രീയുടെ ജീവിതം ശപിക്കപ്പെട്ടതാണെന്നും ദ്രൗപദി തിരിച്ചറിയുന്നു. അനുഭവിച്ച നരകയാതനക്കെല്ലാം സൗന്ദര്യം തന്നെ ഒരു കാരണമായിത്തീരുന്നു. സ്ത്രീ വെറുമൊരു വിൽപ്പന ചരക്കാണോ? അവൾക്ക്‌ സ്വതന്ത്രമായ വ്യക്തിത്വമില്ലേയെന്നും കൗരവസഭയിൽ അധിക്ഷേപത്തിന്നിരയാകുമ്പോള്‍ ഈ കഥാപാത്രം ചോദിക്കുന്നുണ്ട്‌. സ്ത്രീയുടെ ധാർമ്മിക രോഷം തന്നെയാണിവിടെ പ്രതിഫലിക്കുന്നത്‌. വർത്തമാനകാലത്ത്‌ പുരോഗമന പ്രസ്ഥാനങ്ങളും ,സ്ത്രീ ശാക്തീകരണങ്ങളും തഴച്ചു വളരുമ്പോഴും സ്ത്രീ ചൂഷണത്തിന്നിരയായി പീഡനങ്ങളനുഭവിക്കുന്നു. ഈയവസരത്തിൽ സ്ത്രീ ജന്മത്തെ തന്നെ വെറുക്കപ്പെടുന്ന സ്ത്രീകളിൽ നിന്നും ദ്രൗപദി വ്യത്യസ്തയാകുന്നത്‌ ഇവിടെയാണ്‌. നോക്കുക, ഇത്രയൊക്കെ അനുഭവിച്ചിട്ടും അടുത്ത ജന്മത്തിലും താൻ സ്ത്രീയായി ജനിക്കണമെന്ന്‌ തന്നെ മോഹിക്കുന്നു. അത്‌ വിചിത്രമല്ല. സ്ത്രീ അമൃത ജനനിയാണെന്ന ബോധം കൂടിയാണ്‌. സ്ത്രീക്കു മാത്രമെ മുലപ്പാലിന്റെ രൂപത്തിൽ കുഞ്ഞിന്റെ വായിലേക്ക്‌ അമൃതു പകരാൻ കഴിയു. മതൃത്വത്തിന്റെ നിർവ്വിശേഷമായ മഹത്വമാണിവിടെ ദൃശ്യമാകുന്നത്‌.



അഞ്ചു പേർ ഭർത്താവായിട്ടുള്ളവൾ എന്ന സമൂഹത്തിന്റെ അധിക്ഷേപത്തിനും ദ്രൗപദി ഇരയാവുന്നു. പതിവ്രതയിൽ നിന്നും വ്യഭിചാരിണിയെന്ന പേര്‌ കൽപ്പിക്കുന്നു. അത്‌ പഞ്ചഭൂതങ്ങളാണെന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെ മറക്കപ്പെടുന്നു. ഓരോ സ്വഭാവവും ഒന്നിൽ നിന്ന്‌ ബഹുടൂരത്തിലാണ്‌. അവയോരോന്നുമായി സമരസപ്പെട്ടുപ്പോകുക എന്ന ദുഷ്ക്കരമായ കൃത്യം ദ്രൗപദിയുടെ ജീവിതത്തിലുടനീളം സംഭവിക്കുന്നു. വിഭിന്ന സ്വരങ്ങളെ സ്വരൈക്യത്തിലേക്ക്‌ നയിക്കുകയാണ്‌ ദ്രൗപദിയുടെ കർത്തവ്യം. അത്‌ അവർ വിജയകരമായി നിർവ്വഹിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. ഏതവസ്ഥയോടും സ്ത്രീ പൊരുത്തപ്പെടുക എന്ന ഒരർത്ഥവും ഇവിടെ നിഴൽ വിരിക്കുന്നു. ഓരോ സന്ദർഭത്തിലും ആത്മസംയമനം പാലിച്ച്‌ നീതിബോധത്തോടെ ജീവിച്ച ദ്രൗപദിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക. ! മനസ്സിന്റെ വേദനകളത്രയും പകരുന്നത്‌ ബന്ധുവും, ആത്മമിത്രവുമായ ശ്രീകൃഷ്ണനോടാണ്‌. "ധനം, ഐശ്വര്യം, സാമർത്ഥ്യം, യശസ്സ്‌ ,സുഹൃത്തുക്കൾ. ബന്ധുക്കൾ, ഭർത്താവ്‌ ,പുത്രൻ, പുത്രി, ഭാര്യ, ഈ കൂട്ടത്തിൽ വേദനയറിയുന്ന ഒരു ബന്ധു ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. സുഖത്തിൽ സുഖം ചാലിച്ച്‌ ആനന്ദം നൂറിരട്ടിയാക്കുകയും ,ദുഃഖത്തിൽ പങ്കു ചേർന്ന്‌ വ്യഥ കുറക്കുകയ്യും ചെയുന്ന ബന്ധു."എന്ന്‌ നോവലിസ്റ്റ്‌ ദ്രൗപദിയിലൂടെ സൂചിപ്പിക്കുന്നു. ആ മിത്രമാകുന്നത്‌ കൃഷ്ണനാണ്‌. ഹൃദയാലുവായ മിത്രത്തിന്റെ മുന്നിൽ മനസ്സു തുറന്നാൽ ഹൃദയം ആകാശം പോലെ സ്വതന്ത്രവും, ഉദാരവും ,പ്രകാശപൂർണ്ണവുമായിത്തീരും. എന്നാൽ മറ്റുള്ളവരുടെ മനസ്സറിയുന്ന ഗോവിന്ദനോട്‌ ഒന്നും പറയേണ്ടി വരുന്നില്ല. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഉദയസൂര്യന്റെ സ്പർശമേറ്റ്‌ ഇതൾ വിരിയുന്ന പൂവു പോലെ മനസ്സ്‌ താനെ തുറക്കുമെന്നാണ്‌ ദ്രൗപദിയുടെ മതം. ഗോവിന്ദന്റെ മുമ്പിൽ ദ്രൗപദിയുടെ എല്ലാ വ്യഥകളും അറിയാതെ തന്നെ അനാവൃതമാകുന്നു.



ദ്രൗപദിയുടെ അഭാവത്തിൽ അഞ്ചുപേരും അനുഭവിക്കുന്ന സംഘർഷങ്ങൾ പലവിധ ഭാവഹാവാദികളോടെ ദ്രൗപദിയോടേറ്റുമുട്ടുന്നു. നിപുണതയോടെ അവരനുഭവിക്കുന്ന പലവിധ നോവുകളുടെ ആഴം സീമാതീതമായി വരച്ചുകാണിക്കുവാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭൂമിയിൽ ധർമ്മ സംസ്ഥാപനാർത്ഥം പഞ്ച പാണ്ഡവരുടെ ഭാര്യയായി എന്നതിനാൽ ഐവരോടും പൊരുത്തക്കേടുകൾക്കിടയിലും സമരസപ്പെടുവാൻ അവർ തയ്യറാവുന്നു. വിയോജിപ്പിനേയും യോജിപ്പാക്കി മാറ്റുന്ന അസാധാരണ വൈഭവം ഈ ശക്തയായ കഥാപാത്രത്തിലൂടെ അഭിദർശിക്കാം.





സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരം മാത്രമല്ല പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌. സ്ത്രീ, ആര്യവനിത, രാജ്ഞി എന്നിങ്ങനെയുള്ള ഇടുങ്ങിയ വേലിക്കെട്ടുകൾ ഭേദിച്ച്‌ വയസ്സ്‌, വർഗ്ഗം‌, ജാതി, മുതലായ വിഭാഗീയതകള്‍ തകർത്ത്‌ മുന്നോട്ടു വരുന്ന മാനവികതയാണത്‌. മഹാഭാരതത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ദ്രൗപദിയാണ്‌ ` പ്രതിഭാറായിയുടേത്‌. അവൾ അടിച്ചമർത്തപ്പെട്ടവരുടെ ,മൗനങ്ങളുടെ രസനയാകുന്നു. പ്രതികൂലാവസ്ഥയിലും നിർഭയത്വവും , ധീരതയും കാഴ്‌ച വെച്ച ദ്രൗപദി സ്ത്രീ വർഗ്ഗത്തിനു തന്നെ അഭിമാനമാണ്‌. നീതി ലഭിക്കേണ്ട ഈ ലോകത്ത്‌ ദ്രൗപദിയെ അറിയുകയും, പഠിക്കുകയും ആവശ്യമാണ്‌. വെറും വായനയല്ല. പല തലങ്ങളിലൂടേയും ,സൂക്ഷ്മനിരീക്ഷണത്തോടെ അപഗ്രഥനാത്മകമാക്കണം. സ്ത്രീകൾ കരുത്തുറ്റവരും ,നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ ലോകത്തിനു ദീപവുമായിരിക്കണം. നിത്യവും ലോകത്തിലെല്ലായിടത്തും , മനുഷ്യനുള്ളിലും, പുറത്തുമൊരു കുരുക്ഷേത്രയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. എല്ലാവിധ അന്യായങ്ങൾക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെ ദ്രൗപദിയെ പോലെ പോരാടാനുള്ള കരുത്ത്‌ സജ്ജമാക്കുക. എന്നേ ഹൃദയത്തിൽ അവരോധിച്ച ദ്രൗപദിയുടെ കരുത്തിനിപ്പോൾ മാറ്റ്‌ കൂടിയിരിക്കുന്നു. വായനയുടെ അന്ത്യത്തിൽ നീറിപിടിക്കുന്ന ഒരു നോവാകുമ്പോഴും , കടുത്ത മഞ്ഞായും, മഴയായും, വേനലായും .......വ്യത്യസ്ത ഭാവപ്പകർച്ചകളുടെ ശക്തിസ്രോതസ്സായി ദ്രൗപദി എന്റെ മനസ്സിന്റെ മുറ്റത്ത്‌ അഭൗമപ്രഭയോടെ നിറഞ്ഞു നിൽക്കുന്നു.

No comments:

Post a Comment